ബുള്ളറ്റ് സൂപ്പർ ഹിറ്റായതെങ്ങനെ ?

Royal Enfield

കൊമ്പനെപ്പോലെയാണ്, അടുക്കുന്തോറും എടുപ്പു കൂടും. വീഞ്ഞിനെ പോലെയാണ്, പഴകുന്തോറും വീര്യമേറും. കാറ്റുംകോളുമാണ്, ഇടിമിന്നലോടെയുള്ള കൊടുങ്കാറ്റ്... വിശേഷണങ്ങൾ എത്രയായാലും മതിയാവാത്ത ബൈക്ക്. അല്ല, റോയൽ എൻഫീൽഡ് ബുള്ളറ്റ്. ഇരുചക്രമാണെങ്കിലും ബൈക്കെന്ന് വിളിക്കാറില്ലല്ലോ ഇവനെയാരും. റോയൽസ് ഓൾവയ്സ് റോയൽ.

എത്ര പറഞ്ഞാലാണ്, അതിലേറി എത്ര പറന്നാലാണ് റോയൽ എൻഫീൽഡിനോടുള്ള കൊതി മാറുക. മുച്ചക്ര സൈക്കിളുന്താൻ തുടങ്ങിയ കുട്ടിക്കാലത്തേ മനസിൽ കൊത്തിവച്ച രൂപം. ഇന്ത്യൻ യുവത്വത്തിന്റെ കരുത്തിന്റെ പ്രതീകം. അത്രമേൽ നിന്നെഞാൻ സ്നേഹിക്കയാണെന്നു ലിംഗഭേദമില്ലാതെ ആളുകൾ രഹസ്യം പറയുന്നൊരു പക്ഷി. നിരത്തുകളിലെ അപൂർവതയായിരുന്നു, ഒരിക്കൽ ഈ ഒറ്റയാൻ. ഇന്ന് ബുള്ളറ്റു തട്ടി നടക്കാൻ പറ്റില്ല. ഇത്രമേൽ ഇഷ്ടം കൂടാൻ ഈ ബുള്ളറ്റിൽ എന്താണുള്ളത് ? നൊസ്റ്റാൾജിയ മുതൽ ഇരമ്പിച്ച ശബ്ദം വരെ ഒരുപാട് ഉത്തരങ്ങൾ.

Bullet

∙ ആറര ലക്ഷം റോയൽസ്

പട്ടാളക്കാരും പൊലീസുകാരും മാത്രം ഓടിച്ചു കണ്ടിട്ടുള്ള ബുള്ളറ്റുകൾ അടുത്ത കാലത്താണ് സാധാരണക്കാർക്കും പ്രിയമായത്. ഡിമാൻഡുള്ള ബ്രാൻ‍ഡായത്. കുറച്ചധികം കാത്തിരിക്കണമെന്നേയുള്ളൂ. സംഗതി വീടിനുമുന്നിൽ ഇരിക്കുമ്പോൾ ഒരു ഗമയാണ്. കുട്ടിക്കൊമ്പനെ വീട്ടിൽ കാവൽ നിറുത്തിയപോലെ. ഇന്ത്യൻ വിപണിയിൽ റെക്കോർ‍ഡ് വിൽപനയാണ് എൻഫീൽഡ് സ്വന്തമാക്കിയത്. കഴിഞ്ഞവർഷത്തെക്കാൾ 31 മടങ്ങാണ് നേട്ടം. 2016 ഏപ്രിലിനും 2017 മാർച്ചിനും ഇടയിൽ വിറ്റ ബൈക്കുകൾ എത്രയെന്നോ? – 6.5 ലക്ഷം ! ബ്രിട്ടണിലാണ് ജനനം. 1971ൽ മാതൃകമ്പനി പൂട്ടിയപ്പോൾ ഐഷര്‍ മോട്ടോഴ്‌സ് ബുള്ളറ്റിന്റെ മദ്രാസിലെ ഇന്ത്യന്‍ നിര്‍മാണ യൂണിറ്റ് ഏറ്റെടുത്തു. റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡും നിര്‍മ്മാണ അവകാശവും ഐഷറിനാണ്. എഴുപതുകളില്‍ ‍6500 രൂപ വിലയുണ്ടായിരുന്ന കക്ഷിയാണ് ഇപ്പോൾ ലക്ഷക്കണക്കിന് രൂപയുള്ള മുതലായത് എന്ന കൗതുകവുമുണ്ട്.

Himalayan

∙ പരുക്കൻ പൗരുഷം

ലുക്ക് തന്നെയാണ് എൻഫീൽഡിനെ എന്നും റോയലാക്കുന്നത്. ലുക്ക് എന്നുപറഞ്ഞാൽ, റഫ് ആൻഡ് ടഫ്. പൗരുഷത്തിന്റെ കൊലമാസ്. ഏതൊരാളും ഒന്നുനോക്കിപ്പോകും. റോഡിലൂടെ നീങ്ങുമ്പോൾ ബുള്ളറ്റിന്റെ ശബ്ദതാളത്തിനൊപ്പിച്ച് കഴുത്തു തിരിക്കാത്ത ആരെയെങ്കിലും കണ്ടിട്ടുണ്ടോ. ആറടി പൊക്കവും അതിനൊത്ത തടിയുമുള്ള ആരോഗ്യമുള്ള സുന്ദരപുരുഷന്റെ മട്ടാണ് എൻഫീൽഡിന്. പോരാത്തതിന് കട്ട കലിപ്പ് ഭാവവും. തലമുറകൾ മാറിയാലും മാറാത്ത വിജയത്തിന്റെ വിരലടയാളമാണിത്. രാജ്യത്തെ ഒരു ബൈക്കിനും അവകാശപ്പെടാനാകാത്ത രൂപഭംഗി. ആധുനിക സാങ്കേതികവിദ്യകൾ ചേർക്കുമ്പോഴും രൂപത്തിന് കോട്ടം വരാതിരിക്കാന് കഴിവതും കമ്പനി ശ്രദ്ധിക്കാറുണ്ട്. ബോഡിയിൽ മെറ്റലിന്റെ പരമാവധി ഉപയോഗമാണ് മാസ് ലുക്കിനു കാരണം. മേയ്ക്കപ്പില്ലാത്ത ഈ റോ ലുക്കാണ് ഞങ്ങൾക്കിഷ്ടമെന്ന് ചങ്ക് ബ്രോസ്.

Classic 350

∙ ഇരട്ടച്ചങ്കൻ ബഹുമുഖൻ

മെയ്ഡ് ലൈക്ക് എ ഗണ്‍, ഗോസ് ലൈക്ക് ബുള്ളറ്റ്. തോക്കിൽ നിന്ന് തെറിക്കുന്ന തിര പോലെ പറക്കുന്ന വാഹനമെന്നാണ് ടാഗ്‍ലൈൻ. ലക്ഷ്യത്തിലേക്ക് അതിവേഗത്തിലും അതിസൂക്ഷ്മതയിലും പറക്കാമെന്നതാണ് ബുള്ളറ്റിന്റെ പ്രത്യേകത. പാറയും പൊടിയും നിറഞ്ഞ ഓഫ്റോ‍ഡ് ഡ്രൈവിംഗോ, ഹിമാലയൻ മലകയറ്റമോ ആണ് ബുള്ളറ്റ് കണ്ടാൽ ഓർമ്മ വരിക. ഓഫീസിലേക്ക് നിത്യേന ബുള്ളറ്റിൽ പോകുന്നവരും കുറവല്ല. ഈ വ്യതിരിക്തതയാണ് ബുള്ളറ്റിന്റെ മേന്മ‍. ഏതു റോഡിലും ഏതു യാത്രയ്ക്കും അനുയോജ്യം. നഗരത്തിരക്കിൽ എളുപ്പത്തിലോടിക്കാം എൻഫീൽഡിനെ. കുറഞ്ഞ ടോർക്കിലും പ്രവ‍ർത്തിക്കുന്ന എൻജിനായതിനാൽ ഇടയ്ക്കിടെ ഗിയർ മാറ്റി തളരേണ്ട. ഹൈവേയിലേക്ക് കയറിയാലോ. അവിടെയും താരമാണിവൻ. അപകടത്തെ പേടിക്കാതെ രസസവാരി നടത്താം. മോശമല്ലാത്ത മൈലേജുമുണ്ട്. 350 സിസിയുടെ ക്ലാസിക് ലിറ്ററിന് ശരാശരി 40 കിലോമീറ്ററും 500 സിസി ശരാശരി 33  കിലോമീറ്ററും മൈലേജ് തരും. പുതുതരംഗമായ ഹിമാലയനാകട്ടെ ഓഫ്റോ‍ഡ് ഡ്രൈവിംഗുകാരെ ഉദ്ദേശിച്ച് ഇറക്കിയതാണ്. ഓൺ റോഡിലും ഓഫ് റോഡിലും ഹിമാലയൻ മുഷിപ്പിക്കില്ല.

Classic 500

∙ കാലത്തിനൊത്ത് പുതുക്കൽ

1891ൽ ആല്‍ബർട്ട് എഡ്ഡിയും ആര്‍ ഡബ്ലിയു സ്മിത്തും ചേര്‍ന്ന് എഡ്ഡി മാനുഫാക്ചറിംഗ് കമ്പനി ആരംഭിച്ചു. ബ്രിട്ടീഷ് റോയൽ ആര്‍മിക്കുള്ള സാധനങ്ങളാണ് നിർമ്മിച്ചിരുന്നത്. 1893ല്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോർ കമ്പനി ആരംഭിച്ചു. പീരങ്കിയുടെ ചിത്രത്തിനൊപ്പം മെയ്ഡ് ലൈക്ക് ഗണ്‍, ഗോസ് ലൈക്ക് ബുളളറ്റ് എന്നായിരുന്നു ലോഗോ. 1914ല്‍ ഒന്നാം ലോകമഹായുദ്ധത്തിൽ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അന്നുതൊട്ട് ഇന്നേവരെ പ്രചാരത്തിൽ എൻഫീൽഡ് പിന്നോട്ട് പോയില്ല. മുന്നോട്ടായിരുന്നു യാത്ര. പഴയ ലുക്കാണ് ബുള്ളറ്റിന്റെ ചന്തം. ആ ചന്തത്തിന് കോട്ടം തട്ടാത്തവിധം കാലത്തിന് അനുസൃതമായി മിതമായാണ് പരിഷ്കാരങ്ങൾ ബുള്ളറ്റിൽ കൊണ്ടുവന്നത്. ഇതു ശ്രദ്ധിക്കപ്പെട്ടു. പണ്ടത്തെ എവിഎൽ എൻജിനെ മാറ്റി ആധുനിക യുസിഇ ഫിറ്റ് ചെയ്തു. ചെന്നൈയിലെ യൂണിറ്റിൽ റോബോട്ടുകളും അത്യന്താധുനിക യന്ത്രങ്ങളുമാണ് ബുള്ളറ്റ് നിർമ്മിക്കുന്നത്. ഇതിന്റെ ഗുണമേന്മ കാണാനുമുണ്ട്. ബ്രേയ്ക്ക് ഡൗൺ പ്രശ്നങ്ങളായിരുന്നു മുമ്പത്തെ പ്രധാന പരാതി. പുതിയ ബുള്ളറ്റിൽ ഈ പരാതി ഏറെക്കുറെ കമ്പനി പരിഹരിച്ചിട്ടുണ്ട്. 3000 കിലോമീറ്ററിലാണ് സർവീസിംഗ്. ഹിമാലയനാകട്ടെ 5000 കിലോമീറ്ററാണ് സർവീസ് കാലം. പ്രൊഡക്ടുകൾക്ക് 24,000 കിലോമീറ്ററോ 24 മാസമോ കമ്പനി വാറന്റി നൽകുന്നത്.

