Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നത്തെ ആഗ്രഹം ഇന്നത്തെ ആക്രി

India An Unmarked Anniversary

അപ്പൂപ്പനായാലും മരിച്ചാൽ ഫോട്ടോ ഫ്രെയിം ചെയ്തു ചുവരിലിരിക്കും. ചിലപ്പോൾ പ്ളാസ്റ്റിക് പൂമാലയിട്ടിരിക്കും, അല്ലെങ്കിൽ ഒരു സീറോ വാട്ട് ബൾബ് മങ്ങി കത്തുന്നുണ്ടാവും. മുതുമുത്തപ്പനായാലും വൻകിട കമ്പനിയായാലും കാലംകഴിഞ്ഞാൽ ഇത്രയേയുള്ളൂ.

അരനൂറ്റാണ്ട് ഇന്ത്യൻ റോഡുകൾ അടക്കിവാണ അംബാസഡർ ബ്രാൻഡിനെ വെറും 80 കോടി രൂപയ്ക്ക് ഹിന്ദുസ്ഥാൻ മോട്ടോഴ്സ്  വിറ്റൊഴിവാക്കിയില്ലേ? ഫ്രഞ്ച് കാർ കമ്പനി പൂഷോ എന്തിന് അത്രയും തുക കൊടുത്ത് ഈ ബ്രാൻഡ് സ്വന്തമാക്കി?

പുതിയ സാങ്കേതികവിദ്യയും അംബാസഡറിന്റെ ഏതാണ്ട് രൂപസാമ്യവുമുള്ള കാർ അവർ ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ടത്രെ. നൊസ്റ്റാൾജിയയുടെ അസുഖമുള്ളവരും അംബാസഡർ കാറിൽ കറങ്ങി ശീലമുള്ളവരും അൻപത് വയസ് കഴിഞ്ഞവരുമായ ഇന്ത്യാക്കാർക്ക് ആ ബ്രാൻഡ് ഇന്നും മധുരൊമൊരാവേശം ആയിരിക്കാം.

രാഷ്ട്രീയക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത്. കൂട്ടത്തോടെ ടൊയോട്ട ഇന്നോവയിലേക്കു മാറി. വണ്ടി പൊളിച്ചു വിൽക്കുന്ന ആക്രിക്കാരുടെ ഇഷ്ടവാഹനമായി  അംബാസഡർ! കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫാക്ടറിയുടെ പുഷ്ക്കല കാലത്ത് അംബാസഡർ നിർമ്മിച്ചിരുന്നത് 13000 ജീവനക്കാരുടെ പട്ടാളമായിരുന്നു.

ഉത്പാദനക്ഷമത തീരെ കുറവ്. എൺപതുകളിൽ വൻ ഡിമാൻഡ് ഉണ്ടായിരുന്ന കാലത്തു പോലും വർഷം 24000 കാർ മാത്രമായിരുന്നു ഉത്പാദനം. സുസുക്കിയും മറ്റും വർഷം  ലക്ഷക്കണക്കിനാണ് ഓരോ മോഡലും ഇറക്കിയത്.

2014ൽ ഉത്പാദനം നിർത്തുമ്പോൾ അംബാസഡർ  വർഷം 2300 കാറുകളായി കുറഞ്ഞു. അതിന് 2500 ജീവനക്കാർ. 1900 പേർ വിആർഎസ് വാങ്ങി. അങ്ങനെ 58 വർഷം നീണ്ട അംബാസഡർ ഉത്പാദനം നിലച്ചു. കമ്പനി വൻ നഷ്ടത്തിലായിരുന്നു.

ലോകത്ത് ഏറ്റവും നീണ്ട കാലയളവിലെ ഉത്പാദനത്തിൽ രണ്ടാം സ്ഥാനമാണ് അംബാസഡറിന്. ഒന്നാം സ്ഥാനം 65 വർഷം ഡിമാൻഡ് ഉണ്ടായിരുന്ന ഫോക്സ്‌വാഗൻ ബീറ്റിലിനാണ്. 1957ൽ പഴയ ബ്രിട്ടിഷ് മോഡൽ മോറിസ് ഓക്സ്ഫഡ് കാറിനെ അനുകരിച്ചാണേ അംബാസഡറിന്റെ വരവ്.

