മികച്ച യാത്രാസുഖം, കരുത്ത് എന്നിവ നൽകുന്നതിനാൽ ഇരുചക്രവാഹനങ്ങളിൽ ബുള്ളറ്റ് രാജാവാണ്. എന്നാൽ, ചില കാര്യങ്ങളിലെങ്കിലും ബുള്ളറ്റ് മറ്റു ബൈക്കുകളെ അപേക്ഷിച്ചു വളരെ പിന്നിലാണ്. മറ്റു ഇരുചക്രവാഹന നിർമാതാക്കൾ കരുത്തും മികവും വർധിപിച്ചു വിപണിയിൽ ആധിപത്യം നിലനിർത്താൻ ശ്രമിച്ചപ്പോൾ, രൂപകൽപനയിലും മികവിലും പരാമ്പരാഗത രീതി പിന്തുടർന്ന ബുള്ളറ്റ് നിർമാതാക്കൾ വാഹനത്തിനു പുതുമ നൽകാൻ ശ്രമിച്ചിട്ടില്ലെന്നു തന്നെ പറയാം. ബുള്ളറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർ പക്ഷേ മറ്റു ചില കാര്യങ്ങൾ കൂടി ഒാർക്കുന്നത് നല്ലതായിരിക്കും.
ബുള്ളറ്റ് വേഗമത്സരത്തിനുള്ള ബൈക്കല്ല
ഇരുചക്രവാഹനത്തിനു മികച്ച വേഗത ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, ഓർക്കുക ബുള്ളറ്റ് നിങ്ങൾക്കു ചേർന്നതല്ല. വേഗപ്രിയർക്കു വേണ്ടിയുള്ളതല്ല മറിച്ച് റൈഡിംഗ് ഒരനുഭവമാക്കാനാഗ്രഹിക്കുന്നവർക്കായി രൂപപ്പെടുത്തിയിരിക്കുന്നതാണു ബുള്ളറ്റെന്നു നിർമാതാക്കൾ തന്നെ പറയുന്നു. അതായത് വേഗപ്രിയർ ബുള്ളറ്റിനെ തെരഞ്ഞെടുക്കേണ്ടതില്ലെന്നു വ്യക്തം. അതേ സമയം മികച്ച റൈഡിംഗ് ബുള്ളറ്റ് നൽകുന്നുവെന്നതിന് എതിരഭിപ്രായമില്ല.
ഹൈവേകളില്‍ മികച്ചത്
വീതി കൂടിയ പ്രധാന നിരത്തുകളിലും ഹൈവേകളിലും ബുള്ളറ്റ് മികച്ചതാണ്. എന്നാൽ ചെറിയ വഴികളിലും തിരക്കു പിടിച്ച സ്ഥലങ്ങളിലും ബുള്ളറ്റിനെ നിയന്ത്രിക്കുന്നത് അൽപം പാടു പിടിച്ച പണിയാണ്.
നിർമ്മാണ നിലവാര തകർച്ച
ബുള്ളറ്റ് ഉപയോഗിക്കുന്ന ആളുകൾ എല്ലാവരും പറയുന്നതാണ് പഴയ നിർമ്മാണ നിലവാരം ബുള്ളറ്റിനില്ലെന്ന്. തുരുമ്പു പിടിക്കുന്ന ഭാഗങ്ങൾ. ഇടക്കിടയ്ക്ക് മാറേണ്ടി വരുന്ന പാർട്ട്സുകൾ എന്നിവ പുതിയ ബുള്ളറ്റ് ഉപയോഗിക്കുന്നവരുടെ തലവേദന കൂട്ടുന്നു.
മൈലേജ്
സാധാരണ ബൈക്കുകൾ 50-70 കിലോമീറ്റർ വരെ മൈലേജു നൽകുമ്പോൾ ശരാശരി 35 മുതൽ 45 കിലോമീറ്ററാണ് ബുള്ളറ്റിന്റെ മൈലേജ്. ദിവസം 70 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ദിവസചെലവ് ഇരട്ടിയാകുമെന്നർഥം. മറ്റു ഇരുചക്രവാഹന നിർമാതാക്കൾ മൈലേജ് എങ്ങനെ വർധിപ്പിക്കാം എന്നതിനെക്കുറിച്ചു പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ അതിനെപ്പറ്റി ബുള്ളറ്റ് നിർമാതാക്കൾ അതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്നാണ് തോന്നുന്നത്
അധിക ഭാരം
200 കിലോയിലടുത്താണ് ബുള്ളറ്റിന്റെ ഭാരം. ബൈക്കിന്റെ ഉപയോഗത്തെക്കുറിച്ചു ചിന്തിക്കാതെ എല്ലാ ഭാഗങ്ങളും മെറ്റലിൽ തീർത്തതാണെന്നു പറയുന്നതിൽ അർഥമില്ല. ഡ്യൂക്ക്, പൾസർ എന്നിവയുടെ ചില പാർട്സുകൾ ലോഹ നിർമിതമല്ലെന്നതു ശരി തന്നെ. പക്ഷേ ഉപയോഗത്തിന്റെ കാര്യത്തിൽ ബുള്ളറ്റിനെ ഇവ പിന്തള്ളുന്നുവെങ്കിൽ ഇവയുടെ ബോഡിയെ കുറ്റം പറയുന്നതെന്തിന്? ഭാരക്കൂടുതൽ ഹൈവേയിൽ മികച്ച ബാലൻസ് നൽകുന്നുവെന്നതിന് ഇന്ത്യ പോലെ ധാരാളം ചെറുവഴികളുള്ള സ്ഥലങ്ങളിൽ എന്തു പ്രസക്തി?
സ്പോക്ക് വീലുകൾ
അലോയ് വീലിന്റെ ഈ കാലഘട്ടത്തിലും ബുള്ളറ്റിലിപ്പോഴും ഉള്ളത് പഴയ മോഡൽ സ്പോക്ക് വീലുകൾ തന്നെ. പ്രധാനമായും ഓഫ്-റോഡ് റൈഡുകൾക്കു വേണ്ടിയുള്ളതാണ് സ്പോക്ക് വീലുകൾ. എളുപ്പത്തിൽ നന്നാക്കാനാകും എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.
മാസങ്ങൾ നീണ്ട കാത്തിരിപ്പ്
ബുള്ളറ്റ് ബുക്കു ചെയ്തു ഏതാനും മാസങ്ങൾ കഴിയുമ്പോൾ മാത്രമേ വാഹനം കൈയിലെത്തു. വിവിധ മോഡലുകളിൽ രണ്ടു മുതല്‍ പത്ത് മാസം വരെ കാത്തിരുന്നാലെ ബുള്ളറ്റ് ലഭിക്കുകയുള്ളു
വാഹനം മികച്ചത്
റോയൽ എൻഫീൽഡ് എന്ന വാഹനത്തെക്കുറിച്ചു നല്ലതു പറയുന്നവരും കമ്പനിയുടെ സേവനത്തിൽ അത്ര തൃപ്തരല്ലെന്നു വേണം കരുതാൻ. പരാതികൾ കമ്പനി പരിഗണിക്കുന്നില്ലെന്നുള്ളതും കസ്റ്റമേഴ്സിന്റെ മറ്റൊരു പ്രധാന പരാതിയാണ്.