ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ ലിമിറ്റഡ്(എസ് എം ഐ പി എൽ) പുതിയ ‘ജിക്സർ എസ് എഫ് എ ബി എസ്’ വിൽപ്പനയ്ക്കെത്തി. കാർബുറേറ്റഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് വകഭേദങ്ങളിൽ ലഭ്യമാവുന്ന ബൈക്കിന് ഡൽഹിയിൽ 1.08 ലക്ഷം മുതൽ 1.13 ലക്ഷം രൂപ വരെയാണു വില. മുൻ ബ്രേക്കിങ് യൂണിറ്റിനെ സഹായിക്കുന്ന സിംഗിൾ ചാനൽ എ ബി എസ് സഹിതമെത്തുന്ന ബൈക്കിന് സാധാരണ മോഡലിനെ അപേക്ഷിച്ച് 5,000 രൂപയോളം അധികമാണു വില. പിന്നിൽ ഡിസ്ക് ബ്രേക്ക് സഹിതമെത്തുന്ന ബൈക്കിന്റെ ബ്രേക്കിങ്ങിലെ കാര്യക്ഷമത റൈഡറെ മാത്രമാണിരിക്കുന്നത്.
കാഴ്ചയിൽ സാധാരണ മോഡൽ പോലിരിക്കുന്ന ‘ജിക്സർ എസ് എഫ് എ ബി എസി’ന് സമാന ഗ്രാഫിക്സും നിറക്കൂട്ടും തന്നെയാണു സുസുക്കി തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മുൻ ഡിസ്ക് ബ്രേക്കിലെ എ ബി എസ് സെൻസർ റിങ്ങും മുൻ മഡ്ഗാഡിലെ ഗ്രാഫിക്സും വഴി വേണം പുതിയ വകഭേദം തിരിച്ചറിയാൻ.ബൈക്കിനു കരുത്തേകുന്നത് 155 സി സി, എയർ കൂൾഡ് എൻജിനാണ്; പരമാവധി 14.8 പി എസ് കരുത്തും 14 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ട്വിൻ പോർട്ട് എക്സോസ്റ്റ് മഫ്ളറുമായി എത്തുന്ന ബൈക്കിലെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് ഗീയർബോക്സാണ്. പൂർണതോതിലുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 41 എം എം മുൻ ഫോർക്ക്, ഏഴു സ്റ്റെപ് അഡ്ജസ്റ്റബ്ൾ മോണോ ഷോക്ക് തുടങ്ങിയവയൊക്കെ ബൈക്കിലുണ്ട്.
ഒരേ 155 സി സി പ്ലാറ്റ്ഫോം അടിത്തറയാക്കി ‘ജിക്സർ’ ശ്രേണിയിൽ എസ് എം ഐ പി എൽ നേക്കഡ്, ഫെയേഡ് മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. അടിസ്ഥാന സ്ട്രീറ്റ് ഫൈറ്റർ മോഡലിനൊപ്പം ‘സ്പെഷൽ എഡീഷൻ’ രൂപത്തിലും ഫെയറിങ് സഹിതം മൂന്ന് ‘ജിക്സർ എസ് എഫ്’(സ്റ്റാൻഡേഡ്, എസ് പി, എഫ് ഐ) രീതിയിലും ബൈക്ക് ലഭ്യമാണ്.