റോഡ് സെൻ–സ് അഥവാ ബുദ്ധി–സം !

Illustration : A K Girish

ജപ്പാനിൽ റോഡരികിലൂടെ ധ്യാനിച്ചു നടന്ന സെൻ ഗുരുവിനെ സൈക്കിളിടിച്ചു ! റോഡിൽ വീണുപോയ സെൻ ഗുരു തന്റെ അരികിൽ മറിഞ്ഞു കിടക്കുന്ന സൈക്കിളിനോടു ചോദിച്ചു.. എന്താണ് സംഭവിച്ചത് ?  ഞാൻ നിന്നെ ഇടിച്ചതാണോ ? അതോ നീ എന്നെ ഇടിച്ചതോ ? സൈക്കിൾ ഇടിപ്പിച്ച പെൺകുട്ടി പറഞ്ഞു... ഇടിപ്പിച്ചത് ഞാനാണ്.  ഗോമെൻ നസായി.. 

സെൻ ഗുരു ചിരിച്ചു കൊണ്ടു പറഞ്ഞു.. വളരെ നന്നായി. ഗോമെൻ നസായി എന്നതിനു ജാപ്പനീസ് ഭാഷയിൽ സോറി എന്ന് അർഥം. മലയാളത്തിലെ ഒരു യുവ നടിയുടെ സൈക്കിളായിരുന്നു സെൻ ഗുരുവിനെ ഇടിച്ചു താഴെയിട്ടത്.  ആ നടിയും കൂട്ടുകാരനായ നടനും കൂടി  ജപ്പാനിൽ അവധിയാഘോഷിക്കാൻ എത്തിയതായിരുന്നു. അവർ പ്രണയത്തിലായിരുന്നു. കുറെ നാളായി ഷൂട്ടിങ്ങിന്റെ തിരക്കിലൊക്കെപ്പെട്ടു പോയ അവർ കിട്ടിയ ചാൻസിൽ ആരെയും അറിയിക്കാതെ മുങ്ങിയതായിരുന്നു. അധികം തിരക്കൊന്നുമില്ലാതെ, ടൂറിസ്റ്റുകൾ അത്രയൊന്നും എത്താത്ത ആ നഗരത്തിലേക്ക്..സൈക്കിളുകളുടെ നാടായിരുന്നു അത്. ചെറുപ്പക്കാർ മുതൽ പ്രായമുള്ള മുത്തശ്ശിമാർ മുതൽ സൈക്കിളിൽ‌ കറങ്ങി നടക്കുന്ന കാഴ്ച കണ്ട് ആവേശം പിടിച്ച് നടനും നടിയും രണ്ടു സൈക്കിളുമെടുത്തു നഗരം ചുറ്റാനിറങ്ങിയതാണ്.

രണ്ടാളും കുറെ ദൂരം സമാന്തരമായി സൈക്കിൾ ഓടിച്ചു. പിന്നെ പരസ്പരം കൈ കോർത്ത് ഓടിച്ചു ബാലൻസ് പരീക്ഷിച്ചു. അന്നേരമാണ് ദൂരെ ഒരു ഐസ്ക്രീം ഷോപ്പിന്റെ ബോർഡ് വിളിക്കുന്നതു കണ്ടത്. അതു കണ്ടതോടെ നടന്റെ കൈവിടുവിച്ച് ആദ്യമെത്താനായി നടി കോംപെറ്റീഷനിൽ സൈക്കിളോടിച്ചപ്പോഴായിരുന്നു അപകടം. ഇടിയേറ്റു വീണ സെൻ ഗുരു താഴെ നിന്ന് എഴുന്നേൽക്കാൻ തയാറാകുന്നില്ല.  സംഭവം കണ്ട് മെല്ലെ ആളുകൾ കൂടാൻ തുടങ്ങി. 

ഗുരുവിന്റെ ബാലൻസ് തെറ്റി വീണതാണെന്ന് നടനും നടിയും ഇംഗ്ളീഷിൽ പല രീതിയിൽ പറഞ്ഞിട്ടും ജബ.. ജബാ.. !  ആർക്കും ഇംഗ്ളീഷ് അറിയില്ല.  നടന്റെയും നടിയുടെയും വെപ്രാളം കണ്ട് ആളുകൾ കരുതിയത് അവർ സെൻ ഗുരുവിനെ സൈക്കിൾ ഇടിപ്പിച്ചു കൊല്ലാൻ നോക്കിയതാണെന്നാണ്.   ഇംഗ്ളീഷ് അത്യാവശ്യം മനസ്സിലാകുന്ന ഗുരുവാകട്ടെ ഒന്നും മിണ്ടാതെ നിലത്തു കിടക്കുകയാണ് !

നടനും നടിയും ഗുരുവിന്റെ അടുത്ത് ചെന്ന് നിലത്തിരുന്നു. എന്നിട്ടു വീണ്ടും പറഞ്ഞു.. ഗോമെൻ നസായി.. ഞങ്ങൾ‌ മോഹൻലാലിന്റെ നാട്ടിൽ നിന്നു വരുന്ന ലവേഴ്സാണ് !  സെൻ ചോദിച്ചു.. മോഹൻലാലു ? അതാരാ.. ? നടൻ ഫോണിൽ യുട്യൂബിൽ യോദ്ധായിലെ ഗാനരംഗം എടുത്തു കാണിച്ചു... പടകാളി ചങ്കിച്ചങ്കരി... സെൻ ഗുരുവിനെ വിരട്ടാനെന്ന പോലെ നടി പറഞ്ഞു... ഇന്ത്യൻ സമുറായി ! എന്റെ അമ്മയുടെ ജ്യേഷ്ഠന്റെ മകനാണ്..

സെൻ ഗുരു പറഞ്ഞു.. ഫൈറ്റ് ചെയ്യുന്നതിനൊപ്പം പാട്ടും പാടുമോ !  അപാരം ! എന്തു പറഞ്ഞിട്ടും  ഗുരു റോഡിൽ നിന്ന് എഴുന്നേൽക്കുന്നില്ല. ഗുരു എഴുന്നേൽക്കാതെ നടനെയും നടിയെയും അവിടെ നിന്നു വിടില്ലെന്ന മട്ടിൽ ആളുകളും ചുറ്റും നിൽക്കുകയാണ്.

നടി ചോദിച്ചു.. അങ്ങേയ്ക്കു പരുക്കൊന്നും പറ്റിയില്ലല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് റോഡിൽനിന്ന് എഴുന്നേൽക്കാത്തത് ? സെൻ ഗുരു പറഞ്ഞു.. ഇനിയെപ്പോഴെങ്കിലും വണ്ടിയിടിച്ചു വീഴുന്നത് ഒഴിവാക്കാനായി ഞാൻ ഇപ്പോഴേ വീണു കിടക്കുകയാണ്. നടൻ ചോദിച്ചു.. വാഹനാപകടങ്ങൾ ഒഴിവാക്കാൻ എന്തു ചെയ്യണം ?സെൻ ഗുരു പറഞ്ഞു..  റോഡിൽ മറ്റ് വണ്ടികൾ ഒന്നും ഇല്ലാത്തപ്പോൾ റോഡ് നിങ്ങളുടെ സ്വന്തമാണെന്ന് കരുതി വളരെ സൂക്ഷിച്ച് ഉപയോഗിക്കണം. മറ്റു വണ്ടികൾ ഉള്ളപ്പോഴോ എന്നായി അതോടെ നടിയുടെ സംശയം. സെൻ ഗുരു ചിരിയോടെ പറഞ്ഞു.. മറ്റു വണ്ടികൾ ഉള്ളപ്പോൾ റോഡ് നിങ്ങളുടേതല്ല,  മറ്റുള്ളവരുടേതാണെന്ന് വിചാരിച്ച് വളരെ സൂക്ഷിച്ച് ഉപയോഗിക്കണം ! നടനും നടിയും സൈക്കിളെടുത്ത് പോകാൻ തുടങ്ങിയപ്പോൾ സെൻ വിളിച്ചു പറഞ്ഞു.. മോഹൻ ലാലുവിനോട് എന്റെ അന്വേഷണം പറഞ്ഞേക്കൂ.. സെൻ ഗുരു എഴുന്നേൽക്കാതെ റോഡിൽത്തന്നെ കിടന്നു.