സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പണ്ടൊരു കാറുണ്ടായിരുന്നു. വെള്ള അംബാസഡർ. കോഴിക്കോട്ടു നിന്ന് ചില നേതാക്കൾ രാത്രിയിൽ ആ കാറിൽ കണ്ണൂരേക്ക് മടങ്ങുകയാണ്. ചോറോട് എത്തിയപ്പോൾ റയിൽവേ ഗേറ്റ് ക്ളോസ്ഡ്. ഗേറ്റ് തുറന്നപ്പോൾ കാർ മുന്നോട്ടെടുത്തത് വണ്ടിയിലുണ്ടായിരുന്ന മറ്റൊരാൾ. പിന്നെ കൂറേ ദൂരം വണ്ടിയോടിച്ചത് ആ ആളാണ്. രാത്രി എതിരെ നിന്നുള്ള വണ്ടികളുടെ ലൈറ്റ് കണ്ണിൽ കുത്തിക്കേറിയിട്ടും പുതിയ ഡ്രൈവർക്കു കൂസലില്ല. ആക്സിലറേറ്ററിൽ നിന്നു കാലെടുക്കുന്നില്ല. അതേ സ്പീഡിൽ മുന്നോട്ടു ചെല്ലുന്നു. കൂൾ ഡ്രൈവിങ് !
ഇതുപോലെ മണ്ണിറക്കാൻ വന്ന ലോറി ഒരിക്കൽ വീട്ടിലെ പറമ്പിൽ കുടുങ്ങി. റിവേഴ്സ് എടുക്കാൻ ഡ്രൈവർക്കു പേടി. ഇടിച്ചാലോ. വീട്ടുടമസ്ഥൻ ഡ്രൈവിങ് സീറ്റിൽ കയറി റിവേഴ്സ് എടുത്തിട്ട് ഡ്രൈവറോടു പറഞ്ഞു.. ഇനി നേരെ നോക്കി ഓടിച്ചുപോയ്ക്കോ. ഈ ലോറിയിൽ നിന്ന് സർക്കാരിന്റെ ഒന്നാംനമ്പർ വണ്ടിയിലേക്ക് വലിയ ദൂരമില്ല !
മുഖ്യമന്ത്രി പിണറായി വിജയന് ഡ്രൈവിങ് അറിയാമോ എന്നു ചോദിച്ചാൽ ഇതാണുത്തരം. കാറെങ്കിൽ കാറ്, ലോറിയെങ്കിൽ ലോറി, കേരളമെങ്കിൽ കേരളം. എന്തിനും പിണറായി റെഡി ! പക്ഷേ മുഖ്യമന്ത്രിയുടെ ഡ്രൈവിങ് കണ്ടിട്ടുള്ളവർ കുറവാണ്. ‘‘പണ്ട് വിവാഹം കഴിച്ച സമയത്ത് എന്റെ വീട്ടിൽ സ്കൂട്ടറിൽ വന്നിട്ടുണ്ട്. ഇപ്പോൾ ഡ്രൈവിങ് മറന്നു പോയിക്കാണും..’’ ഭാര്യ കമല പറയുന്നു.
ജീവിതത്തിൽ ഇതേവരെ ഒരു വാഹനവും സ്വന്തമായിട്ടില്ലാത്ത പിണറായിക്ക്, മറ്റു പലതിലുമെന്നപോലെ സീറ്റിന്റെ കാര്യത്തിൽപ്പോലും കൃത്യമായ ചിട്ടകളുണ്ട്. പാർട്ടി സമ്മേളനത്തിന് ആളുകൾ കൂടുന്നത് ഇഷ്ടമാണെങ്കിലും കാറിൽ ആൾക്കൂട്ടം തീരെ ഇഷ്ടമല്ല. ഡ്രൈവറെയും ഗൺമാനെയും കൂടാതെ ഒരാൾ കൂടി. അത്രയേ കാണൂ, മുഖ്യമന്ത്രിയുടെ കാറിൽ. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും പണ്ട് ഒരേ ഇഷ്ടമായിരുന്നു, കാറിന്റെയും സീറ്റിന്റെയും കാര്യത്തിൽ ! രണ്ടുപേർക്കും ഇഷ്ടം അംബാസഡർ. രണ്ടു പേരും ഇരിക്കുന്നത് പിൻസീറ്റിൽ ഇടതുപക്ഷത്ത്. അംബാസഡറിൽ യാത്ര ചെയ്തവർ പിന്നെ സിപിഎമ്മിന്റെ അംബാസഡർമാരായി. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എല്ലാവരുടെയും ഫ്രണ്ട് ആയതിനാലാകാം ഫ്രണ്ട്സീറ്റാണിഷ്ടം.
പിണറായി പിന്നീട് അംബാസഡറിൽ നിന്നിറങ്ങി ഇന്നൊവയിലേക്കു മാറിക്കയറി. വിഎസ് കൊറോളയിലും.
സ്പീഡിൽ പോകാനും യാത്ര ചെയ്യുമ്പോൾ പാട്ടു കേൾക്കാനും ഇഷ്ടമുള്ള ആളാണ് മുഖ്യമന്ത്രി. പഴയ ചലച്ചിത്ര ഗാനങ്ങളാണ് കേൾക്കുക.
