Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റ് സ്ക്രാംബ്ലർ 500 ഉടൻ

royal-enfield-logo

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ബൈക്കിന് ഇന്ത്യൻ മോട്ടോർ സൈക്കിൾ ഓഫ് ദ് ഇയർ ലഭിച്ചതിന്റെ ആരവമടങ്ങുംമുമ്പു കമ്പനിയുടെ സ്ക്രാംബ്ലർ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ എത്തുന്നു. മിക്കവാറും മാർച്ചിനകം തന്നെ റോയൽ എൻഫീൽഡിൽ നിന്നുള്ള സ്ക്രാംബ്ലർ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. റോയൽ എൻഫീൽഡ് നിർമാണശാലയിൽ നിന്നു പുറത്തെത്തുന്ന ആദ്യ സ്ക്രാംബ്ലറിന്റെ ഔദ്യോഗിക പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ‘സ്ക്രാംബ്ലർ 500’ എന്ന പേര് പരിഗണിക്കപ്പെട്ടേക്കുമെന്നാണു സൂചന. ഏപ്രിലോടെ തന്നെ ‘സ്ക്രാംബ്ലർ 500’ ഉടമസ്ഥർക്കു കൈമാറാനാണു റോയൽ എൻഫീൽഡിന്റെ ശ്രമം.

ഇക്കൊല്ലം തുടക്കത്തിലാണു റോയൽ എൻഫീൽഡ് ഡീലർഷിപ്പിൽ ‘സ്ക്രാംബ്ലർ 500’ പ്രത്യക്ഷപ്പെട്ടത്; എന്നാലിത് ഉപയോക്താവിന്റെ താൽപര്യപ്രകാരം നടത്തിയ പരിഷ്കാരമാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. തുടർന്ന് ഇപ്പോഴാണ് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) പരിശോധനയ്ക്ക് എന്നു നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയ ‘സ്ക്രാംബ്ലറി’ന്റെ ചിത്രങ്ങൾ പുറത്തെത്തുന്നത്. ‘ക്ലാസിക് 500’ അടിത്തറയാക്കിയാണു റോയൽ എൻഫീൽഡ് ‘സ്ക്രാംബ്ലർ 500’ സാക്ഷാത്കരിച്ചതെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. ലഗേജ് മൗണ്ടിങ് റാക്ക് സഹിതം സിംഗിൾ സീറ്റ്, ഉയർന്ന പിൻ ഫെൻഡർ, നോബ്ലി ടയർ, സ്പോക്ക്ഡ് വീൽ, അൺസ്വെപ്റ്റ് എക്സോസ്റ്റ് തുടങ്ങിയവയെല്ലാം സഹിതാണു ‘സ്ക്രാംബ്ലറി’ന്റെ വരവ്. 

ഏപ്രിലിൽ നിലവിൽ വരുന്ന പുത്തൻ നിയമവ്യവസ്ഥ പരിഗണിച്ച് ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും റോയൽ എൻഫീൽഡ് ഈ ‘സ്ക്രാംബ്ലറി’ൽ ലഭ്യമാക്കും. ‘ക്ലാസിക്കി’ലെ എൻജിൻ തന്നെയാവും ‘സ്ക്രാംബ്ലറി’നും കരുത്തേകുകയെന്നാണു സൂചന; മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പുലർത്തുന്ന ഈ 500 സി സി എൻജിന് 5,250 ആർ പി എമ്മിൽ 27.2 പി എസ് വരെ കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സ് സഹിമെത്തുന്ന ‘സ്ക്രാംബ്ലറി’ന് ‘ക്ലാസിക്കി’നെ അപേക്ഷിച്ച് 35,000 രൂപയോളം അധിക വിലയും നൽകേണ്ടി വന്നേക്കും.