മഹീന്ദ്രയ്ക്ക് ചെയർമാനുണ്ട്. ‘ഓ... ഇതാണൊ ഇത്ര വല്യ കാര്യം. അതെല്ലാ സ്ഥാപനത്തിനും ഉള്ളതല്ലെ...?’ എന്നു പറഞ്ഞു കണ്ണെടുക്കാൻ വരട്ടെ. പറഞ്ഞുവരുന്നത് ഒരു അഡാറ് കാറിനെപ്പറ്റിയാണ്; പേര് സാങ്‌യോങ് ചെയർമാൻ ഡബ്ലിയു. മഹീന്ദ്രയുടെ കൊറിയൻ ഉപസ്ഥാപനമായ സാങ്‌യോങിന്റെ സന്താനം. പേരു സൂചിപ്പിക്കുംപോലെ ഭരണത്തലവൻമാരെയും സ്ഥാപന മേധാവികളെയും ഉദ്ദേശിച്ചാണു നിർമിതി. വെള്ളക്കാരുടെ ഭാഷയിൽ ‘ഷോഫർ ഡ്രിവൺ കാർ’ എന്നു പറയും. മഹീന്ദ്രയുടെ ഈ ‘മുതലാളി’ കാറിനെപ്പറ്റി അൽപം...
ദേവേന്ദ്ര പുത്രൻ
മഹാഭാരതത്തിലെ അർജുനനെപ്പോലെയാണ് ചെയർമാന്റെയും ജനനം. സാങ്‌യോങ് കമ്പനി മഹീന്ദ്രയുടെ ഉപസ്ഥാപനമായി മാറുന്നതിനും കാലങ്ങൾക്കു മുൻപായിരുന്നു ഈ പിറവി. ചെയർമാന്റെ അച്ഛൻ കാറുകളുടെ ലോകത്തെ ‘ദേവേന്ദ്ര’നായ മെഴ്സിഡീസ് ബെൻസും അമ്മയായ ‘കുന്തിദേവി’ സാങ്‌യോങ് മോട്ടോർസും അണ്. 1997ൽ മെഴ്സിഡിസ് ബെൻസ് ഇ ക്ലാസിനെ അടിസ്ഥാനപ്പെടുത്തി എസ് ക്ലാസിലുള്ള ഒട്ടുമിക്ക സൗകര്യങ്ങളുമായി ചെയർമാൻ പിറന്നു. എൻജിനും ഗിയർബോക്സും ഉൾപ്പെടെ ഇ ക്ലാസിന്റെ 50 ശതമാനം ഘടകങ്ങളും പങ്കിട്ടിരുന്നു ആദ്യകാല ‘ചെയർമാൻമാർ’. പിന്നീട് പലതവണ മുഖം മിനുക്കിയ നമ്മുടെ കഥാനായകന്റെ പേര് 2008ൽ ‘ചെയർമാൻ എച്ച്’ എന്നു മാറ്റി. നിലവിൽ വിൽപനയിലുള്ള ‘ചെയർമാൻ ഡബ്ലിയു’വിന്റെ രംഗപ്രവേശം എളുപ്പമാക്കുന്നതിനായിരുന്നു ഈ നടപടി.
കൂടുതൽ ഘടകങ്ങളും സാങ്കേതികതയും തദ്ദേശീയമായി വികസിപ്പിച്ചെത്തിയ ചെയർമാൻ ഡബ്ലിയു പക്ഷേ മെഴ്സിഡീസ് ബന്ധം പൂർണമായും ഉപേക്ഷിച്ചുമില്ല. പുതിയ കാറിൽ ബെൻസിന്റെ മുഖശ്രീ കുറച്ചു കുറഞ്ഞെങ്കിലും ചെയർമാന്റെ ‘ബ്രാൻഡ് ഇമേജ്’ വർധിപ്പിക്കാന്‍ ഇതു സഹായകമായി. നിർത്തിപ്പോയ ദെയ്‌വു എന്ന കൊറിയൻ വാഹന കമ്പനി (ഇന്ത്യയിൽ സീലൊ, മാറ്റിസ് കാറുകൾ ഇറക്കിയ അതേ ദെയ്‌വു) കുറച്ചുനാൾ രാജ്യന്തര മാർക്കറ്റിൽ റീബാഡ്ജ് ചെയ്ത് ചെയർമാൻ വിറ്റിരുന്നു. ഇപ്പോൾ ചൈനീസ് ബ്രാൻഡായ റോവി ചെയർമാൻ റീബാഡ്ജ് ചെയ്ത് ചൈനയിൽ വിൽക്കുന്നുണ്ട്, ‘റോവി 850’ എന്നാണു പേര്.
ചെയർമാന്റെ സ്വഭാവം...
മൂന്ന് പെട്രോൾ എൻജിനുകളിലാണ് ചെയർമാൻ ലഭ്യം. യഥാക്രമം 3200, 3600, 5000 സിസി ശേഷിയുള്ള എൻജിനുകളുടെ കരുത്ത് 225, 250, 306 ബിഎച്ച്പി വീതമാണ്. എക്സ്ജിഐ എന്നു സാങ്‌യോങ് വിളിക്കുന്ന എൻജിനുകളെല്ലാം ബെൻസിന്റെ സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കുന്നു. ബെൻസിന്റെ തന്നെ അധികം പഴയതല്ലാത്ത സെവൻ ജി ട്രോണിക് എന്ന മിടുക്കൻ ഓട്ടൊമാറ്റിക് ഗിയർബോക്സ് അണ് ചെയർമാനിൽ. കൊറിയയിൽ നിർമിക്കുന്ന ഏറ്റവും വലിയ പെട്രോൾ എൻജിനുകളിൽ ഒന്നാണ് 5000 സിസി–306 ബിഎച്ച്പി സ്പെസിഫിക്കേഷനുള്ള ചെയർമാൻ ടോപ് വേരിയന്റുകളിൽ മാത്രം ഉപയോഗിക്കുന്ന വിഎട്ട് (എട്ടു സിലിൻഡർ) മോട്ടോർ. ഇലക്ട്രോണിക്ക് ആയി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ഹൈഫൈ ലെതർ സീറ്റുകൾ, കൂളിങ് ഗ്ലവ് ബോക്സ്, 5.1 ഹാർമാൻ കാർഡൻ മ്യൂസിക് സിസ്റ്റം, ഇലക്ട്രോണിക് ബൂട്ട് റിലീസ്–ക്ലോസ്, ഇലക്ട്രിക് ഡോർ ക്ലോസ്, ആക്സിലറേറ്റർ–ബ്രേക്ക് പെഡൽ അഡ്ജസ്റ്റ്മെന്റ്, സ്വിച്ചുകൾ പുറത്തു കാണാത്ത തരം ഹിഡൻടൈപ്പ് മൊഡ്യൂൾ, മുൻപിലും പുറകിലും പ്രത്യേകം കൺട്രോൾ സ്ക്രീനുകൾ, ടച്ച് സ്ക്രീൻ വിത്ത് ജിപിഎസ് എന്നിങ്ങനെ സൗകര്യങ്ങളുടെ നിര നീളും ചെയർമാനിൽ. ഇവയിൽ മിക്കതും ഇന്ത്യയിൽ ഇറങ്ങിയ പല ആഡംബര കാറുകളില്‍ പോലും ഇല്ല തന്നെ.
ഓൾവീൽ ഡ്രൈവ്,ലിമോസിൻ...
ഓൾവീൽ ഡ്രൈവ് സംവിധാനമുള്ള മോഡലും കൂടുതൽ നീളമുള്ള ലിമോസിൻ വകഭേദവും ചെയർമാനുണ്ട്. യൂറോപ്യൻ–അമേരിക്കൻ സെഡാൻ കാറുകളിൽ സാധാരണയായ ‘ഓൾവീൽ ഡ്രൈവ്’ ഉള്ള ചുരുക്കം ഏഷ്യൻ കാറുകളിലൊന്നാണ് ചെയർമാൻ. ലിമോസിൻ എന്നാണു മോഡലിന്റെ പേരെങ്കിലും ലോങ് വീൽ ബെയസ് മാത്രമാണ് ചെയർമാൻ ഡബ്ലിയു ‘എൽ’. എന്നാൽ ആഡംബരവും പകിട്ടും ലിമോസിന്റേതു തന്നെ.
ഓൾവീൽ ഡ്രൈവ് ഒഴികെയുള്ള എല്ലാ മോഡലുകളും ഫ്രണ്ട് എൻജിൻ പിൻവിൽ ഡ്രൈവ്. ഓൾവീൽ ഡ്രൈവിൽ ഉപയോഗിക്കുന്ന ഗീയർബോക്സ് ബെൻസ് എംക്ലാസിലുള്ള അതേ ഫോർമാറ്റിക്. ഫോർ ട്രോണിക് എന്നു പുനർനാമകരണം ചെയ്താണ് ഉപയോഗം.
വാൽക്കഷ്ണം; ഇന്ത്യയിൽ ചെയർമാൻ ഇറങ്ങുമോ എന്നു ചോദിച്ചാൽ മഹീന്ദ്ര മനസു തുറന്നിട്ടില്ല എന്നാണ് ഉത്തരം. ഇറങ്ങുകയാണെങ്കിൽ 35 മുതൽ 70 ലക്ഷം വരെയായിരിക്കും വില. റെനോയിൽ നിന്നു ലഭിച്ച (പിടിച്ചു വാങ്ങിയ എന്നും ചിലർ) വെറിറ്റൊ മാറ്റി നിർത്തിയാൽ മഹീന്ദ്രയുടെയും സാങ്‌യോങിന്റെയും മോഡൽ ലൈനപ്പിലെ ഏക ലക്ഷണമൊത്ത സെഡാനാണ് ചെയർമാൻ. ഇരു കമ്പനികളുടെയും പേരിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ പരിശോധിച്ചാൽ പതാകവാഹക സ്ഥാനം അലങ്കരിക്കാൻ യോഗ്യതയുള്ള കാറും ചെയർമാൻ തന്നെ എന്നു മനസിലാകും.
