Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറു ട്രാക്ടർ ‘ജിവൊ’യുമായി മഹീന്ദ്ര; വില 3.90 ലക്ഷം

mahindra-jivo Mahindra Jivo

ഉദ്യാന നിർമാണത്തിനും  നിരയായി കൃഷി ചെയ്യുന്ന വിളകൾക്കും  അനുയോജ്യമായ ചെറു ട്രാക്ടറായ  ‘ജിവൊ’ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) വിൽപ്പനയ്ക്കെത്തിച്ചു. 24 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന എൻജിനും ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുമുള്ള ട്രാക്ടറിന് 3.90 മുതൽ 4.05 ലക്ഷം രൂപ വരെയാണു മഹാരാഷ്ട്രയിലെ ഷോറൂം വില. സവിശേഷ കൃഷി ആവശ്യങ്ങൾ മുൻനിർത്തിയാണ് ‘ജിവൊ’ പുറത്തിറക്കിയതെന്ന് മഹീന്ദ്ര വെളിപ്പെടുത്തി. ഉയർന്ന കരുത്തും ഇടുങ്ങിയതും ഒതുങ്ങിയതുമായ നിർമാണവുമൊക്കെ ചേരുന്നതോടെ സവിശേഷ കൃഷികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ‘ജിവൊ’ തികച്ചും അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെട്ടു. വിള പരിപാലനം, കൃഷി ഭൂമി ഒരുക്കൽ, ഇടവിള കൃഷി തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ‘ജിവൊ’ അനുയോജ്യമാണെന്നാണു മഹീന്ദ്രയുടെ വിലയിരുത്തൽ. 

ആദ്യഘട്ടത്തിൽ ഏപ്രിൽ 25 മുതൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും ലഭ്യമാവുന്ന ‘ജിവൊ’യൂടെ വിൽപ്പന ക്രമേണ കർണാടകത്തിലേക്കും മധ്യ പ്രദേശിലേക്കും വ്യാപിപ്പിക്കും. ക്രമേണ ‘ജിവൊ’ പ്ലാറ്റ്ഫോമിൽ 20 ബി എച്ച് പി കരുത്തും ടു വീൽ ഡ്രൈവ് ലേ ഔട്ടുമുള്ള ചെറു ട്രാക്ടർ അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്; മിക്കവാറും സെപ്റ്റംബറോടെ ഈ മോഡൽ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. പുതുമകളും നൂതന സാങ്കേതികവിദ്യയും അവതരിപ്പിച്ചു കാർഷിക മേഖലയിൽ പൊളിച്ചെഴുത്തിനാണു കമ്പനി ശ്രമിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു. കൃഷിയിടങ്ങളെ ആധുനികവൽക്കരിക്കാനുള്ള ദിശയിലെ നിർണായ ചുവടുവയ്പാണ് ‘ജിവൊ’ പ്ലാറ്റ്ഫോം അവതരണമെന്നും അദ്ദേഹം വിലയിരുത്തി. അടുത്തയിടെ അനാവരണം ചെയ്ത ‘ഫാമിങ് 3.0’ പ്ലാറ്റ്ഫോം കൃഷിയിടത്തിലെ യന്ത്രവൽക്കരണം അടുത്ത തലത്തിലെത്തിക്കാൻ വഴി വയ്ക്കുമെന്നും ഗോയങ്ക അവകാശപ്പെട്ടു.

Your Rating: