ഫാസ്റ്റ് ആന്റ് ഫ്യൂറിയസ് ഫെറാരി

Ferrari 288 GTO 1984

എൻസോ ഫെറാരി എന്ന ഇറ്റലിക്കാരന്റെ പ്രയത്നമാണ് ഇന്നു കാണുന്ന ഫെറാരിയുടെ മൂലധനം. 1929 ൽ സ്കുഡേറിയ ഫെറാരി എന്ന സ്ഥാപനം തുടങ്ങുമ്പോൾ സ്വന്തം പേരിൽ കാറെന്ന സങ്കൽപം പോലും എൻസോയുടെ മനസിൽ ഉണ്ടായിരുന്നില്ല. ആൽഫ റോമിയോയ്ക്കു വേണ്ടി റേസിങ് കാർ ഒരുക്കുക എന്ന ദൗത്യമാണ് എൻസോ ഫെറാരി ലക്ഷ്യമിട്ടത്. ആൽഫ റോമിയോയുടെ റേസിങ് വിഭാഗത്തിന്റെ ഭാഗമായിട്ടായിരുന്നു സ്കുഡേറിയയുടെ പ്രവർത്തനവും. 1938 ൽ ആൽഫ കോഴ്സ് എന്ന പേരിൽ ആൽഫ റോമിയോ സ്വന്തം റേസിങ് ഫാക്ടറി വിങ് തുടങ്ങിയതോടെ എൻസോ ഫെറാരി അതിന്റെ മാനേജറായി. പക്ഷേ തന്റെ സ്ഥാപനത്തെ ആൽഫ റോമിയോ വിഴുങ്ങുമെന്നു മനസിലായതോടെ എൻസോ ഫെറാരി ആ ഉത്തരവാദിത്തവും കൂട്ടുകെട്ടും ഉപേക്ഷിച്ചു. 

Enzo Ferrari

ഫെറാരി എന്ന പേര് റേസിങ് ആയി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഉപയോഗിക്കാനാവില്ലെന്ന വ്യവസ്ഥയോടെയാണ് ആൽഫ റോമിയോ എൻസോ ഫെറാരിയെ പോകാൻ അനുവദിച്ചത്. നാലു വർഷത്തേയ്ക്കായിരുന്നു നിയന്ത്രണം. എൻസോ ഫെറാരി അതോടെ എയർക്രാഫ്റ്റ് ആക്സസറീസുകളുടെ നിർമാണരംഗത്തേയ്ക്കു കടന്നു. പക്ഷേ റേസിങ് ട്രാക്കിന്റെ വിളികളിൽ നിന്നു മാറിനിൽക്കാൻ ആ ഇറ്റലിക്കാരനു സാധിക്കുമായിരുന്നില്ല. വീണ്ടും കാറിന്റെ ലോകത്തേയ്ക്ക്. 1940 ൽ എൻസോ ഫെറാരിയുടെ ആദ്യ റേസിങ് കാർ പുറത്തിറങ്ങി – ഫെറാരി എന്നതിനു പകരം ടിപ്പോ 815 എന്ന പേരിൽ. വൈകാതെ പുതിയൊരു ഫാക്ടറിയും ഉയർന്നു. പക്ഷേ ഫാക്ടറി ഒരു വർഷം പൂർത്തിയാക്കും മുൻപേ ബോംബിങ്ങിന്റെ രൂപത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ എൻസോയുടെ സ്വപ്നം തകർത്തു. യുദ്ധം നിലച്ചതോടെ ഫെറാരിയുടെ ഫാക്ടറി വീണ്ടും സജീവമായി. റേസിങ് കാറുകൾക്കൊപ്പം റോഡ് കാറുകളും കൂടി നിർമിക്കാനുള്ള ശേഷി കൈവരിച്ചാണു ഫെറാരിയുടെ പുത്തൻ ഫാക്ടറി വാഹനചരിത്രം തിരുത്തിയെഴുതുന്നതിനു തുടക്കം കുറിച്ചത്. 

