ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് റോയൽ ഓട്ടോമൊബൈൽ ക്ലബ്ബിന്റെ അംഗീകാരമായിരുന്നു വാഹന സാങ്കേതിക മികവിനെക്കുറിച്ചുള്ള അവസാന വാക്ക്. 1908 ൽ ഇവർ ഒരു പരീക്ഷണം നടത്തി. കാഡിലാക്കിന്റെ മൂന്നു കാറുകൾ പുനർനിർമിക്കാനായിരുന്നു പദ്ധതി. അമേരിക്കൻ വാഹന സാങ്കേതിക വിദ്യയെപ്പറ്റി വലിയ മതിപ്പില്ലായിരുന്ന ക്ലബ്ബ് അധികാരികളെ അമ്പരിപ്പിച്ചത് ഇതൊന്നുമല്ല. യന്ത്രസഹായമില്ലാതെ കൂട്ടിച്ചേർത്ത മൂന്നു കാറുകളും ഒറ്റയടിക്കു സ്റ്റാർട്ടാവുകയും 500 മൈൽ കുഴപ്പങ്ങളൊന്നുമില്ലാതെ തുടർച്ചയായി ഓടുകയും ചെയ്തു! അംഗീകാരമായി ലഭിച്ച പ്രശസ്തമായ ഡിവാർ ട്രോഫിയുമായാണു കാഡിലാക്ക് നാട്ടിലെത്തിയത്.
യു എസിന്റെ റോൾസ് റോയ്സ്
ചരിത്രത്തിലാദ്യമായി ഡിവാർ ട്രോഫി നേടിയ കാഡിലാക്ക് അന്നുതൊട്ട് ലോകത്തിന്റെ മാനദണ്ഡം എന്നു സ്വയം വിശേഷിപ്പിച്ചു. അമേരിക്കയുടെ റോൾസ് റോയ്സ് എന്നു പറയാവുന്ന കാഡിലാക്കിന് ഹെൻറിഫോഡാണ് വിത്തു പാകിയതെങ്കിലും ഇതു വളർന്നതും പടർന്നു പന്തലിച്ചതും ജനറൽ മോട്ടോഴ്സിന്റെ കീഴിലാണ്. 1902 ൽ ഹെന്റ്ഫോഡ് പങ്കാളികളുമായി പിണങ്ങി താൻ തുടങ്ങിയ രണ്ടാമത്തെ കമ്പനിയിൽ നിന്നു പിൻവാങ്ങി. വിൽപ്പനയ്ക്കായി കമ്പനിയുടെ ആസ്തികളുടെ മൂല്യം നിർണയിക്കാൻ ഹെൻറിലെലാൻഡ് എന്നൊരു എൻജീനിയർ നിയമിക്കപ്പെട്ടു. നിർമാണം പുനരാരംഭിക്കുന്നതിനൊപ്പം കമ്പനിയുടെ പക്കലുണ്ടായിരുന്ന കാറിന്റെ ഷാസിയിലുപയോഗിക്കാൻ താൻ രൂപകൽപ്പന ചെയ്ത ഒറ്റസിലിണ്ടർ പെട്രോൾ എൻജിൻ ലെലാൻഡ് വാഗ്ദാനം ചെയ്തു. ഡെട്രോയിറ്റ് നഗരത്തിന്റെ സ്ഥാപകനായ ഫ്രഞ്ച് പര്യവേഷകൻ കാഡിലാക്കിന്റെ പേരാണ് കമ്പനിക്കു നൽകിയത്.1902 ൽ കാഡിലാക്ക് കാർ കമ്പനി യു എസിലെ ഡിട്രോയിറ്റിൽ സ്ഥാപിക്കപ്പെട്ടു.
