Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌‌ലൻഡിൽ ഉപസ്ഥാപനം തുടങ്ങാൻ എൻഫീൽഡ്

royal-enfield-logo

വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി തായ്‌ലൻഡിൽ ഉപസ്ഥാപനം ആരംഭിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നു. തായ്‌ലൻഡിലെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനാണു പുതിയ ഉപസ്ഥാപനം തുടങ്ങുന്നതെന്ന് റോയൽ എൻഫീൽഡ് ഇന്ത്യ ബിസിനസ് മേധാവി ഷാജി കോശി അറിയിച്ചു. നിലവിൽ അൻപത്തി ഒന്നോളം രാജ്യങ്ങളിലാണു റോയൽ എൻഫീൽഡിന്റെ മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തുന്നത്.

നിലവിൽ ബാങ്കോക്കിലും ഇന്തൊനീഷയിലെ ജക്കാർത്തയിലുമാണ് ഈ മേഖലയിൽ റോയൽ എൻഫീൽഡ് സ്റ്റോറുകളുള്ളതെന്നും ‘കോണ്ടിനെന്റൽ ജി ടി 650 ട്വിൻ’, ‘ഇന്റർസെപ്റ്റർ ഐ എൻ ടി 650 ട്വിൻ’ ബൈക്കുകളുടെ അവതരണത്തിനെത്തിയ കോശി അറിയിച്ചു. ‘ഇന്റർസെപ്റ്ററി’ന് 2.50 ലക്ഷം രൂപയും ‘കോണ്ടിനെന്റൽ ജി ടി’ക്ക് 2.65 ലക്ഷം രൂപയുമാണു തമിഴ്നാട്ടിലെ ഷോറൂം വില.

നിലവിൽ ബ്രസീലിലാണു റോയൽ എൻഫീൽഡിന് ഉപസ്ഥാപനമുള്ളത്; വൈകാതെ തായ്‌ലൻഡിലും കമ്പനിയുടെ ഉപസ്ഥാപനം തുറക്കും. യു കെയിലും പ്രാദേശിക ഓഫിസുണ്ട്. അതതു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ഓഫിസുകളുടെ ചുതലയെന്നും കോശി വെളിപ്പെടുത്തി. 250 — 750 സി സി എൻജിനുള്ള ബൈക്കുകളുടെ ഇടത്തരം വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉപസ്ഥാപനങ്ങൾ തുറക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വിഭാഗത്തിൽ ഇന്ത്യയിൽ കൈവരിച്ച നേട്ടം മറ്റു രാജ്യങ്ങളിൽ ആവർത്തിക്കാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ഇന്റർസെപ്റ്റർ’ ശ്രേണിയിലെ പുത്തൻ മോട്ടോർ സൈക്കിളുകളുടെ കയറ്റുമതി ആരംഭിച്ചതായും കോശി വെളിപ്പെടുത്തി. എന്നാൽ യൂറോപ്പിലേക്ക് ആദ്യ ബാച്ചിൽ എത്ര ബൈക്കുകളാണു കയറ്റുമതി ചെയ്തതെന്നു വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ‘ഇന്റർസെപ്റ്റർ’ പ്രീമിയം ബൈക്കാണ്. എന്നാൽ യൂറോപ്പിലും നോർത്ത് അമേരിക്കയിലുമൊക്കെ ബൈക്കിന്റെ സ്ഥാനം എൻട്രി ലവൽ മോഡലുകൾക്കൊപ്പമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്രമേണ ലാറ്റിൻ അമേരിക്കയിലേക്കുള്ള കയറ്റുമതി സാധ്യതയും റോയൽ എൻഫീൽഡ് പരിശോധിക്കും. കൂടാതെ ‘വിന്റേജ്’ ബ്രാൻഡിൽ പ്രീ ഓൺഡ് ബൈക്കുകളുടെ ഷോറൂം ശൃംഖല വ്യാപിപ്പിക്കാനും റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്. നിലവിൽ ഇത്തരത്തിലുള്ള ഏഴു ഷോറൂമുകൾ പ്രവർത്തനം ആരംഭിച്ചതായും കോശി അറിയിച്ചു. അടുത്ത മാർച്ചോടെ ‘വിന്റേജ്’ ഷോറൂമുകളുടെ എണ്ണം 10 ആക്കി ഉയർത്താനാണു പദ്ധതി.