Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ സ്വന്തമായി വിപണനത്തിനൊരുങ്ങി റോയൽ എൻഫീൽഡ്

Royal Enfield Royal Enfield

അമേരിക്കൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് റോയൽ എൻഫീൽഡ് പുതിയ ഉപസ്ഥാപനം രൂപീകരിച്ചു. യു എസ് വിപണിയിലെ വിതരണ ചുമതല ഏൽപ്പിക്കാൻ വേണ്ടിയാണ് ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് ആദ്യ വിദേശ ഉപസ്ഥാപനം തുടങ്ങിയത്.

യു എസിൽ സ്വന്തം ബ്രാൻഡിലുള്ള വിൽപ്പന ശാലകൾ സ്ഥാപിച്ച് ‘ബുള്ളറ്റ്’ ശ്രേണിയിലെ ഇരുചക്രവാഹനങ്ങളും ഗീയറും വിൽക്കാനാണു റോയൽ എൻഫീൽഡിന്റെ പദ്ധതി. യു എസിലെ ഡീലർമാർക്കുള്ള വാഹന വിൽപ്പനയ്ക്കൊപ്പം ഉപയോക്താക്കൾക്കു നേരിട്ടുള്ള ‘ബുള്ളറ്റ്’ വിൽപ്പനയും പുതിയ ഉപസ്ഥാപനം മുഖേനയാവും. കൂടാതെ നോർത്ത് അമേരിക്കൻ വിപണിയിലെ ബൈക്കുകളുടെ വിപണനം, വിൽപ്പനാന്തര സേവനം, സർവീസിങ് തുടങ്ങിയവയൊക്കെ പുതുതായി രൂപീകരിച്ച ഉപസ്ഥാപനത്തിന്റെ ചുമതലകളാവും.

റൈഡിങ് പ്രേമികൾ ധാരാളമുള്ളതിനാൽ നോർത്ത് അമേരിക്ക റോയൽ എൻഫീൽഡിനു തന്ത്രപ്രധാന വിപണിയാണെന്നു കമ്പനി വ്യക്തമാക്കുന്നു. ഇടത്തരം വിഭാഗത്തിൽ എതിരാളികൾ കാര്യമായി ഇല്ലെന്നതും ഈ വിപണിയിൽ ‘ബുള്ളറ്റി’നു വൻസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നാണു കമ്പനിയുടെ വിലയിരുത്തൽ. അമേരിക്കയിൽ സ്വന്തം നിലയിൽ വിപണനവും വിൽപ്പനയും ഏറ്റെടുക്കുന്നതു റോയൽ എൻഫീൽഡിന് കൂടുതൽ അവസരം സൃഷ്ടിക്കുമെന്നും കമ്പനി പ്രസിഡന്റ് രുദ്രതേജ് സിങ് അഭിപ്രായപ്പെട്ടു. ‘ബുള്ളറ്റ് 500’, ‘ക്ലാസിക് 500’, ‘കോണ്ടിനെന്റൽ ജി ടി 535’എന്നിവയാണു നിലവിൽ റോയൽ എൻഫീൽഡ് യു എസ് വിപണിക്കായി അവതരിപ്പിക്കുന്നത്; വിവിധ മോഡലുകൾക്ക് 4,995 ഡോളർ(ഏകദേശം 3.27 ലക്ഷം രൂപ) മുതൽ 5,995 ഡോളർ(3.93 ലക്ഷത്തോളം രൂപ) വരെയാണു വില നിശ്ചയിച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡിന്റെ ആദ്യ ബ്രാൻഡ് സ്റ്റോർ വൈകാതെ മിൽവോകിയിൽ പ്രവർത്തനം തുടങ്ങുമെന്നു റോയൽ എൻഫീൽഡ് നോർത്ത് അമേരിക്ക പ്രസിഡന്റ് റോഡ് കോപ്സ് അറിയിച്ചു. കമ്പനിയുടെ ഉൽപന്ന ശ്രേണി പൂർണമായി തന്നെ ഈ സ്റ്റോറിൽ ലഭ്യമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത 18 മാസത്തിനുള്ളിൽ യു എസിലെ പ്രധാന നഗരങ്ങളിലെല്ലാം റോയൽ എൻഫീൽഡിന്റെ ബ്രാൻഡ് സ്റ്റോറുകൾ തുറക്കുമെന്നും കോപ്സ് വ്യക്തമാക്കി. ഇതോടൊപ്പം സ്വതന്ത്ര ഡീലർ ശൃംഖല വികസിപ്പിക്കാനും കമ്പനി ഊർജിത ശ്രമം നടത്തും.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ എൻഫീൽഡ് കഴിഞ്ഞ 15 വർഷമായി യു എസിലേക്കു ബൈക്ക് കയറ്റുമതി നടത്തുന്നുണ്ട്. നിലവിൽ ‘ബുള്ളറ്റ്’ ബൈക്കുകളുടെ വിതരണ ചുമതലയുള്ള ഫെയർബോൾട്ടിലെ ക്ലാസിക് മോട്ടോർ വർക്സ് ഈ വർഷം അവസാനത്തോടെ പിൻമാറുമെന്നും കോപ്സ് അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.