കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മിഡിയയിലെ താരമാണ് ഈ പാലാക്കാരൻ. കൈലിമുണ്ടുടുത്ത് ജീപ്പ് റേസിങ്ങിന് ഇറങ്ങി വിജയം കൈവരിക്കുന്ന അച്ചായനെ വാനോളം പുകഴ്ത്തുകയാണ് എല്ലാവരും. പാലാ കവീക്കുന്ന് സ്വദേശി ബിനോ ജോസിന് വാഹനമെന്നാൽ പ്രണനാണ്. അതാണ് ബിനോയെ മികച്ചൊരു ഡ്രൈവറാക്കി മാറ്റിയതും. മത്സരത്തിൽ പങ്കെടുത്തവർ പലരും ചേറിൽ നിന്ന് മുന്നോട്ടു പോകാന്‍ പെടാപ്പാടു പെട്ടപ്പോൾ, കൈലി മുണ്ടും വള്ളിച്ചെരുപ്പുമിട്ട് ആൾക്കൂട്ടത്തിൽ ഒരുവനായി എത്തിയ ഈ അച്ചായൻ അ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തത് വളരെ എളുപ്പത്തിൽ.
ആർപ്പുവിളികൾക്ക് നടുവിലേക്ക് വന്നിറങ്ങിയ ബിനോയ്ക്ക് കിട്ടിയ വരവേൽപ് ഏതൊരു റേസറുടെയും സ്വപ്നമായിരുന്നു. വാഗമണ്ണിലെ മഹീന്ദ്ര ഗ്രേറ്റ് എസ്കേപ്പിൽ വിജയിയായി നാട്ടിലെത്തിയപ്പോഴും റേസറുടെ ഭാവമൊന്നും ബിനോയ്ക്കില്ല. സ്വതസിദ്ധശൈലിയിൽ വസ്ത്രധാരണവും നടപ്പും എല്ലാം. ഈ വേഷവിധാനം തന്നെയാണ് ബിനോ ജോസെന്ന നാൽപതിമൂന്നുകാരനെ ജനകീയനാക്കുന്നത്.
ചെറുപ്പം മുതലെ വാഹനക്കമ്പമുണ്ടായിരുന്നു പതിനഞ്ചാം വയസിൽ ഡ്രൈവിങ് പഠിച്ചതുമുതൽ അത് കൂടിയിട്ടുള്ളതല്ലാതെ കുറഞ്ഞിട്ടില്ല. ബിനോയുടെ പിതാവിന് നിലമ്പൂരിൽ തോട്ടമുണ്ടായിരുന്നു. ഉൾപ്രദേശമായ ഇവിടേക്കുള്ള യാത്രയിൽ വാഹനം ഒാടിച്ചുള്ള പഠനമാണ് പരിചയസമ്പത്ത്. സഹോദരൻ ജോസാണ് റേസിങ്ങിൽ ബിനോയുടെ പങ്കാളി. 2014–ൽ പാലായിൽ നടന്ന മൽസരത്തിലൂടെയാണ് ഈ രംഗത്തേയ്ക്കുള്ള പ്രവേശനം. സമ്മാനങ്ങൾ വാരിക്കൂട്ടുമ്പോഴും ശൈലിയിൽ ഒരു മാറ്റവുമില്ല.
ഒാഫ് റോഡ് റേസിങ്ങിനായി നാലു ടയറുകളും മാറ്റി മുൻ നിരയിൽ ഒരു വിഞ്ചും ഘടിപ്പിച്ചു. മൽസരം കഴിയുമ്പോൾ വീണ്ടും സാധാരണ ടയറാക്കും. അറ്റകുറ്റപ്പണികളെല്ലം സ്വന്തം വർക്ഷോപ്പിൽ തന്നെ. വാഹനക്കമ്പം കാരണം മെക്കാനിസവും ഇപ്പോൾ നല്ലവശമാണ്. പിന്തുണയുമായി സുഹൃത്തുക്കളും കുടംബാംഗങ്ങളും ഒപ്പമുള്ളതും ബിനോയ്ക്ക് ശക്തിയാണ്. മികച്ചൊരു ഡ്രൈവറെന്ന് എല്ലാവരും ഒറ്റവാക്കിൽ വിശേഷിപ്പിക്കുമ്പോൾ വേഷംകെട്ടൊക്കെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തന്ത്രമാണെന്ന് വിമർശിക്കുന്നവരുമുണ്ട്.
ഓഫ് റോഡ് മത്സരത്തിനിറങ്ങുന്ന മറ്റ് വാഹനങ്ങളെപ്പോലെ ആധുനിക സംവിധനങ്ങളൊന്നുമില്ലാതെയാണ് ബിനോയുടെയും അനുജന്റെയും നേട്ടമെന്നുള്ളതും ഇവരുടെ കഴിവിന്റെ തെളിവാണ്. അതുതന്നെയാണ് കണ്ടുപരിചയം പോലുമില്ലാത്തവർ പോലും ഇവരുടെ ആരാധകരാകുന്നത്. സ്വപ്നങ്ങൾക്കൊപ്പം ഊഴം കാത്ത് പറക്കുന്ന ബിനോയുടെ മുന്നിലുള്ള വാചകം പൗലോ കൊയ്‌ലോ പറഞ്ഞത് തന്നെയാണ്. ആഗ്രഹം തീവ്രമെങ്കിൽ പ്രപഞ്ചം മുഴുവൻ കൂട്ടുണ്ടാകും.