സ്ഥിരോത്സാഹിയായ നേതാവ്
കാണുന്നതെന്തും പരിഷ്ക്കരിച്ചു മെച്ചപ്പെടുത്താനുള്ള ഉത്സാഹവും സൂക്ഷ്മതയുടെ കാര്യത്തിൽ കണിശക്കാരനുമായിരുന്നു ഹെൻറി മാർട്ടിൻ ലെലാൻഡ്. സ്വന്തം സ്ഥാപനമെന്ന സ്വപ്നവുമായി ഡിട്രോയിറ്റിലെത്തിയ ലെലാൻഡ്, ഫാൾകണർ, നോർട്ടൺ എന്നീ സുഹൃത്തുക്കളുമായിച്ചേർന്ന് യന്ത്രോപകരണങ്ങളും ഗീയറുകളും നിർമിക്കുന്ന സ്ഥാപനം തുടങ്ങി. അമേരിക്കൻ വാഹന നിർമാണരംഗത്ത് മുൻനിരക്കാരായ ഓൾഡ്സ് മൊബീലിനുവേണ്ടി ഗീയർ ബോക്സുകൾ നിർമിക്കാൻ ഇവർക്കു കരാറു കിട്ടി. അക്കാലത്ത് നിലവിലുള്ളവയെക്കാൾ ശക്തിയുള്ള ഒരു പെട്രോൾ എൻജിൻ ലെലാൻഡ് രൂപകൽപന ചെയ്തിരുന്നു. എന്നാൽ ഓൾഡ്സിന് ഇതിൽ താൽപ്പര്യമുണ്ടായില്ല. യാദൃശ്ചികമായി ഹെൻട്രി ഫോഡിന്റെ കമ്പനി പുനരുദ്ധരിക്കാനുള്ള അവസരം ലഭിച്ചപ്പോൾ ലെലാൻഡിന്റെ ഈ എൻജിൻ വാഹനചരിത്രത്തിൽ ഇടംപിടിച്ചു.
ആദ്യ കാർ
സമാനമായ ഷാസി ഉപയോഗിച്ചതിനാലാകണം ആദ്യത്തെ കാഡിലാക്കിന് ഫോർഡ് മോഡൽ എ യുമായി സാമ്യമുണ്ടായിരുന്നു. 1903 ലെ ന്യൂയോർക്ക് ഓട്ടോ ഷോയിൽ പങ്കെടുത്തപ്പോൾ കാഡിലാക്കിന് 2000കാറുകൾക്കു ഓർഡർ ലഭിച്ചു. ആദ്യകാലം മുതൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും സുഖസൗകര്യങ്ങളും കാഡിലാക്കിന്റെ മുഖമുദ്രയാണ്. സാങ്കേതിക പരിഷ്കാരങ്ങൾ എതിരാളികളെക്കാൾ മുൻപേ തങ്ങളുടെ കാറുകളിൽ ഇണക്കിച്ചേർക്കുന്നതിൽ ഇവർ ശ്രദ്ധാലുക്കളായിരുന്നു. കൂട്ടമായി നിർമിക്കപ്പെടുന്ന കാറുകളിൽ പൂർണ ആവരണത്തോടുകൂടിയ ബോഡി 1906 ൽ കാഡിലാക്കാണ് അവതരിപ്പിച്ചത്.1912 ൽ സ്റ്റാർട്ടറോടുകൂടിയ സമ്പൂർണ ഇലക്ട്രിക്കൽ സംവിധാനം, 1928 ൽ സിംക്രോമെഷ് ഗീയർബോക്സ്,1930 ൽ വി-16എൻജിൻ,1941 ൽ പൂർണ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ എന്നിവയെല്ലാം ആദ്യമായി കാറുകളിൽ എത്തിച്ചത് ഇവരാണ്. 1949 ൽ പുറത്തിറങ്ങിയ കാഡിലാക്ക് വി-8 ഓവർഹെഡ് വാൽവ് എൻജിൻ, പതിറ്റാണ്ടുകളോളം അമേരിക്കൻ വാഹന എൻജിൻ രൂപകൽപ്പനയെ സ്വാധീനിച്ചിരുന്നു. കാഡിലാക്കിന്റെ മൂല്യം തുടക്കത്തിലേ കണ്ടറിഞ്ഞ ജി എം 1909 ൽ കമ്പനി സ്വന്തമാക്കുകയും തങ്ങളുടെ ആഡംബരകാർ വിഭാഗമാക്കുകയും ചെയ്തു.
