സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹെക്സ’യുടെ അർബൻ പതിപ്പായ ‘ഡൗൺടൗൺ എഡീഷൻ’ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി; സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെ എത്തുന്ന ‘ഹെക്സ ഡൗൺടൗൺ എഡീഷ’ന് 12.18 ലക്ഷം രൂപ മുതലാണു ഡൽഹിയിലെ ഷോറൂം വില. അബ്സൊല്യൂട്ട്, ഇൻഡൾജ് വകഭേദങ്ങളാണ് ‘ഡൗൺടൗൺ’ എഡീഷനായി ടാറ്റ മോട്ടോഴ്സ് വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്.
സാധാരണ ‘ഹെക്സ’യെ അപേക്ഷിച്ച് പതിനഞ്ചോളം പുതുമകളോടെയാണ് ടാറ്റ മോട്ടോഴ്സ് ‘ഡൗൺടൗൺ’ എഡീഷൻ എത്തുന്നത്. പുതിയ അർബൻ ബ്രോൺസിനൊപ്പം പാർശ്വങ്ങളിൽ ‘ഡൗൺടