Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുതേ എന്തിന് ഹോണടിക്കുന്നു?

horn-not-ok-please-3

ട്രാഫിക്കിൽ സിഗ്നൽ കാത്ത് കിടക്കുന്ന വാഹനങ്ങൾ... സിഗ്നലിൽ ചുവപ്പ് ലൈറ്റാണെങ്കിലും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെ നാം നിരന്തരം കാണാറുണ്ട്. എന്തിനാണ് ഇവർ‌ ഇങ്ങനെ ഹോൺ മുഴക്കുന്നത്. ഗതാഗതക്കുരുക്കാണ്, പോകാൻ കഴിയില്ലെന്നു ബോധ്യമായാൽ പോലും ഹോൺ മുഴക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഹോൺ മുഴക്കിയാൽ റോഡിനു വീതി കൂടുമോ എന്നു കേൾക്കുന്നവർക്കു സംശയം തോന്നാം

ഹോണിന്റെ മനഃശാസ്ത്രം

പല സ്ഥലങ്ങളിലും ഡ്രൈവർമാർ ഹോൺ ഉപയോഗിക്കുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാനാണു സാധാരണ ഹോൺ മുഴക്കുന്നത്. എന്നാൽ ചിലപ്പോൾ ദേഷ്യം, നിരാശ, അക്ഷമ എന്നിവയും തുടർച്ചയായി ഹോൺ മുഴക്കാൻ കാരണമാകുന്നുണ്ടെന്നു മനഃശാസ്ത്രജ്ഞർ പറയുന്നു.

horn-not-ok-please-1

നമ്മുടെ മുന്നിലുള്ള വാഹനത്തിനും പിന്നിലുള്ള വാഹനത്തിനും റോഡ് അവകാശങ്ങളുണ്ടെന്നതും വിസ്മരിച്ചു കൂടാ. സമ്മർദ്ദം കൂടുമ്പോൾ ഡ്രൈവർമാർ ഹോൺ മുഴക്കി തങ്ങളുടെ ദേഷ്യം മറ്റുള്ളവരിലേക്കു കൈമാറുകയാണെന്നാണു മറ്റൊരു പഠനം പറയുന്നത്. എന്നാൽ ഹോൺ മുഴക്കുന്നതിലൂടെ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുകയാണു ഡ്രൈവർമാർ ചെയ്യുന്നത്. തുടർച്ചയായ ഹോൺ, വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്തു ചെയ്യണമെന്ന അങ്കലാപ്പിലാകുന്നതോടെ അപകട സാധ്യത കൂടുന്നു.

റോഡിന്റെ പരമാധികാരം എനിക്കാണെന്ന വിളിച്ചറിയിക്കൽ കൂടി തുടർച്ചയായി ഹോൺ മുഴക്കുന്നതിന്റെ പിന്നിലുണ്ട്. വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങളെ ഭയപ്പെടുത്തുന്നു. ഇരുചക്രവാഹനയാത്രികർ കാൽനടയാത്രക്കാരെ ഹോണടിച്ചു പേടിപ്പിക്കുന്നു.

ഹോൺ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

തുടർച്ചയായ അമിത ഹോൺ ശബ്ദം ഡ്രൈവർമാർക്കും ട്രാഫിക് പൊലീസിനുമാണു കൂടുതൽ ആരോഗ്യപ്രശ്നം ആദ്യം സൃഷ്ടിക്കുക. ഓട്ടോറിക്ഷ, ബസ് ഡ്രൈവർമാരെയാണ് അമിത ശബ്‌ദം പ്രതികൂലമായി ബാധിക്കുന്നത്. 60 മുതൽ 70 ഡെസിബല്ലിൽ കൂടുതലുള്ള ശബ്‌ദം കേൾവിക്കു തകരാർ ഉണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിച്ചതാണ്. ഇതു 120 ഡെസിബല്ലിനു മുകളിലാണെങ്കിൽ താൽക്കാലികമായി ചെവി കേൾക്കാതെയാകും. സാവധാനത്തിൽ കേൾവി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേൾക്കുന്നതിന്റെ ദൂഷ്യഫലം.

horn-not-ok-please

ബസ് ഡ്രൈവർമാർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവരെയാണ് ഈ ശബ്ദം ഏറ്റവും ബാധിക്കുക. അമിത ശബ്ദത്തിൽ ഹോൺ മുഴക്കി പോകുന്ന ബസ് ഡ്രൈവർമാർ ഈ വസ്തുത മനസ്സിലാക്കുന്നില്ല. ദീർഘ നേരം അമിത ഹോൺ ചെവിയിൽ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇത് അപകടം ഉണ്ടാക്കാനും കാരണമായേക്കാം.

വേണ്ടത് ബോധവൽക്കരണം

എയർ ഹോണുകൾ, അമിതമായി ഹോണടിച്ചു ബഹളമുണ്ടാക്കുന്ന വാഹനങ്ങൾ, ശബ്‌ദവ്യത്യാസം വരുത്തി പുറത്തിറക്കുന്ന വാഹനങ്ങൾ എന്നിവയെ പിടികൂടാൻ മോട്ടോർ വാഹന ചട്ടങ്ങളിൽ നിയമം ഉണ്ട്. എന്നാൽ നടപടിയെടുക്കാത്തതാണു പ്രധാന പ്രശ്‌നം. പലർക്കും തങ്ങൾ ഉപയോഗിക്കുന്ന ഹോൺ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ധാരണയുണ്ടാകില്ല. മെഗാസോണിക്ക് സൗണ്ട് ഉണ്ടാക്കുന്ന 120 ഡെസിബെല്‍ വീതമുള്ള രണ്ട് ഹോണുകളാണ് വാഹനങ്ങളിലുണ്ടാകുക.

ഹോണിന് അനുവദനീയമായ പരിധി

സാധാരണ സംസാരിക്കുമ്പോൾ കേൾക്കുന്ന ശബ്‌ദം 30-40 ഡെസിബല്ലും ഉച്ചത്തിൽ സംസാരിക്കുമ്പോൾ 50 ഡെസിബെലുമാണ് കേൾക്കുന്നത്. ഇനി സാധാരണ ഹോണാണെങ്കിൽ 70 ഡെസിബൽ വരെ ശബ്ദമുണ്ടാകും. നിരോധിത എയർ ഹോണുകൾ മുഴക്കുമ്പോൾ 90-100 ഡെസിബൽ വരെ ശബ്ദമാണുണ്ടാകുന്നത്. വെടിപൊട്ടുന്ന ശബ്‌ദം 120 ഡെസിബെലാണ്

horn-not-ok-please-2

സ്ഥലങ്ങളെ വിവിധ മേഖലകളായി തിരിച്ച് ഹോൺ എത്ര ഡെസിബെൽ ശബ്ദം വരെ മുഴക്കാം എന്ന് നിശ്ചയിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ വ്യവസായ മേഖലയിൽ 75 ഡെസിബെൽ വരെയും രാത്രിയിൽ 70 ഡെസിബൽ വരെയുമാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കച്ചവട മേഖലകളിൽ പകൽ സമയത്ത് 65 ഡെസിബെലും രാത്രിയിൽ 55 ഡെസിബെല്ലും. പകൽ സമയത്ത് ഗാർഹിക മേഖലയിൽ 55 ഡെസിബെൽ വരെയും രാത്രി 45 ഡെസിബെൽ വരെയും എന്ന് നിശ്ചയിച്ചിട്ടുണ്ട്. നിശബ്‌ദ മേഖലയില്‍ പകല്‍ 50 ഡെസിബെൽ വരെയും രാത്രി 40 ഡെസിബെൽ വരെയുണ്ട് അനുവദനീയമായ പരിധി.

അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാൽ 1000 രൂപ വരെയാണ് പിഴ ഈടാക്കാൻ സാധിക്കുക. എന്നാൽ ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനായുള്ള ഉപകരണങ്ങളൊന്നും മോട്ടോർ വാഹന വകുപ്പിൽ ഇല്ലാത്തതിനാൽ, നിലവിൽ എയർഹോണുകൾ പോലുള്ളവ ഉപയോഗിക്കുന്നവരെ മാത്രമേ ശിക്ഷിക്കുന്നുള്ളു.

Your Rating: