ഇവയുള്ളപ്പോൾ ഇന്ത്യ പറന്ന് ആക്രമിക്കും ! 

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന. 170,000 സൈനികര്‍, വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 1900 ആകാശയാനങ്ങൾ, ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും, ആക്രമിച്ചു തോല്‍പ്പിക്കാനും ശേഷിയുള്ള നിരവധി പോര്‍വിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. ഒരു യുദ്ധസാഹചര്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന യുദ്ധവിമാനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. 

സുഖോയ് എസ് യു-30 എംകെഐ

ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയാണു സുഖോയ് എസ് യു-30. റഷ്യന്‍ കമ്പനി സുഖോയ് വികസിപ്പിച്ച ഈ വിമാനം ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ്. സുഖോയ് കമ്പനിയുടെ അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇപ്പോള്‍ ഇവ നിര്‍മിക്കുന്നത്. ഏകദേശം 242 സുഖോയ് എസ് യു-30 എംകെഐ വിമാനങ്ങള്‍ നിലവില്‍ ഇന്ത്യയുടെ പക്കലുണ്ട്. മുപ്പതോളം സുഖോയ് എസ് യു 30 വിമാനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എഎല്‍. 2002 ലാണ് ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. 2004 ല്‍ സുഖോയ് ഇന്ത്യയില്‍ അസംബിള്‍ ചെയ്തു തുടങ്ങി.  രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2100 കിലോമീറ്റര്‍ വേഗതയുള്ള വിമാനത്തിന് 8000 കിലോമീറ്റര്‍ ദൂരം വരെ പറക്കാനാവും. ആകാശത്ത് വെച്ച് യഥേഷ്ടം ഇന്ധനം നിറയ്ക്കാനാവും എന്നതും ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് മിസൈലുകളും, ബോംബുകളും, തോക്കുകളും വഹിക്കാന്‍ ഇവയ്ക്കാവും. 358 കോടി രൂപയാണ് വിമാനത്തിന്റെ ഏകദേശവില. 

മിഗ് 29 

സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച സൂപ്പര്‍സോണിക് ജെറ്റ് വിമാനമാണ് മിഗ് 29. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്നു ഈ യുദ്ധവിമാനം. സോവിയറ്റ് യൂണിയന് പുറത്തു നിന്ന് മിഗ് വിമാനത്തെ സ്വന്തമാക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണ്. 1985 ലാണ് മിഗ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. നിരവധി നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുള്ള ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. പൈലറ്റ് മാത്രമുള്ള ഈ യുദ്ധവിമാനത്തിന് 2400 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. 1430 കിലോമീറ്റര്‍ വരെ ദൂരം ഒറ്റയടിക്ക് പറക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. ഏകദേശം 29 ദശലക്ഷം ഡോളറാണ് ഒരു വിമാനത്തിന്റെ വില. ഇന്ത്യന്‍വ്യോമ സേനയുടെ പക്കല്‍ ഏകദേശം 69 മിഗ് 29 വിമാനങ്ങളുണ്ട്.

തേജസ് 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമാണ് തേജസ്. ഇപ്പോള്‍ സേനയുടെ ഭാഗമായിരിക്കുന്ന റഷ്യയുടെ മിഗ്-21,27 പോര്‍വിമാനങ്ങള്‍ക്കു പകരമായി 2018-19 തോടെ ആയിരിക്കും തേജസ് ഇന്ത്യന്‍ സേനയില്‍ ഇടം പിടിക്കുന്നത്. മണിക്കൂറില്‍ 1350 കിലോമീറ്റര്‍ താണ്ടാന്‍ ശേഷിയുള്ള തേജസ് ഫ്രഞ്ച് മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപിടിക്കുന്ന യുദ്ധവിമാനമാണ്. 8.5 ടണ്‍ ഭാരമുള്ള തേജസിനു മൂന്നുടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. വായുമേധ മിസൈലുകള്‍, ലേസര്‍ ബോംബുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി തുടങ്ങിയയാണ് ഇതിന്റെ പ്രത്യേകത. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് നിര്‍മിക്കുന്ന തേജസിന് ഏകദേശം 300 കോടി രൂപ വില വരും. നിലവില്‍ ഇന്ത്യന്‍ സേനയില്‍ മൂന്നു തേജസ് വിമാനങ്ങളാണുള്ളത്. മിസൈലുകള്‍, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങള്‍ എന്നിവ വഹിക്കാനും വേണ്ടപോലെ ഉപയോഗിക്കാനും തേജസിനു ശേഷിയുണ്ട്. അതിര്‍ത്തികളിലും മറ്റിടങ്ങളിലും ഏറെ ഉപകാരപ്പെടുന്ന, കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ തേജസ് വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ ഗവേഷണകേന്ദ്രമാണ് തേജസ് രൂപകല്‍പന ചെയ്തത്. 

