ടാക്സി ഓടിക്കുന്നതു നല്ല അധ്വാനം വേണ്ടുന്ന ഒരു ജോലി എന്നതിനപ്പുറം ബിസിനസ് സംരംഭമായി എത്ര ഡ്രൈവർമാർ കാണുന്നുണ്ട്? ഒറ്റ കാർ ഉള്ള ഉടമ പോലും അങ്ങനെ കരുതുന്നുണ്ടാവില്ല. ധാരാളം കാറുകളുള്ള ഫ്ലീറ്റ് നടത്തിപ്പുകാരെ മാത്രമേ ഈ രംഗത്ത് സംരംഭകർ എന്നു വിളിച്ചിരുന്നുള്ളൂ. എതിർപ്പുകൾ എന്തൊക്കെ ഉയരുന്നുണ്ടെങ്കിലും, മൊബൈൽ ആപ് വഴി ടാക്സി ഡ്രൈവർമാരെയും യാത്രക്കാരെയും കൂട്ടിമുട്ടിക്കുന്ന യൂബറും ഒലയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും സൃഷ്ടിച്ചിട്ടുള്ള സംരംഭകത്വ വിപ്ലവം കാണാതിരിക്കാനാവില്ല.
Read More: റോഡിലെ വരകൾ എന്തിന് ?
യൂബറിലും ഒലയിലും കാറോടിക്കുന്നവരിൽ 75 ശതമാനവും സ്വന്തം വാഹനം ഓടിക്കുന്ന സംരംഭകരാണ്. മുതിർന്ന പൗരൻമാർ, പ്രഫഷനലുകൾ, ടെക്കികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, പഠനത്തിനു പണം കണ്ടെത്താൻ പാർട്‌ടൈം ജോലി തേടുന്ന വിദ്യാർഥികൾ, വനിതകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഈ മുന്നേറ്റത്തിന്റെ നേട്ടം കൊച്ചി നഗരത്തിൽ ഒതുങ്ങുന്നില്ല. വിദൂര ജില്ലകളിൽനിന്ന് ഇവിടെയെത്തി കാറോടിക്കുന്നവരേറെ. ടാക്സി പെർമിറ്റുള്ളതും നല്ല അവസ്ഥയിലുള്ളതുമായ കാർ, ടാക്സി ഓടിക്കാൻ ബാഡ്ജ് ഉള്ള ഡ്രൈവർ, കേസുകളിൽ പെട്ടിട്ടില്ലെന്നു പൊലീസിന്റെ സാക്ഷ്യപത്രം– ഇത്രയുമേ വേണ്ടൂ ടാക്സി ആപ് കമ്പനികളിൽ ‘അറ്റാച്ച്’ ചെയ്യാൻ. സ്വന്തം മൊബൈലിൽത്തന്നെ കിട്ടും മുഴുവൻ ബിസിനസ് രേഖകളും. ഓട്ടം എങ്ങോട്ട്, എത്ര ദൂരം, കൂലി എത്ര..എന്നൊക്കെ. ലോഗ് ഓഫ് ചെയ്താൽ ശൃംഖലയിൽനിന്നു പുറത്തുകടക്കുകയുമാവാം. അതു വിശ്രമത്തിനോ നഗരത്തിനു പുറത്തേക്കുള്ള ദീർഘദൂര ഓട്ടത്തിനോ ഒക്കെയാകാം. സ്വന്തം ആവശ്യങ്ങൾക്കുകൂടി സമയം കണ്ടെത്താനാവുന്ന ‘ഫ്ലെക്സിബിലിറ്റി’ വലിയ ആകർഷണമാണെന്നു മിക്ക ഡ്രൈവർ സംരംഭകരും പറയുന്നു.