സാങ്കേതിക മികവ്
ബാഹ്യരൂപകൽപ്പനയ്ക്കും കാഡിലാക്ക് ഏറെ പ്രാധാന്യം കൊടുത്തു. ജി എംലെ രൂപകൽപ്പന വിദഗ്ധൻ ഹാർളി ഏളിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ ഒട്ടേറെ പരീക്ഷണങ്ങൾ നടന്നു. ഇക്കൂട്ടത്തിൽ പിന്നിൽ ഡിക്കിക്ക് ഇരുവശവുമുള്ള ടെയിൽഫിൻ (ചിറകുകൾ), മുന്നിലെ വളഞ്ഞ വിസ്തൃതമായ വിൻഡ്സ്ക്രീൻ, തിളക്കമുള്ള സ്റ്റെയിൻലസ് സ്റ്റീൽ ക്രോമിയം ഗാർണിഷുകൾ എന്നിവയൊക്കെ അൻപതുകളിലും അറുപതുകളിലും മറ്റ് അമേരിക്കൻ നിർമാതാക്കൾ പരക്കെ അനുകരിച്ചവയാണ്. പിന്നിൽ ഇടത്തുവശത്തെ ടെയിൽ ലൈറ്റ് മുകളിലേക്ക് ഉയർത്തുമ്പോൾ കാണപ്പെടുന്ന പെട്രോൾ ടാങ്ക് ടാപ്പ്, കാഡിലാക്കിന്റെ പ്രത്യേകതയായിരുന്നു. ഹെഡ്‌ലൈറ്റ് ബീം, സ്വയം ഡിം ചെയ്യുന്ന ‘ ഓട്രോണിക് ഐ’ 1953ലും ഡ്രൈവർ സീറ്റ് ക്രമീകരണം ‘ ഓർത്തിരിക്കുന്ന’ സംവിധാനം 1957 ലും പൂർണ ‘ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ 1964 ലും തങ്ങളുടെ കാറുകളിൽ നൽകിയ കാഡിലാക് ഇക്കാലയളവിൽ ആഡംബരകാറുകളിൽ ആഗോളതലത്തിൽ മുൻനിരയിൽ തുടർന്നു. അക്കാലത്ത് അമേരിക്കയിലെ ഉന്നതർ സമൂഹത്തിൽ തങ്ങളുടെ സ്ഥാനം വിളിച്ചറിയിക്കാനുള്ള ചിഹ്നമായി കാഡിലാക്ക് ഉപയോഗിച്ചിരുന്നു. കാലത്തിനൊത്ത പരിഷ്ക്കാരങ്ങൾ രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും വരുത്തി ആധുനിക കാലത്തിലും കാഡിലാക്ക് തങ്ങൾക്ക് ഉന്നതശ്രേണിയിലുള്ള സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
മോഡൽ -ബി
കമ്പനിയുടെ ആദ്യത്തെ ആഡംബരകാർ , 4.9 ലീറ്റർ വ്യാപ്തിയും 30 എച്ച്പി ശക്തിയുമുള്ള നാലു സിലിണ്ടർ എൻജിനാണുണ്ടായിരുന്നത്. സങ്കീർണമായ മൂന്ന് സ്പീഡ് ഗീയർ ബോക്സും പ്രാഥമികമായ ഒരു ക്രൂയ്സ് കൺട്രോൾ (ഡ്രൈവറുടെ ഇടപെടലില്ലാത്ത സ്ഥിരവേഗത്തിൽ ഓടുന്ന) സംവിധാനവും ഇതിന്റെ പ്രത്യേകതകളായിരുന്നു.
മോഡൽ-30
പൂർണ ആവരണമുള്ള ബോഡിയുമായി എത്തിയ ആദ്യ കാർ. 1912ൽ ഈ മോഡലിലാണ് ആദ്യമായി ഇലക്ട്രിക് സ്റ്റാർട്ടറും സമ്പൂർണ ഇലക്ട്രിക്കൽ സംവിധാനവും ഇണക്കിച്ചേർത്തിരുന്നത്. സാങ്കേതിക മികവുമൂലം രണ്ടാമതൊരിക്കൽക്കൂടി ഡിവാർട്രോഫി കാഡിലാക്കിന് ഈ കാർ നേടിക്കൊടുത്തു.