ലോകത്തിലെ രണ്ടാമത്തെ വലിയ ഇരുചക്ര വിപണിയാണ് ഇന്ത്യ. വർഷാവർഷം നിരവധി ബൈക്കുകളും സ്‌കൂട്ടറുകളും വിപണിയിലിറങ്ങുന്നതിന്റെ കൂടെ അവയുടെ ഡസൻകണക്കിന് പരസ്യങ്ങളുമാണ് നമ്മുടെ സ്വീകരണ മുറികളിലെത്തുന്നത്. പലപരസ്യങ്ങളും നമ്മുടെ മനസിനെ സ്പർശിക്കാതെ കടന്നുപോയിട്ടുണ്ടെങ്കിലും ചിലവ ഇന്നും നമ്മുടെ മനസുകളിൽ മായാത്തൊരു ഓർമ്മയാണ്. ഒരിക്കലും വിസ്മൃതിയിലാഴാത്ത അഞ്ച് ഇരുചക്രവാഹനങ്ങളുടെ പരസ്യങ്ങളിലൂടെ...
ബജാജ് കാലിബർ 115- ഹൂഡിബാബ
2003ലെ ക്രിക്കറ്റ് വേൾഡ് കപ്പ് കണ്ടവർ അത്രപെട്ടന്ന് മറക്കില്ല ഹൂഡി ബാബാ എന്ന പരസ്യം. വേൾഡ് കപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങളിൾക്കിടെ ഹൂഡിബാബ എന്ന പേരിൽ സസ്‌പെൻസിട്ടുപോയെ പരസ്യം ഏത് ബൈക്കിന്റെയാണെന്ന് അറിയുന്നത് വേൾഡ് കപ്പ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുമ്പോഴാണ്. കാലിബർ 115 ഇന്ത്യൻ വിപണിയിൽ അധികം ക്ലച്ചുപിടിച്ചില്ലെങ്കിലും ഹൂഡിബാബ കത്തിക്കയറി.
സുസുക്കി സാമുറായ്- നോ പ്രോബ്ലം ബൈക്ക്
ഇന്നത്തെ യുവാക്കാൾക്ക് ഒരിക്കലും മറക്കാത്ത ബാല്യ കാല ഓർമ്മകൾ സമ്മാനിച്ച ബൈക്കായിരിക്കും സുസുക്കി സാമുറായ്. എന്ത് ചോദിച്ചാലും നോ പ്രോബ്ലം എന്ന് പറയുന്ന ജപ്പാൻകാരനുള്ള പരസ്യം അക്കാലത്തെ ഹിറ്റായിരുന്നു. പരസ്യം പോലെ തന്നെ സാമുറായ്‌യും അക്കാലത്തെ ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്നു.
ബജാജ്- ഹമാര ബജാജ്
ബുക്ക് ചെയ്ത് മൂന്ന് വർഷം വരെ നോക്കിയിരുന്ന് ബജാജ് ചേതക്ക് സ്വന്തമാക്കിയ കാലഘട്ടമുണ്ടായിരുന്നു ഇന്ത്യക്ക്. ദൂരദർശൻ നമുക്ക് മുന്നിലെത്തിച്ച ഇന്ത്യക്കാരുടെ സ്വന്തം സ്‌കൂട്ടർ കമ്പനിയായ ബജാജിന്റെ പരസ്യം എക്കാലത്തും ഗൃഹാതുരുത്വം ഉണർത്തുന്ന ഓർമ്മയാണ്. 1989 ൽ പുറത്തിറങ്ങിയ പരസ്യം അക്കാലത്തെ യുവതലമുറയേയും പഴയ തലമുറയേയും ഒരുപോലെ ആകർഷിച്ചതായിരുന്നു.
ഹീറോ ഹോണ്ട സിഡി 100- ഫിൽ ഇറ്റ് ഫോർഗെറ്റ് ഇറ്റ്
ഇന്ത്യയിൽ മൈലേജ് യുഗത്തിന് തുടക്കം കുറിച്ച ബൈക്കാണ് ഹീറോ ഹോണ്ട സിഡി 100. 1985 ൽ പുറത്തിറങ്ങിയ സിഡി 100 ന്റെ പരസ്യം മറക്കാനാവാത്ത ഓർമ്മയാണ്. സിഡി 100ന്റെ പ്രിന്റ് പരസ്യങ്ങളിൽ അക്കാലത്തെ ബോളീവുഡ് സിനിമയിലെ യുവതാരമായ സൽമാൻ ഖാനായിരുന്നു പ്രത്യക്ഷപ്പെട്ടത്.
പൾസർ - ഡെഫിനിറ്റ്‌ലി മെയിൽ
ഇന്ത്യൻ ബൈക്ക് വിപണിയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ബൈക്കാണ് പൾസർ. 2001 ൽ പുറത്തിറങ്ങിയ ബൈക്കിന് കൂടുതൽ പ്രചാരം നൽകിയ പരസ്യമായിരുന്നു പൾസർ ഡെഫിനിറ്റ്‌ലി മെയിൽ എന്നത്. പരസ്യത്തെക്കാൾ കൂടുതൽ ഡെഫിനിറ്റ്‌ലി മെയിൽ എന്ന വാചകമായിരുന്നു ആളുകളെ കൂടുതൽ ആകർഷിച്ചത്.