ഗൾഫിൽനിന്നു തിരികെപ്പോന്നശേഷം ഏതാനും ചെറിയ ബിസിനസ് സംരംഭങ്ങൾ പരീക്ഷിച്ച ശേഷം ഡ്രൈവറായ ആളാണു കൊച്ചിയിലെ ഒല ഡ്രൈവർ റോയ് പോൾ. 2014ൽ ഒലയുമായി തന്റെ കാർ അറ്റാച് ചെയ്‌ത റോയ്പോളിന്റെ ഇപ്പോഴത്തെ ആവശ്യം ഈ സേവനം കേരളത്തിൽ മുഴുവൻ ലഭ്യമാക്കണമെന്നാണ്. രണ്ടേകാൽ വർഷം മുൻപ് കൊച്ചിയിൽ യൂബറിൽ ചേർന്ന കാസർകോട് സ്വദേശി ശ്രീകാന്തും ഗൾഫിൽനിന്നു മടങ്ങിയയാളാണ്. അന്നു വാങ്ങിയ യൂസ്ഡ് കാർ ഓടിച്ച് പ്രതിമാസം ശരാശരി 40000 രൂപ സമ്പാദിക്കാനാകുന്നു. ആഴ്ചതോറും പണം ഡ്രൈവറുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണു കമ്പനികളുടെ രീതി. ആഴ്ചയിൽ 70–80 മണിക്കൂർ ‘ഓടാൻ’ തയാറാണെങ്കിൽ 13000– 16000 രൂപ വരുമാനമുണ്ടാകുമെന്ന് യൂബർ ഡ്രൈവർമാർ പൊതുവെ പറയുന്നു. ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള ആപ്പ്, സ്ഥിരതയുള്ള വരുമാനം, ജോലിയും ജീവിതവും ഒരുമിച്ചു പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സൗകര്യം തുടങ്ങിയ നേട്ടങ്ങൾക്കുപുറമെ, വിവിധ വാഹന നിർമാതാക്കളുമായി സഹകരിച്ച് കാർ വാങ്ങാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചും യൂബറും ഒലയും ടാക്സി സംരംഭകരാകാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നു. സൗജന്യ ആരോഗ്യ പരിശോധന, വിദ്യാഭ്യാസ വായ്‌പാ സൗകര്യം, കുടുംബത്തിനു പിന്തുണ നൽകുന്ന മറ്റു സഹായങ്ങൾ എന്നിവയൊക്കെ ഒരുക്കുന്നുണ്ടെന്ന് ഒല പറയുന്നു.
Read More: 10000 രൂപയിൽ തുടക്കം : ഇപ്പോൾ വരുമാനം 20 കോടി
അമേരിക്കൻ കമ്പനിയായ യൂബറും ഇന്ത്യൻ കമ്പനിയാണെങ്കിലും വൻതോതിൽ വിദേശ നിക്ഷേപമുള്ള ഒലയും നിലവിൽ ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഉപയോക്താക്കൾക്കും വമ്പൻ ഓഫറുകൾ നൽകുന്നു. ഇത് വിപണിയിൽ ആധിപത്യം ഉറപ്പിക്കാനാണെന്നും അതിനുശേഷം ആനുകൂല്യങ്ങൾ എടുത്തുകളയുമെന്നും പരമ്പരാഗത ടാക്സി സേവന രംഗത്തുള്ളവർ പറയുന്നു. തിരക്കുള്ള സമയങ്ങളിൽ വൻതുക ഈടാക്കുന്ന സർജ് ചാർജ് രീതി ഇതിന് ഉദാഹരണമാണെന്നും അവർ ആരോപിക്കുന്നു. നഗരത്തിനുള്ളിലെ ‘ഓട്ടങ്ങൾ’ സാധാരണ ടാക്സികൾക്കു ഗണ്യമായി കുറഞ്ഞെന്നതു യാഥാർഥ്യമാണ്.
ദീർഘയാത്രകളും ‘യാത്രാ പാക്കേജു’കളുമാണ് അവരുടെ ആശ്രയം. ആപ് ടാക്സികളെ അതേ നാണയത്തിൽ നേരിടാൻ ടാക്സി സേവന ഏജൻസികൾ ആവിഷ്കരിച്ച കൂട്ടായ്മയ്ക്ക് സാങ്കേതിക വിദ്യയിലെ പിഴവുകൾ മൂലം പ്രവർത്തിക്കാനാവുന്നില്ല. രാഷ്ട്രീയ പിന്തുണയോടെ തുടങ്ങിയ ശ്രമങ്ങളും എവിടെയുമെത്തിയിട്ടില്ല. ഒന്നുറപ്പാണ്; ടാക്സി സേവന രംഗത്തെ കാഴ്ചപ്പാട് ‘ഡ്രൈവർത്തൊഴിലാളികൾ’ എന്നതിൽനിന്നു ‘ഡ്രൈവർ സംരംഭകർ’ എന്ന നിലയിലേക്കു മാറ്റാൻ ഒലയ്ക്കും യൂബറിനും കഴിഞ്ഞിരിക്കുന്നു. ഇനി വേണ്ടത് സർക്കാരിന്റെ ഇടപെടലും ടാക്സിമേഖലയെ സമഗ്രമായിക്കണ്ട് വ്യക്തമായ നിയമങ്ങൾ ആവിഷ്കരിക്കലുമാണ്; സംരംഭം എന്നതിന് ഐടി സ്റ്റാർട്ടപ് എന്നു മാത്രമല്ലല്ലോ അർഥം.