മിറാഷ് 2000 

ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്. 

മിഗ്-21

റഷ്യയും ചൈനയും കഴിഞ്ഞാല്‍ മിഗ് 21 ഏറ്റവുമധികം ഉപയോഗിക്കുന്ന വ്യോമസേന ഇന്ത്യയുടേതായിരുന്നു. 1961 ലാണ് മിഗ് 21 സേനയുടെ ഭാഗമാകുന്നത്. ഏകദേശം 245 മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നു. ഇതില്‍ 113 എണ്ണം 2017 ല്‍ വിരമിക്കും ബാക്കി 132 എണ്ണം 2022 ലും. ഇന്ത്യന്‍ വായുസേനയുടെ 16 സ്‌ക്വാഡ്രണുകള്‍ മിഗ് 21 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും, 1999 കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 പ്രധാന പങ്ക് വഹിച്ചു. വിവിധ ലോകരാജ്യങ്ങള്‍ മിഗ് 21 ഉപയോഗിക്കുന്നു. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന ഈ ഫൈറ്റര്‍ ജെറ്റിന് പരമാവധി 2175 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.

മിഗ്-27

തേജസ് ഇന്ത്യന്‍ വ്യോമസേനയിൽ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വിരമിക്കുന്ന വിമാനങ്ങളിലൊന്നാണ് മിഗ്-27. സോവിയറ്റ് യുണിയന്‍ നിര്‍മ്മിത വിമാനമായ മിഗ് 27-ന്റെ ഏകദേശം 120 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. ഇതില്‍ നവീകരിക്കാന്‍ വയ്യാത്തവ 2016 ല്‍ വിരമിക്കും. ബാക്കിയുള്ളവ 2017-18 സാമ്പത്തിക വര്‍ഷം വിരമിക്കും. 1979 മുതല്‍ 86 വരെ യുഎസ്എസ്ആറില്‍ നിര്‍മിച്ച വിമാനമാണ് മിഗ് 27. ആകാശത്തു നിന്ന് കരയിലേക്കുള്ള ആക്രമണത്തിനാണു മിഗ് 27 പ്രധാനമായി ഉപയോഗിക്കുന്നത്. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 1350 കിലോമീറ്ററാണ്. ലേസര്‍ ബോംബുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട് മിഗ് 27ന്്.

ജാഗ്വര്‍

ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ച അറ്റാക്കിങ് അല്ലെങ്കില്‍ സ്റ്റൈക്കിങ് യുദ്ധവിമാനമാണ് ജാഗ്വര്‍. 1979 ല്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്ന് വാടയ്‌ക്കെടുത്ത ജാഗ്വറാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ആദ്യമായി എത്തിയത്. തുര്‍ന്ന് 81 ല്‍ ഇന്ത്യക്കായി നിര്‍മിച്ച ജാഗ്വറുകളെത്തി. 1987-ൽ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജാഗ്വര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്ക് വഹിച്ചു. ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും എന്നത് ജാഗ്വര്‍ വിമാനങ്ങളുടെ പ്രത്യേകതയാണ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന്റെ 145 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനക്കുണ്ട്. ഇന്ത്യയെക്കൂടാതെ ബ്രിട്ടന്‍, ഇക്ക്വഡോര്‍, ഫ്രാന്‍സ്, ഒമാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ജാഗ്വര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നു. പൈലറ്റിനു മാത്രം കയറാവുന്ന വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 1699 കിലോമീറ്റാണ്. 

ശക്തി കൂട്ടാന്‍ റാഫേല്‍

ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി കൂട്ടാനെത്തുന്ന വിമാനമാണ് റാഫേല്‍. നിലവില്‍ ഫ്രഞ്ച് എയര്‍ഫോഴ്‌സ്, ഫ്രഞ്ച് നേവി, ഈജിപ്ത് എയര്‍ഫോഴ്‌സ്, ഖത്തര്‍ എയര്‍ഫോഴ്‌സ് എന്നിവരാണ് റാഫേല്‍ വിമാനം ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റാഫേലിന്റെ വേഗം 1.8 മാകാണ് (മണിക്കൂറില്‍ 1912 കിലോമീറ്റര്‍). 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെസ് ശേഷിയുള്ളതാണ് റാഫേല്‍. മിക്ക ആധുനിക ആയുധങ്ങളും റാഫേലില്‍ ഘടിപ്പിക്കാനാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ റഫേല്‍ മികച്ച വിമാനം തന്നെയാണ്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ച റഫേലിന്റെ സേവനം മികച്ചതായിരുന്നു. അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫേല്‍ പുറത്തിറങ്ങുക.