മലയാള സിനിമയിലെ പുരുഷ താരങ്ങൾ വാഹന പ്രേമികളാണെങ്കിലും വനിതാ താരങ്ങളിൽ വാഹനത്തോട് താൽപര്യം കാണിക്കാറില്ല. എന്നാൽ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയായ പ്രയാഗ വാഹനക്കാര്യത്തിലും അൽപ്പം വ്യത്യസ്തയാണ്. അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡിന്റെ മസിലൻ എസ്‌യുവി എൻഡവറാണ് പ്രയാഗയുടെ ഇഷ്ട വാഹനം. യാത്രകളും സംഗീതം ആസ്വദിച്ചുള്ള ഡ്രൈവുകളും ഇഷ്ടപ്പെടുന്ന താരം വാഹനങ്ങളെക്കുറിച്ചുള്ള തന്റെ ഇഷ്ടം പങ്കുവെയ്ക്കുന്നു.
ഡ്രൈവിങ് ഇഷ്ടം, കാറുകളും
വാഹനങ്ങളോട് അമിതമായ താൽപര്യം ഒന്നുമില്ലെങ്കിലും കാറുകളും ഡ്രൈവും പ്രയാഗയ്ക്ക് എന്നും ഇഷ്ടമാണ്. വാഹമോടിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യമുള്ളതുപോലെ തോന്നും എന്നാണ് താരം പറയുന്നത്. മ്യൂസിക് വോളിയം കൂട്ടിവച്ച് തന്നെ ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. 18 വയസായപ്പോൾ തന്നെ ലൈസൻസ് എടുത്തിരുന്നു. കോളേജിൽ തന്നെയാണ് വണ്ടി ഓടിച്ച് പോയിരുന്നതും വരുന്നതും. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് കുറച്ചുകൂടി സ്വാതന്ത്ര‍്യം തരുന്ന കാര്യമാണ്. സ്പീഡ് ഭയങ്കര ഇഷ്ടമുള്ള ആളല്ല ഞാൻ. ജീവന് അപകടകരമായ സംഭവങ്ങൾ പൊതുവെ എനിക്ക് താൽപര്യമില്ല.
ആദ്യ വാഹനം ഡസ്റ്റർ
റെനൊയുടെ കോംപാക്റ്റ് എസ‍്‌യുവി ഡസ്റ്ററായിരുന്നു ആദ്യ വാഹനം. മാനുവൽ വാഹനം ഓടിച്ചു പഠിച്ചതുകൊണ്ട് മറ്റു വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അധികം ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. അൽപ്പം വലിയ വാഹനമായതുകൊണ്ടാണ് എസ്‌യുവി തിരഞ്ഞെടുത്തത്.
രാംലീലയിൽ ഓടിക്കുന്നത് പജീറോ
രാംലീലയിൽ പജീറോ ആണ് ഓടിക്കുന്നത്. ഒരു ലേഡീസ് ഫ്രെണ്ട്‌ലി വാഹനം അല്ലെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ചിത്രത്തിൽ വളരെ അനായാസം പജീറോ കൈകാര്യം ചെയ്യാൻ സാധിച്ചു. ആദ്യംമുതലേ ഉപയോഗിച്ച വണ്ടികൾ ഹെവി അല്ലെങ്കിൽ മാനുവൽ ആയതുകൊണ്ടാകാം പജീറോ ഓടിച്ചപ്പോഴും വലിയ ബുദ്ധിമുട്ട് തോന്നാതിരുന്നത്.
എൻഡവറും സെലേറിയോയും
ഡസ്റ്ററിനു ശേഷം സ്വന്തമാക്കുന്ന വാഹനമാണ് ഫോഡ് എൻഡവർ. മികച്ചൊരു എസ് യുവിയാണ് വാഹനം. സിനിമയുടെ ഭാഗമായുള്ള യാത്രകൾക്കും കുടുംബവുമൊത്തുള്ള യാത്രകൾക്കും ചേർന്ന വാഹനം. വാഹനം സ്വന്തമാക്കിയിട്ട് ഇതുവരെ കുഴപ്പങ്ങളൊന്നുമുണ്ടായിട്ടില്ല. കൂടാതെ മറ്റ് എൻഡവർ ഉടമസ്ഥരിൽ നിന്ന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. എൻഡവറെ കൂടാതെ മാരുതി സെലേറിയോയും സ്വന്തമായുണ്ട്. ചെറു യാത്രകൾക്കാണ് സെലേറിയോ ഉപയോഗിക്കുന്നത്. വളരെ മികച്ചൊരു ചെറു ഹാച്ചാണ് സെലേറിയോ.
Read More: Celebrity Cars | Auto News | Auto Tips