Thunderbird

∙ അനായാസ ഡ്രൈവിംഗ്

ബുള്ളറ്റ് ഓടിക്കാൻ ചില്ലറ ആരോഗ്യം പോര എന്ന പറച്ചിലാണ് കുട്ടിക്കാല നൊസ്റ്റുകളിൽ മുമ്പിൽ. സാധാരണ ബൈക്കുകളെ പോലെ ബുള്ളറ്റ് ചലിപ്പിക്കാനാവില്ലെന്ന കഥകളിൽ കാലം കുറെ പറന്നുപോയി. ബുള്ളറ്റിന്റെ ഭാരക്കൂടുതലും പ്രശ്നമായിരുന്നു. കിലോമീറ്ററുകൾക്ക് അപ്പുറം നിന്നേ കേൾക്കാവുന്ന ഹുങ്കാരം ഉള്ളതിനാൽ ഹോൺ വേണ്ടെന്നും പറഞ്ഞുവച്ചു. ആരോപണങ്ങളെയെല്ലാം കഴുകിക്കളഞ്ഞാണ് ന്യൂജൻ ബുള്ളറ്റ് ഷോറൂമിലെത്തിയത്. ഇപ്പോൾ എല്ലാ ബുള്ളറ്റിലും ഇലക്ട്രിക് സ്റ്റാർട്ടുണ്ട്. കിക്കർ ചവിട്ടി കാലും നടുവും ഉളുക്കേണ്ട. പണ്ടത്തെ അത്ര ശബ്ദവുമില്ല. ബൈക്കിന്റെതിന് നേർ വിപരീതത്തിലായിരുന്നു ബ്രേക്കും ഗിയറും സ്ഥാപിച്ചിരുന്നത്. വലിയ ആശയക്കുഴപ്പത്തിനും അതുവഴി ഉപയോക്താക്കളെ അകറ്റുന്നതിനും പ്രധാന കാരണമിതായിരുന്നു. പുതിയ മോഡലുകളിൽ ഈ പ്രശ്നവും പരിഹരിച്ചു. ഡിസ്ക് ബ്രെയ്ക്കുമുണ്ട്. ബൈക്ക് ശീലമായവർക്ക് ഒരു പ്രയാസവുമില്ലാതെ ബുള്ളറ്റോടിക്കാം എന്നുവന്നു. ഈയൊരു മാറ്റമാണ് ബുള്ളറ്റിന്റെ രാശി തെളിച്ചത്. 

Electra

∙ ആവശ്യത്തിന് മോഡലുകൾ

ബുള്ളറ്റിനെ ഇഷ്ടപ്പെടാൻ പലർക്കും പല കാരണങ്ങളാണ്. ആ ഇഷ്ടങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ വിവിധ മോഡലുകളുമുണ്ട്. കാശ് എത്ര എറിഞ്ഞും എത്രകാലം കാത്തിരുന്നും ഇഷ്ടമോഡൽ സ്വന്തമാക്കുന്നവരാണ് ബുള്ളറ്റിന്റെ വിജയശക്തി. വിന്റേജ് മോട്ടോർസൈക്കിൾ വേണ്ടവർക്ക് അങ്ങനെയുള്ള ബൈക്കുകൾ. ഇത്തിരി മോഡേണാവണം എന്നുള്ളവർക്ക് ക്ലാസിക് മോഡൽ. ഹൈവേയിൽ ചെത്തിനടക്കാൻ തണ്ടർബേർഡ്. സാഹസികത ഇഷ്ടമുള്ളവർക്കായി ഹിമാലയൻ. കുറഞ്ഞ വിലയ്ക്ക് ഇതുപോലുള്ള അഡ്വഞ്ചർ ബൈക്ക് തരുന്നത് ബുള്ളറ്റ് മാത്രമാണെന്നത് എടുത്തുപറയണം. കുറഞ്ഞ ദൂരത്തിൽ റൈസിംഗ് നടത്താനുദ്ദേശിച്ചുള്ള കഫേ റേസർ ബൈക്കും ബുള്ളറ്റിറക്കി, കോണ്ടിനെന്റൽ ജിടി. 535 സിസി എൻജിനാണ്. 13.5 ലിറ്ററിന്റെ ഇന്ധന ടാങ്ക്. കറുപ്പ്, ചുവപ്പ്, പച്ച നിറത്തിൽ ലഭ്യം. വിവിധ ബഡ്ജറ്റിലുള്ള ബുള്ളറ്റുകളുണ്ട്. ഏറ്റവും കുറഞ്ഞവില 1.19 ലക്ഷമാണ്. കൂടിയ ഇനമായ കോണ്ടിനന്റൽ ജിടിയ്ക്ക് 2.17 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. എന്താ ബ്രോസ്, ബുള്ളറ്റിലേക്ക് ഗിയർ മാറ്റിയാലോ ?