വിദേശ നിർമിത വസ്തുക്കളോടു നമുക്കു പ്രത്യേകിച്ചൊരു താൽപര്യമുണ്ട്. ഉന്നത നിലവാരം തന്നെയാണ് കാരണം. വാഹനലോകത്തും മറിച്ചല്ല. വില കൂടുതലാണെങ്കിലും വിദേശ നിർമിത വാഹനങ്ങൾക്ക് ഇന്നു ഡിമാൻഡ് കൂടി വരികയാണ്. നിർമാണ നിലവാരം, ഫീച്ചറുകൾ, സുരക്ഷ എന്നിവയിലെല്ലാം വിദേശ കമ്പനികൾ കാതങ്ങൾ മുന്നിലാണല്ലോ. എന്നാൽ വിദേശ മോഡലുകളോടു കിടപിടിക്കാൻ തങ്ങളെക്കൊണ്ടും സാധിക്കും എന്നു ടാറ്റ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഹെക്സയിലൂടെയും ടിയാഗോയിലൂടെയും കാട്ടിത്തന്ന നിർമാണ നിലവാരം ഒരുപടി ഉയർത്തിയിരിക്കുകയാണ് നെക്സൺ എന്ന കോംപാക്ട് എസ്‌യുവിയിലൂടെ. ബ്രെസയും ഇക്കോസ്പോർട്ടും ഡബ്ല്യു ആർവിയുമൊക്കെ തകർത്താടുന്ന വിഭാഗത്തിൽ കടുത്ത വെല്ലുവിളിയാണ് നെക്സൺ ഉയർത്തുന്നത്.
ഡിസൈൻ
ഇതേതു വണ്ടി എന്നു രണ്ടാമതൊന്നു നോക്കുന്ന ഡിസൈൻ. കൊള്ളാമല്ലോ എന്നു പറയിപ്പിക്കുന്ന എടുപ്പ്. നെക്സണിന്റെ കാഴ്ചയിലെ മേന്മകളിതൊക്കെയാണ്. എസ്‌യുവിടെയും കൂപ്പെയുടെയും സങ്കലനം മൊത്തം ഡിസൈനിൽ കാണാം. ടാറ്റയുടെ മറ്റു മോഡലുകളെപ്പോലെ ‘പുഞ്ചിരിക്കുന്ന ഗ്രില്ല്’ തന്നെയാണ് നെക്സണിനും. വലിയ വീലുകളും വീൽ ആർച്ചുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കരുത്തൻ ഫീൽ നൽകുന്നു. 16 ഇഞ്ച് അലോയ് വീലുകളാണ്. ബൂട്ട് ഡോറിലും ജനാലകൾക്കു ചുറ്റിലും ഫോഗ്‌ലാംപിലുമൊക്കെ നൽകിയ സിറാമിക് പോലുള്ള ഫിനിഷ് ഡിസൈനിൽ വേറിട്ടു നിൽക്കുന്നു.
Tata Nexon | Test Drive Review | Malayalam | Manorama Online
ഇരുവരിലും നീളവും ഉയരവും കൂടുതൽ ഇക്കോസ്പോർട്ടിനാണ്. വീതി കൂടുതൽ നെക്സണിനും. ഇക്കോസ്പോർട്ടിന്റെ ഡിസൈനിൽ കാര്യമായ ഉടച്ചു വാർക്കലില്ല. എങ്കിലും ഗ്രില്ലിൽ വരുത്തിയ മാറ്റം എടുപ്പു കൂട്ടി. പക്കാ എസ്‌യുവി ലുക്കാണ് ഇക്കോസ്പോർട്ടിന്റെ ഹൈലൈറ്റ്. സ്റ്റെപ്പിനി പിൻഡോറിൽ ഇണക്കിയതും മുന്നിലെ സ്കിഡ് പ്ലേറ്റും എസ്‌യുവിത്തം കൂട്ടുന്നു. പതിനാറിഞ്ചു വീലാണ് (ഒാട്ടമാറ്റിക് മോഡലിൽ 17 ഇഞ്ച്). പ്രൊജക്ടർ ഹെഡ്‌ലാംപാണ് രണ്ടുപേർക്കും.
ഇന്റീരിയർ
ലോഗോയില്ലെങ്കിൽ തിരിഞ്ഞും മറിഞ്ഞും നോക്കിയാലും നെക്സൺ ടാറ്റയുടേതാണെന്നു വിശ്വസിക്കാൻ അൽപം സമയമെടുക്കും. അത്ര മികച്ച നിലവാരത്തിലാണ് അകം രൂപകൽപന ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക്, ഫാബ്രിക് ക്വാളിറ്റി കൊള്ളാം. ഡാഷിലെയും ഡോർപാഡിലെയും ഇൻസേർട്ടുകളും ക്രോം ടച്ചുകളും നിലവാരം കൂട്ടുന്നു. നടുവിനും വശങ്ങൾക്കും നല്ല സപ്പോർട്ട് നൽകുന്ന മുൻസീറ്റുകൾ. തോളിനുള്ള സപ്പോർട്ട് ഇക്കോസ്പോർട്ടിനെ അപേക്ഷിച്ച് കുറവാണ്. ഹെഡ് റൂമും ലെഗ് സ്പേസും വേണ്ടുവോളമുണ്ട്. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. 6.5 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണ്. എട്ടു സ്പീക്കറോടുകൂടിയ ഹാർമന്റെ മ്യൂസിക് സിസ്റ്റം കിടു. നാവിഗേഷനും ആപ്പിൾ കാർപ്ലേയുമില്ല. ആൻഡ്രോയ്ഡ് ഒാട്ടോ സംവിധാനമുണ്ട്.
ഡൈനാമിക് ഗൈഡ് ലൈനോടുകൂടിയ റിയർ വ്യൂ ക്യാമറ നെക്സണിലേയുള്ളൂ. പാർക്ക് സെൻസർ രണ്ടുപേർക്കുമുണ്ട്. ഡാഷ്ബോർഡ് കാര്യമായിത്തന്നെ പരിഷ്കരിച്ചിട്ടുണ്ട് ഇക്കോസ്പോർട്ടിൽ. 8.0 ഇഞ്ചിന്റെ വലിയ ടച് സ്ക്രീൻ നാവിഗേഷൻ സിസ്റ്റമാണ് അകത്തെ ഹൈലൈറ്റ്. ആൻഡ്രോയ്‍് ഒാട്ടോ, ആപ്പിൾ കാർ പ്ലേ, നാവിഗേഷൻ എന്നിവയുമുണ്ട്. വോയിസ് കമാൻഡ് സംവിധാനം മികച്ചത്. നെക്സണിനെക്കാളും തൈ സപ്പോർട്ടുള്ള മുൻസീറ്റുകളാണ്. തുകൽ പൊതിഞ്ഞ സ്റ്റിയറിങ് വീലിന്റെ ഉയരവും അകലവും ക്രമീകരിക്കാം. നെക്സണിൽ ഉയരം മാത്രമേ ക്രമീകരിക്കാൻ കഴിയൂ. ഫിറ്റ് ആൻഡ് ഫിനിഷ് മികച്ചത്. എങ്കിലും കട്ടികൂടിയ പ്ലാസ്റ്റിക്കും അതിന്റെ ടെക്സ്ചറും മനം മടുപ്പിക്കും.
പിൻസീറ്റ്/ സ്പേസ്
പിൻനിരയിൽ ഇടം കൂടുതൽ നെക്സണിനാണ്. നല്ല കുഷനുള്ള സപ്പോർട്ടീവായ സീറ്റ്. റൂഫ് ലൈൻ പിന്നിലേക്കു താഴ്ന്നിറങ്ങുന്നതിനാൽ ഹെഡ്റൂം കുറവാണെന്ന പുറം കാഴ്ചയിൽ തോന്നും. എന്നാൽ അകത്ത് ആറടിക്കാർക്കും തല മുകളിലിടിക്കാതെ ഇരിക്കാം. മുൻസീറ്റ് പൂർണമായി ഇറക്കിയിട്ടാലും കാൽമുട്ട് മുൻസീറ്റിലിടിക്കാതെ ഇരിക്കാമെന്നത് നെക്സണിന്റെ പ്ലസ് പോയിന്റാണ്. വീതിയുള്ളതിനാൽ മൂന്നുപേർക്കു സുഖമായി ഇരിക്കാം. എസി വെന്റുണ്ട് പിൻനിരയ്ക്ക്. 12 വോൾട്ട് പവർ സോക്കറ്റ് സീറ്റിനു പിന്നിലായി നൽകിയിട്ടുണ്ട്.
ഇക്കോസ്പോർട്ടിന്റെ പിൻനിരയിൽ ഹെഡ് റൂം ലാവിഷാണെങ്കിലും ലെഗ്സ്‌പേസ് കുറവാണ്. തൈ സപ്പോർട്ടും ഇരിപ്പുസുഖവും കൂടിയ സീറ്റുകളാണ്. പരിഷ്കാരങ്ങൾ വരുത്തിയിട്ടും പിന്നിൽ എസി വെന്റ് നൽകിയിട്ടില്ലെന്നതു പോരായ്മയാണ്. നെക്സണിനെക്കാളും സ്റ്റോറേജ് ഇടങ്ങൾ കൂടുതലുള്ളത് ഇക്കോസ്പോർട്ടിലാണ്.
എൻജിൻ/ ഡ്രൈവ്
110 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റർ മൂന്നു സിലിണ്ടർ ടർബോചാർജ്ഡ് എൻജിനാണ് നെക്സണിലുള്ളത്. കൂടിയ ടോർക്ക് 1750-4000 ആർപിഎമ്മിൽ 170 എൻഎം. മൂന്നു ഡ്രൈവ് മോഡുകളുണ്ട്. സിറ്റി, ഇക്കോ, സ്പോർട്ട്. സ്റ്റാർട്ടിങ്ങിൽ വളരെ ശാന്തനാണ്. ഈ ശാന്തത പെർഫോമൻസിലും വന്നുചേർന്നു എന്നതാണ് പ്രശ്നം. കരുത്തു പോരാ എന്ന ഫീലാണ് നൽകുന്നത്. മാത്രമല്ല, പവർഡെലിവറി അത്രസ്മൂത്തല്ല. ലോങ് ത്രോയുള്ള ആറ് സ്പീഡ് ട്രാൻസ്മിഷനാണ്. മാറ്റങ്ങൾ വളരെ സ്മൂത്ത്.
കരുത്തേറിയ 1.5 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനാണ് ഇക്കോസ്പോർട്ടിന്റെ തുറുപ്പുചീട്ട്. ഡ്രാഗൺ എന്നു വിളിക്കുന്ന ഈ എൻജിന്റെ കൂടിയ കരുത്ത് 123 ബിഎച്ച്പിയാണ്. പക്കാ റിഫൈൻഡാണ് എൻജിൻ. െഎഡിലിങ് ശബ്ദം കേട്ടാൽ ഇതൊരു മൂന്നു സിലിണ്ടർ എൻജിനാണെന്നു പറയില്ല. സ്മൂത്തായ കിടിലൻ പവർ ഡെലിവറി. അഞ്ചു സ്പീഡ് ട്രാൻസ്മിഷനാണ്. മാറ്റങ്ങൾ ലളിതം. യാത്രാസുഖത്തിന്റെ കാര്യത്തിൽ നെക്സൺ ആണു സ്കോർ ചെയ്യുന്നത്. മികച്ച റോഡ് ഗ്രിപ്പും വളവുകളിലെ നിയന്ത്രണവും എടുത്തു പറയാം. കുണ്ടും കുഴികളിലുമൊക്കെ അത്യാവശ്യം വേഗത്തിൽ പോയാലും അത്ര ഉലച്ചിൽ അനുഭവപ്പെടില്ല. ഇക്കോസ്പോർട്ടിനെക്കാളും ബോഡിറോൾ കുറവ് നെക്സണിനാണ്.
സ്റ്റിയറിങ് ഫീഡ്ബാക്കിൽ ഇക്കോസ്പോർട്ട് മികച്ചതെന്നു എടുത്തു പറയേണ്ട കാര്യമില്ല. പക്ഷേ, നെക്സൺ അവിടെ ഒപ്പത്തിനൊപ്പമുണ്ട്. കൃത്യതയുള്ള സ്പോർട്ടിയായ സ്റ്റിയറിങ് നെക്സണിലെ ഡ്രൈവ് രസമുള്ളതാക്കുന്നു.
സുരക്ഷ
രണ്ട് എയർബാഗുകളുണ്ട് ഇരുവർക്കും. എബിഎസ് ഇബിഡി എന്നിവ രണ്ടിലും അടിസ്ഥാന സൗകര്യങ്ങളാണ്.
ടെസ്റ്റേഴ്സ് നോട്ട്
നിർമാണമികവിലും ഇന്റീരിയർ നിലവാരത്തിലും നെക്സൺ ഇക്കോസ്പോർട്ടിന്റെ ഒപ്പമോ അൽപം മുകളിലോ നിൽക്കുന്നു. അകത്തെ ഇടത്തിലും നെക്സണിനു തന്നെയാണ് മുൻതൂക്കം. യാത്രാസുഖവുത്തിലും റോഡ് ഗ്രിപ്പിലും നെക്സൺ ആധിപത്യം നേടുന്നു. എൻജിൻ റിഫൈൻമെന്റിലും പെർഫോമൻസിലുമാണ് ഇക്കോസ്പോർട്ട് സ്കോർ ചെയ്യുന്നത്.