പൂഷോയ്ക്ക് തൊണ്ണൂറുകളിൽ ഇന്ത്യൻ വിപണിയിലെത്തി പിൻവാങ്ങിയ ചരിത്രമുണ്ട്. അന്ന് പദ്മിനി ഫിയറ്റ് കാർ നിർമ്മിക്കുന്ന പ്രീമിയർ ഓട്ടമൊബൈൽസുമായിട്ടായിരുന്നു ഇവരുടെ കൂട്ടുകെട്ട്.

നഷ്ടം കുമിഞ്ഞ് 1997ൽ ഉൽപാദനം നിർത്തി. ഇപ്പോൾ അംബാസഡറിന്റെ പഴയ ഉടമകളായ സി.കെ.ബിർല ഗ്രൂപ്പുമായി കൂട്ടുകൂടിയിരിക്കുകയാണ്. കാറിനു പുറമേ പൊതുവിപണിക്കു വേണ്ടി എൻജിൻ ഭാഗങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.

അംബാസഡർ പോലെ അന്നത്തെ ആഗ്രഹം ഇന്നത്തെ ആക്രിയായി മാറിയതിന് വേറെയും ഉദാഹരണങ്ങളുണ്ട്. പത്താംക്ളാസ് പാസായാൽ എച്ച്എംടി വാച്ച് സമ്മാനം കിട്ടുമെന്നത് പയ്യൻമാരുടെ സ്വപ്നമായിരുന്നു. പ്രായം നാൽപ്പതുകളുടെ അവസാനം എത്തിയവർ ഇന്നും അതോർക്കുന്നുണ്ടാവും.

എച്ച്എംടിയുടെ അവിനാഷ് ബ്ളൂ ഡയൽ എന്നൊക്കെ സ്വപ്നങ്ങൾക്കു നിറവും രൂപവും ഉണ്ടായിരുന്നു. ഇന്ന് പഴയ എച്ച്എംടി വാച്ചുകൾ കലക്ട് ചെയ്യുന്നവരുണ്ട്.ഇ ബെയിൽ കച്ചവടമാക്കിയാൽ 4000 രൂപ വരെ പുരാവസ്തുവിനു വില കിട്ടുന്നുണ്ടത്രെ.

പൊട്ടിപ്പോയ പഴയ കമ്പനിയെ കുറേ അപ്പൂപ്പൻമാരുടെ ഗൃഹാതുരത്വത്തിന്റെ പേരിൽ പുനരുജ്ജീവിപ്പുക്കാൻ ശ്രമിക്കുന്നതു പലപ്പോഴും മണ്ടത്തരമാണ്. എന്നാൽ വിജയിച്ച കേസുകളുമുണ്ട്. റോയൽ എൻഫീൽഡ്! കമ്പനി പൂട്ടി എസ്ഐമാർ സ്റ്റൈലായി ഓടിച്ചു വന്നിരുന്ന ബുള്ളറ്റ് ഓർമ്മകളിലേക്കു മറയുമെന്ന കാലമായപ്പോഴാണ് റോയൽ എൻഫീൽഡിനെ ഐഷർ കമ്പനി ഏറ്റെടുത്തത്. എസ്ഐമാർ മാത്രമല്ല ന്യൂജൻ പിള്ളേരും എൻഫീൽഡ് ബൈക്കുകൾ ഓടിക്കുന്നു.

സുസുകി കമ്പനി പുതിയ മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ ഒന്നാമതായി തുടരുന്നുണ്ടെങ്കിലും മാരുതി 800 കാർ ഉത്പാദനം നിർത്തിയില്ലേ? ഇനി റോഡുകളിൽനിന്നു തന്നെ മറയാൻ അധികം കാലമില്ല. അങ്ങനെ കുറച്ചുകാലം റോഡുകൾ നിറഞ്ഞിട്ട് വിട പറഞ്ഞ വണ്ടികളെത്ര! അവയുടെ രാജാവാണ് ഇന്നും അംബാസഡർ!

ഒടുവിലാൻ∙ സാങ്കേതികവിദ്യ മാറിയപ്പോൾ കച്ചോടം പൊട്ടിയത് വർക്ക്ഷോപ്പുകാർക്കും വാച്ച് റിപ്പയർ കടക്കാർക്കുമാണ്. രണ്ടും പണ്ട് സകല മുക്കിലും ഉണ്ടായിരുന്നു. ഇന്ന് അപൂർവം. മേസ്തിരിമാർ അന്യം നിന്നു. വർക്ക്ഷോപ്പ് കിടന്ന സ്ഥലം സ്വന്തമാണെങ്കിൽ ഇന്നതു വിറ്റു വൻ തുക നേടാം.

Your Rating: