ഹെൽമെറ്റിനുള്ളിൽ ഒരു ഹൃദയം

എനിക്ക് ഹെൽമെറ്റ് ഇഷ്ടമല്ല.തലയോട്ടി ചൂടായി മുടിയെല്ലാം പോയി കഷണ്ടിയാകും. വൈഫും ഞാനുമായി സംസാരിക്കുന്നത് ബൈക്കിൽ പോകുമ്പോഴാണ്.ഞാൻ ഹെൽമെറ്റ് വച്ച് ബൈക്ക് ഓടിക്കും. അവൾ പറയുന്നതൊന്നും എനിക്കു കേൾക്കാൻ പറ്റില, നാട്ടുകാരെല്ലാം കേൾക്കുകയും ചെയ്യും.

മുല്ലപ്പൂ എങ്ങനെ ചൂടും ? അതിനു മുകളിൽ കിരീടം വച്ചാൽ പതുങ്ങിപ്പോകില്ലേ.. പൊട്ടും കാണില്ല, കമ്മലും കാണില്ല, ആരും മുഖം പോലും കാണില്ല..വടക്കേ മലബാറിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക തരം പാതിരാക്കാറ്റുണ്ട്. രാത്രിയിൽ പോകുമ്പോൾ അതിങ്ങനെ മുഖത്തും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകും. അതിന്റെയൊരു സുഖം.. ഹെൽമെറ്റ് വച്ചാൽ അനുഭവിക്കാനേ പറ്റില്ല.

ഇങ്ങനെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പല പല അഭിപ്രായങ്ങളാണ്. ഈ ഗ്രൂപ്പിൽപ്പെട്ടയാളായിരുന്നു ആ ചെറുപ്പക്കാരനും.മൊബൈൽ ഫോൺ കമ്പനിയുടെ സെയിൽസ് മാനേജരായിരുന്നു.ആദ്യം കിട്ടിയ ജോലി. ആദ്യ ശമ്പളത്തിനു വാങ്ങിയ ബൈക്ക്.

ഹെൽമെറ്റ് ഇഷ്ടമല്ലായിരുന്നു. അതൊഴിവാക്കാൻ വേണ്ടി ഷോർട്ട്കട്ടുകളിലൂടെ മാത്രം യാത്ര ചെയ്തു. ചിലപ്പോഴൊക്കെ ഹൈവേ പൊലീസിന്റെ മുന്നിൽച്ചെന്നുപെട്ടു, പെറ്റിയടിച്ചു, അതിനെതിരെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു...

അപകടത്തിൽപ്പെട്ടാണ് ആൾ മരിച്ചത്. ഒരു വർഷം മുമ്പ്, ഒരു ജൂലൈയിലെ മഴയത്ത് റോഡിൽ സ്കിഡ് ചെയ്തു വീണായിരുന്നു അപകടം. പിന്നാലെ വന്ന വാഹനങ്ങൾ ഒന്നോ രണ്ടോ, അതിലധികമോ കയറിയിറങ്ങി.

അച്ഛന്റെയും അമ്മയുടെയും ഏക മകനായിരുന്നു.അവർക്കു കാണാൻ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല.ആ അച്ഛനും അമ്മയും ഇപ്പോഴും കോട്ടയം ജില്ലയിൽ ജീവിച്ചിരിപ്പുണ്ട്.മകന്റെ മരണം ഏറ്റവും അധികം കൊണ്ടത് ആ അമ്മയുടെ നെഞ്ചിലാണ്.

ഒരുപാടു വാഹനങ്ങൾ പോകുന്ന വഴിയരികിലാണ് അവരുടെ വീട്.എന്നും രാവിലെ ആ അമ്മ ഗേറ്റിനു പുറത്ത് വന്നു നിൽക്കും.ഹെൽമെറ്റ് വയ്ക്കാതെ ബൈക്കിൽ പോകുന്നവരെക്കണ്ടാൽ കൈ കാണിക്കും. ബൈക്ക് നിർത്തിയാൽ ആളെ അടുത്തേക്കു വിളിക്കും.അടുത്തു വന്നാലുടൻ മുഖത്ത് ഒറ്റയടി !പിന്നെ ആ അമ്മ പൊട്ടിക്കരയും : എന്റെ മോനെപ്പോലെ നീയും പോവുകാ..?സമ്മതിക്കില്ല ഞാൻ..

അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തിൽ പലരും ഞെട്ടിപ്പോകും. അമ്മയുടെ പ്രായമുള്ള സ്ത്രീയാണ്. എന്തു ചെയ്യാനാണ് ! ചിലർ ബഹളം വയ്ക്കും, കാര്യം അറിയുമ്പോൾ സങ്കടത്തോടെ ഒന്നും മിണ്ടാതെ തിരിച്ചു പോകും.

മകനു ബൈക്ക് വാങ്ങാൻ പണം തികയാതെ വന്നപ്പോൾ അമ്മ സ്വന്തം ആഭരണങ്ങൾ എടുത്തു കൊടുത്തിരുന്നു, അച്ഛൻ പോലും അറിയാതെ..ആ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിൽ മകന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അറിഞ്ഞതോടെ അമ്മയുടെ നിലതെറ്റി. മകന്റെ മരണത്തിനു കാരണം താനാണെന്ന സങ്കടം എത്ര മരുന്നു കൊണ്ടും മായ്ക്കാൻ കഴിയാത്ത കറ പോലെ പതിഞ്ഞു കിടക്കുന്നുണ്ട് ആ അമ്മമനസ്സിൽ.

ബൈക്ക് സ്പീഡിൽ ഓടിക്കുന്നവരോടും ഹെൽമറ്റ് വയ്ക്കാത്തവരോടുമുള്ള ദേഷ്യമായി അതു മാറി. ആ ദേഷ്യം റോഡിലേക്കിറങ്ങി. ബൈക്ക് ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശകാരിക്കാനും ശിക്ഷിക്കാനും തുടങ്ങി.

അച്ഛൻ ഒരുപാടു ശ്രമിച്ചു നോക്കി, ഉപദേശിച്ചു, തടഞ്ഞുനോക്കി, എന്നിട്ടും മാറാതെ വന്നപ്പോൾ വീട്ടിൽ നിന്ന് അവരെ പുറത്തിറക്കാതെ നോക്കി.കുറെ ഡോക്ടർമാർ, പലതരം മരുന്നുകൾ..

ഒടുവിൽ മനസ്സിനെ ചികിത്സിക്കുന്ന ഡോക്ടർ ഒരു വഴി നോക്കാൻ തീരുമാനിച്ചു: ഹെൽമെറ്റ് ചികിത്സ.ബൈക്ക് ഓടിക്കുന്നവർക്ക് ആ അമ്മയെക്കൊണ്ടുതന്നെ ഹെൽമെറ്റ് കൊടുപ്പിക്കുക. അങ്ങനെ മെല്ലെ മെല്ലെ ആ മനസ്സ് ശാന്തമാവും, മകന്റെ ദുരന്തം മറക്കാൻ തുടങ്ങും, എന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.

അച്ഛൻ കുറെ ഹെൽമെറ്റുകൾ വാങ്ങി വച്ചിട്ടുണ്ട്.അപ്രതീക്ഷിതമായി ഹെൽമെറ്റ് സമ്മാനമായി കിട്ടുമ്പോൾ ചിലരൊക്കെ സ്വീകരിക്കാൻ മടിച്ചു.

ഒടുവിൽ വിവരം അറിയുമ്പോൾ സ്നേഹപൂർവം സ്വീകരിക്കുന്നു.ഹെൽമെറ്റിനുള്ളിൽ തല മാത്രമാണെന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്. ഈ ഹെൽമെറ്റിനുള്ളിൽ ഒരു അമ്മയുടെ വിങ്ങുന്ന ഹൃദയമാണുള്ളത്.. !