സാങ്‌യോങ് ‘സഹോ’
2011 ഫെബ്രുവരിയിലാണ് കൊറിയയിലെ നാലാമത്തെ വലിയ വാഹനനിർമാതാവായ സാങ്‌യോങിനെ മഹീന്ദ്ര ഏറ്റെടുക്കുന്നത്. നല്ലാ ഒന്നാന്തരമൊരു യൂട്ടിലിറ്റി വാഹനനിർമാതാവാണ് സാങ്‌യോങ്, ‘എന്ന് ച്ചാൽ’ മഹീന്ദ്രയ്ക്കു പറ്റിയ കൂട്ടുകാരൻ. പാപ്പരായിക്കൊണ്ടിരുന്ന അവസ്ഥയിൽ നിന്ന് സാങ്‌യോങിനെ കരകയറ്റിയത് മഹീന്ദ്ര ബന്ധം തന്നെയാണ്. നിലവിൽ സാങ്‌യോങിന്റെ മോഡൽ നിരയെല്ലാം പരിഷ്കരിക്കുകയും പുതിയ ‘ടിവൊളി’ എന്ന കോംപാക്റ്റ് എസ്‌യുവിയെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് കമ്പനി. എന്നാൽ കൊറിയയിലെ സാങ്‌യോങിന്റെ മുഖ്യ എതിരാളിയായ കിയ മോട്ടോർസ് ഇന്ത്യയിൽ എത്തുന്നു എന്നറിഞ്ഞിട്ടും സാങ്‌യോങിന്റെ ഇന്ത്യൻ പ്രവേശനത്തെപ്പറ്റി മഹീന്ദ്ര മൗനം വെടിഞ്ഞിട്ടില്ല.
സാങ്‌യോങിന്റെ ‘റെക്സ്റ്റൺ’ എന്ന എസ്‌യുവിയുടെ പിന്നിൽ ‘ബൈ മഹീന്ദ്ര’ എന്നു ബാഡ്ജ് പതിപ്പിച്ച് ഇടക്കാലത്ത് മഹീന്ദ്ര ഇന്ത്യയിലെ ഡീലർഷിപ്പുകൾ വഴി വിറ്റിരുന്നു. ഇറങ്ങിയ കാലത്ത് ഫോർവീൽ ഡ്രൈവും ഓട്ടോമാറ്റിക് ഗീയർബോക്സും ഒരുമിച്ചുണ്ടായിരുന്ന ഏക എസ്‌യുവി ആയിരുന്നു റെക്സ്റ്റൺ. എന്നാൽ ഈ വിഭാഗത്തിലെ മല്ലൻമാരായ ടൊയോട്ട ഫോർച്യൂണറിനോടും ഫോഡ് എൻഡവറിനോടും മുട്ടുന്നതിനു വേണ്ട മുന്നൊരുക്കങ്ങൾ കമ്പനി നടത്തിയിരുന്നില്ലെന്നതായിരുന്നു വാസ്തവം. സാങ്കേതിക വിദ്യയിലും സൗകര്യത്തിലും ഇതേ ക്ലാസിലെ മറ്റ് എസ്‌യുവികളോടൊപ്പം നിലവാരം പുലർത്തിയെങ്കിലും മാർക്കറ്റിങ് പോരായമ കാരണം വിൽപനഗ്രാഫ് ഉയർന്നില്ല.
എന്നാൽ രാജ്യാന്തര വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയ സർവലക്ഷണങ്ങളും തികഞ്ഞ പുതുതലമുറ റെക്സ്റ്റൺ മഹീന്ദ്ര സ്വന്തം ബാഡ്ജിൽ ഇന്ത്യയിൽ പുറത്തിറക്കാൻ പോകുന്നു എന്നു സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ‘എക്സ്‌യുവി 700’ എന്ന പേരിലാകും അരങ്ങേറ്റം എന്നുവരെ കഥകൾ. എന്തായാലും സാങ്‌യോങ് എന്ന കൊറിയൻ വാഹന നിർമാതാവു നിരത്തിലിറക്കുന്ന എല്ലാ വാഹനങ്ങളും കാഴ്ചയിലും സാങ്കേതികവിദ്യയിലും പ്രകടനത്തിലും രാജ്യാന്തര നിലവാരം പുലർത്തുന്നു എന്നതിൽ തർക്കമില്ല.