1960 Ferrari GT

തുടക്കമായി ഫെറാരി യുഗം

1947. ഫെറാരിയുടെ ആദ്യത്തെ റോഡ് കാർ പുറത്തിറങ്ങിയ വർഷമാണിത്. പേര് 125 സ്പോർട്.  അന്നത്തെ ഏറ്റവും മനോഹരമായ ഡിസൈൻ എന്ന പ്രശംസകൾക്കു നടുവിലാണ് ഫെറാരി ഈ നിർമിതി നിരത്തിലെത്തിച്ചത്. സ്പോർട്ടിന്റെ വിജയത്തിനു പിന്നാലെ ഫെറാരിയുടെ പേരും പ്രശസ്തിയും വാനോളമുയർത്തിയൊരു വാർത്ത റേസിങ് ട്രാക്കിൽ നിന്നും വന്നു–  ഫെറാരി കാറിന് ആദ്യലോക കിരീടം. 212 ഇന്റർ എന്ന ലോകോത്തര മോഡൽ അവതരിപ്പിച്ചാണു ഫെറാരി ട്രാക്കിലെ വിജയം ആഘോഷിച്ചത്. അൻപതുകളിലെ തരംഗമായി മാറിയ 250 ഗ്രാൻഡ് ടൂറർ കൂപ്പും വൈകാതെ ഫെറാരിയിൽ നിന്നു വിപണിയിലെത്തി. ഇന്നും ലോകം ആരാധനയോടെ വാങ്ങുന്ന ജിടി ബെർലിനേറ്റയുടെ ഊഴമായിരുന്നു അടുത്തത്. 

Ferrari Formula One

എക്കാലത്തെയും മികച്ച സ്പോർട്സ് കാറെന്നു ഖ്യാതി നേടിയ 250 ജിടിഒയും ജിടിബി കോംബറ്റീഷനും 365 കലിഫോർണിയയും അവതരിച്ചതോടെ ഫെറാരി എന്ന ബ്രാൻഡ് വാഹനലോകത്തെ വിസ്മയമായി. 1988 ൽ 90 –ാം വയസിൽ എൻസോ ഫെറാരി തന്റെ ജീവിതചക്രം പൂർത്തിയാക്കുമ്പോൾ ലോകത്തെ മുൻനിര കാർ എന്ന വിലാസം ഫെറാരി സ്വന്തമാക്കി കഴിഞ്ഞിരുന്നു. വാഹനലോകം കണ്ട ഏറ്റവും മികവേറിയ കാർ ഫെറാരി എഫ് –40 ന്റെ അരങ്ങേറ്റത്തിനു പിന്നാലെയായിരുന്നു എൻസോയുടെ വിയോഗം. ഫിയറ്റ് ഗ്രൂപ്പിന്റെയും എൻസോയുടെ മകൻ പിയറോ ഫെറാരിയുടെയും ഉടമസ്ഥതയിലാണ് ഇപ്പോൾ ഫെറാരി. ന്യൂ ജെൻ ഫെറാരി തരംഗമാകട്ടെ ലാ ഫെറാരിയും എഫ്എഫും സ്പൈഡറും ഫിയോറനോയും പോലുള്ള മോഡലുകളിലും.

 ട്രാക്കിലെ ഫെറാരിസം

അറുപതുകളുടെ അവസാനകാലം. റേസിങ് ട്രാക്കുകളിൽ പോർഷെയും ആൽഫാ റോമിയോയും ഫെറാറിയും തമ്മിൽ തീപാറുന്ന പോരാട്ടങ്ങൾ നടക്കുന്ന നാളുകളായിരുന്നുവത്. 1973 ൽ റേസിങ് ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ട‌ൊരു തീരുമാനം ഫെറാരിയിൽ നിന്നെത്തി – കാർ റേസിങ്ങിലെ പങ്കാളിത്തം കമ്പനി നിർത്തുന്നു. ഫോർമുല വൺ റേസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിച്ചായിരുന്നു പിൻമാറൽ. 1975 ലും 77ലും ചാംപ്യൻഷിപ്പ് എടുത്താണു ഫെറാരി ഈ ലക്ഷ്യം പൂർത്തിയാക്കിയത്. അന്നു ഫെറാരിയിൽ ഓസ്ട്രിയക്കാരൻ നിക്കി ലൗദ നടത്തിയ പോരാട്ടങ്ങൾ റേസിങ് ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്.  എഴുപതുകളുടെ അവസാന നാളുകളിൽ നേരിട്ട  അപകടപരമ്പരകളെത്തുടർന്നു ഫെറാരി എഫ് –1 റേസിങ്ങിനോടും വിട പറഞ്ഞു. തൽക്കാലത്തേയ്ക്കായിരുന്നു ഈ വിടവാങ്ങൽ. തൊണ്ണൂറുകളിൽ പതിന്മടങ്ങു കരുത്തോടെയുള്ള ഫെറാരിയുടെ തിരിച്ചുവരവിനു ലോകം സാക്ഷിയായി. മൈക്കൽ ഷൂമാക്കർ എന്ന ഇതിഹാസത്തിന്റെ വിജയഗാഥയാണു രണ്ടാം വരവിൽ ഫെറാരിയുടെ എഫ്–1 ചരിത്രം. റേസിങ് പോരാട്ടം ഷൂമാക്കറിനു മുൻപും ശേഷവും എന്ന മട്ടിൽ വിഭജിക്കപ്പെടാൻ പോലും കാരണമായി ഈ കൂട്ടുകെട്ടിന്റെ പടയോട്ടം.