വിമാന ജാലകങ്ങൾക്ക് എന്തു കൊണ്ട് വൃത്താകൃതി ?

DeHavilland Comet Square Windows

പലമോഡലുകളിലും പല പേരുകളിലുമുള്ള വിമാനങ്ങളുണ്ടെങ്കിലും ഇവയുടെയെല്ലാം വിന്റോകൾ വൃത്താകൃതിയിൽ മാത്രം എന്തുകൊണ്ടാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവയ്ക്ക് വിമാനത്തിന്റെ സുരക്ഷയുമായി കാര്യമായ ബന്ധമുണ്ട്. നേരത്തെ വിമാന ജനാലകൾ ചതുരാകൃതിയിലായിരുന്നു. ചതുരജനാലകൾക്കു പകരം വൃത്താകൃതിയിലുള്ള ജനാലകൾ വിമാനത്തിൽ സ്ഥാനം പിടിച്ചി‌ട്ട ഏറെക്കാലമായിട്ടില്ല. ചരുതാകൃതിയിലുള്ള ജാലകം വൃത്തത്തിന് വഴിമാറിക്കൊടുത്തത് എന്തുകൊണ്ട്?

Windows Stress Graph

ലോകത്തിലെ ആദ്യത്തെ കോമേഴ്സ്യൽ ജെറ്റ് എയർലൈനറായ ഡിഹാവിലാന്റ് കോമറ്റ് 1952 ൽ സര്‍വീസ് തുടങ്ങിയതോടെയാണ് വിമാന യാത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വന്നുതുടങ്ങിയത്. യാത്രാവിമാനങ്ങളുടെ ജനപ്രീതിയും എണ്ണവും വർധിച്ചതോടു കൂടി വിമാനങ്ങൾ കൂടുതൽ ഉയരത്തിൽ പറക്കുവാൻ തുടങ്ങി. അതോടുകൂടിയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്തരീക്ഷമർദം കൂടുതലുള്ള കീഴ്പാളികളെ അപേക്ഷിച്ച് മേൽപാളികളിൽ മർദം കുറവായതിനാൽ ഇന്ധനചിലവു കുറക്കാനും വേഗത കൂട്ടാനും സാധിക്കുന്നതിലാകുമെന്നതിലാണ് ഇത്തരമൊരു നീക്കം. എന്നാൽ കോമറ്റിന് സംഭവിച്ച രണ്ട് അപകടങ്ങളാണ് വിമാന നിർമ്മാതാക്കളെ ചിന്തിപ്പിച്ചത്. അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചത് ജനാലകളിലും. ചതുര ജനാലകളുടെ വശങ്ങളിൽ കൂടുതൽ മർദ്ദം വരുന്നതുമൂലം വിമാനം തകരാനുള്ള സാധ്യത കൂടുതലാണെന്നാണ് അന്ന് കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള ജനാലകൾ ഉപയോഗിക്കുന്നതിനു പിന്നിലും ഈ തത്വമാണ് അടിസ്ഥാനം.

Aircraft Accident

ക്യാബിനുള്ളിലെ വായുമർദവും വിമാനത്തിനു പുറത്തെ വായുമർദവും തമ്മിലുള്ള അന്തരം ഉയരം വർധിക്കുന്നതിനനുസൃതമായി കൂടുന്നു. വായുമർദത്തിലുണ്ടാകുന്ന ഇത്തരം വ്യതിയാനം ഫലപ്രദമായി പ്രതിരോധിക്കാൻ വൃത്താകൃതിയിലുള്ള ജനാലകൾക്കു കഴിയുന്നു. ഇതിനു പുറമെ മറ്റൊരു കാരണവും വൃത്താകൃതിയിൽ ജനാലകൾ നൽകുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വായുമർദ്ദത്തിനനുസരിച്ച് വിമാനത്തിന്റെ പുറംഭാഗത്തുണ്ടാകുന്ന മർദ്ദം വർദ്ധിക്കുന്നു ചതുരാകൃതിയിലുള്ള ജനാലകളുടെ അഗ്രം മർദ്ദത്തിന്റെ തോത് കൂട്ടുന്നു ഇത് അപകടകാരണമാകുന്നു എന്നാണ് കണ്ടെത്തൽ. എന്നാൽ വൃത്താകൃതി മർദ്ദം കൂട്ടുന്നില്ല എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന മർദ്ദം മൂലമുണ്ടാകുന്ന വികാസം അതിജീവിക്കുന്നതിനും വൃത്താകൃതിയിലുള്ള ജനാലകളാണ് മികച്ചത്.

വായുവിനെ പിളർന്ന് മുന്നേറാനും ഇത്തരം ജനാലകൾ സഹായിക്കുന്നുണ്ട്. വായുസഞ്ചാരം വൃത്താകൃതിയിലുള്ള ജനാലകൾ സുഗമമാക്കുമ്പോൾ ചതുരാകൃതിയിലുള്ള ജനാലകൾ വായുസഞ്ചാരം ദുഷ്കരമാക്കുന്നു. വായുമർദ്ദം അതിജീവിക്കുന്നതിനായി ജനാലകൾ മാത്രമല്ല ക്യാബിനും വ‍ൃത്താകൃതിയിലാണു രൂപകൽപന ചെയ്തിരിക്കുന്നത്.