ബീഡിത്തൊഴിലാളികളുടെ മാത്രമല്ല, പുകവലിക്കുന്നവരുടെ മനസ്സും പിണറായിക്കു നന്നായി മനസ്സിലാകും. കൂടെ യാത്ര ചെയ്യുന്നവർക്ക് ചായ കുടിക്കാൻ മാത്രമല്ല, വേണ്ടി വന്നാൽ പുകവലിക്കാനും വണ്ടി നിർത്തിയ സംഭവങ്ങളുണ്ട്, ഒന്നല്ല, ഒരുപാട് ! സഹയാത്രികർ ഓടിച്ചെന്ന് രണ്ടു പഫ് ആഞ്ഞ് വലിച്ച് സിഗററ്റും വലിച്ചെറിഞ്ഞ് ശ്വാസംവിടാതെ ഓടിക്കയറുമ്പോൾ എസി വണ്ടി പുകവണ്ടിയാകും. സിഗററ്റിന്റെ നല്ല ഗന്ധം.
അപ്പോൾ പിണറായി ഒരു കഥ പറയും.
പണ്ട് കണ്ണൂരിലെ ഒരു പാർട്ടി യോഗം. എ.കെ.ജി, ബസവ പുന്നയ്യ തുടങ്ങിയ നേതാക്കന്മാർ സ്റ്റേജിലുണ്ട്. പിണറായി വിജയൻ സദസ്സിൽ മുൻനിരയിൽ. പിണറായിയുടെ മുഖത്തെ അസ്വസ്ഥത കണ്ട് എകെജിക്ക് കാര്യം മനസ്സിലായി.
ബസവ പുന്നയ്യയുടെ പോക്കറ്റിൽ നിന്ന് ഒരു പാക്കറ്റ് സിഗററ്റ് എടുത്ത് വേദിയിൽ നിന്ന് പിണറായിയുടെ കൈയിലേക്ക് എറിഞ്ഞു കൊടുത്തു എകെജി. ഏറെ നേരമായി കിട്ടാൻ കാത്തിരുന്ന മൂലധനം കൈവന്നതിന്റെ സന്തോഷം പിണറായിക്കും. അന്നൊക്കെ പുകവലിയും ഒളിവു ജീവിതവും പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. നന്നായി സിഗററ്റ് വലിക്കുമായിരുന്നു പിണറായി. ഇത്രയും കേൾക്കുമ്പോൾ കാറിൽ കൂടെയുള്ള പുകവലിക്കാർക്ക് ഒരു പഫിന്റെ സന്തോഷം തോന്നും. അപ്പോൾ പിണറായി പറയും; കഥ തീർന്നില്ല.
ഒരിക്കൽ എംഎൽഎമാരുടെ സംഘം കശ്മീരിനു പോയി. പിണറായി വിജയനും ഉണ്ട്.
യാത്രയ്ക്കിടെ ചർച്ച പുകവലിയായി. സിഗററ്റ് വലി നിർത്തുന്ന കാര്യത്തിൽ ആരോ വെല്ലുവിളിച്ചു. പോക്കറ്റിൽ നിന്ന് ഒരു പാക്കറ്റ് സിഗററ്റ് എടുത്ത് പുറത്തേക്ക് എറിഞ്ഞ പിണറായി പിന്നെ തൊട്ടിട്ടില്ല.. പുകഞ്ഞ കൊള്ളികൾ എന്നും പിണറായിക്കു പുറത്താണല്ലോ.യാത്രയ്ക്കിടെ തടസ്സമുണ്ടായാൽ മുഖ്യമന്ത്രിക്ക് ദേഷ്യമില്ല, അതിനെ മറികടക്കാൻ എന്തു വഴിയെന്നായിരിക്കും ആലോചന. ഈയിടെ മുഖ്യമന്ത്രി രാത്രി കണ്ണൂർക്കു വരുമ്പോൾ മലബാർ എക്സ്പ്രസ് തിരുവല്ല കടന്ന് പോകാൻ കൂട്ടാക്കുന്നില്ല. റയിൽ ട്രാക്കിൽ മരം വീണതാണ്. ബാക്കി യാത്ര കാറിലെന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പെട്ടെന്നായിരുന്നു. പുറപ്പെടുംമുമ്പ് ഒരു കാര്യം ഉറപ്പാക്കി. ട്രെയിൻ എത്തുന്നതിനു മുമ്പ് കാർ കണ്ണൂരിലെത്തണം. എത്തി !
കോഴിക്കോട്ടെ കെഎസ്ഇബി ഓഫിസിൽ ഒരു കൊറോളയുണ്ടായിരുന്നു. റിട്ടയർ ചെയ്യാൻ പ്രായമായ കാറും ഡ്രൈവറുമാണ്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കുമ്പോൾ കോഴിക്കോട്ടെത്തിയാൽ ഈ കാറിലായിരുന്നു യാത്ര. ഒരിക്കൽ ആ കാറിൽ രാത്രിയിൽ മഴയത്ത് വയനാട് ചുരമിറങ്ങുകയാണ്. പേരാവൂരെത്തിയപ്പോൾ പിണറായി ഉറക്കെ വിളിച്ചു പറഞ്ഞു.. വണ്ടി നിർത്തൂ. നോക്കുമ്പോൾ കാർ റോഡിൽ നിന്ന് തെന്നി മാറി കൊക്കയുടെ വക്കിലെത്തി. ഇനീം മുന്നോട്ടുപോയാൽ..
അപകടങ്ങൾ മുൻകൂട്ടിക്കാണാനുള്ള ഈ മൂന്നാം കണ്ണാണ് രാഷ്ട്രീയത്തിലും പിണറായിയുടെ ശക്തി.