ബൈക്ക് യാത്രികർ ശ്രദ്ധിക്കാൻ

സ്പോർട്സ് ബൈക്കുൾ, പെർഫോമൻസ് ബൈക്കുകൾ, കമ്യൂട്ടർ ബൈക്കുകൾ തുടങ്ങി നിരവധി പേരുകൾ പറഞ്ഞാണ് ഓരോ ബൈക്കുകളും വിപണിയിലെത്തുന്നത്. എന്നാൽ ആർ ടി ഓഫീസിൽ വാഹനങ്ങളെ തിരിക്കുന്നതെങ്ങനെയാണ്?. വാഹനത്തിന്റെ എ‍ൻജിൻ ശേഷിയുടെ അടിസ്ഥാനത്തിലാണ് ബൈക്കുകളെ സാധാരണയായി തരം തിരിക്കുന്നത്. ഔദ്യോഗികമായി 100 സിസിക്കു മുകളിലും താഴെയും എന്ന തരം തിരിവു മാത്രമാണുള്ളതെന്ന് പാലക്കാട് ആർടിഒ എം. ശരവണൻ വ്യക്തമാക്കുന്നു.

സ്പോർട്സ് ബൈക്കുകൾ നിരത്തിൽ ഉപയോഗിക്കാനുള്ളതല്ല. നിരത്തിൽ ഉപയോഗിക്കുന്ന ഒരു ബൈക്കുകളും സ്പോർട്സ് ബൈക്കുകളല്ല. ബൈക്കുകൾ അവയുടെ എൻജിൻ ശേഷിയുടെ അടിസ്ഥാനത്തിൽ 250 മുതൽ 500 സിസി വരെയുള്ളവ ലൈറ്റ് വെയിറ്റ്, 900 സിസി വരെയുള്ളവ മിഡിൽ വെയിറ്റ്, 1000 സിസി മുതൽ മുകളിലേക്കുള്ളത് ലിറ്റർ ക്ലാസ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 250 സിസിയിൽ താഴെ കരുത്തുള്ളവ കമ്യൂട്ടർ(ദൈനംദിന യാത്ര) എന്ന വിഭാഗത്തിലാണ് വരുന്നത്. നമ്മുടെ നിരത്തിൽ കാണുന്ന 150 മുതൽ 300 സിസി വരെയുള്ള ‘സ്പോർട്സ് ബൈക്കുകൾ’ യഥാർഥ പെർഫോമൻസ് ബൈക്കുകളല്ല. അവയുടെ സ്ഥാനം കമ്യൂട്ടറിനും സ്പോർട്സ് ബൈക്കിനും ഇടയിലാണ്. ‘സ്പൂഫുകൾ’(അനുകരണം) എന്നാണ് ഇവയെ വിളിക്കുന്നത്. ശേഷി കൂടിയ സ്പോർട്സ് ബൈക്കുകളുടെ ഡിസൈൻ അനുകരിച്ചു നിർമിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേരു വരാൻ കാരണം. ശേഷി കൂടിയ എൻജിനുകൾ ഉപയോഗിക്കുന്ന ബൈക്കുകൾക്ക് പ്രതികൂല സാഹചര്യത്തിലും മികച്ച ബ്രേക്കിങ് സാധ്യമാക്കുന്ന ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) എന്ന ബ്രേക്ക് സംവിധാനമുണ്ട്. ‘സ്പൂഫു’കൾക്കു പൊതുവെ എബിഎസ് ഉണ്ടാകാറില്ല.

ബൈക്ക് യാത്രികർ ശ്രദ്ധിക്കാൻ

‘സാഹചര്യത്തിനനുസരിച്ചുള്ള വേഗത്തിൽ വാഹനം ഓടിക്കുക’ എന്നാണ് ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്) ബൈക്ക് യാത്രക്കാർക്കായി പുറത്തിറക്കിയ നിർദേശങ്ങളിൽ പ്രധാനം. പ്രസക്തമായ ഒന്നാണിത്. സാഹചര്യം എന്നാൽ വാഹനത്തിന്റെ ക്ഷമത, റോഡിന്റെ നിലവാരം, വാഹനങ്ങളുടെ ബാഹുല്യം, പല അവസ്ഥകളിൽ വാഹനം കൈകാര്യം ചെയ്യാനുള്ള ജ്ഞാനം എന്നിവ ഉൾപ്പെടുന്നു. നിർദ്ദേശങ്ങൾക്കൊപ്പം ചില വസ്തുതകളും നാറ്റ്പാക് പങ്കുവയ്ക്കുന്നു. രാജ്യത്തെ റോഡപകടങ്ങളുടെ കണക്ക് എടുത്താൽ അതിൽ മരണപ്പെടുന്ന 30% പേരും ബൈക്ക് യാത്രികരാണ്. ഇതിൽ പകുതിയോളം 18 മുതൽ 25 വരെ വയസുള്ളവരും. അപകടങ്ങളിൽ പെട്ട് അംഗവൈകല്യം സംഭവിച്ചവരുടെ കണക്കെടുത്താലും ഇവർ തന്നെ മുന്നിൽ. ആകെ അപകടങ്ങളുടെ 63 % ഇരുചക്ര വാഹനങ്ങൾ മൂലമാണ്.

അമിതവേഗവും അശ്രദ്ധയും റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനവും ഇരുചക്രവാഹനങ്ങളെ കൊലയാളി വണ്ടികളാക്കുന്നു. ഇരുചക്ര വാഹന ഉടമകളിൽ ഭൂരിഭാഗം പേരും ദിവസവും വണ്ടിയുടെ ടയർ പ്രഷർ, ബ്രേക്ക്, ഹെഡ്‌ലൈറ്റ് ബീം, മറ്റ് സിഗ്നൽ ലൈറ്റുകൾ എന്നിവ പരിശോധിക്കാറില്ലെന്നും കണ്ടെത്തിയിരുന്നു. ഹെൽമെറ്റ്, കണ്ണട, ഷൂസ് എന്നിവ ധരിച്ചു വേണം ബൈക്ക് ഓടിക്കാൻ. ലഹരി ഉപയോഗിച്ച ശേഷം ഒരു വണ്ടിയും ഉപയോഗിക്കാൻ പാടില്ല. പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയെയാണ് ലഹരി ബാധിക്കുന്നത്. ഹൈവേകളിൽ പോലും ഇരുചക്ര വാഹനങ്ങളുടെ വേഗം പരമാവധി 50 കിലോമീറ്ററാണ്. പക്ഷേ നിയമം കർക്കശമല്ലാത്തതിനാൽ ഇടവഴികളിൽ പോലും ഇതിലുമധികം വേഗം കാഴ്ച സാധാരണമാണ്.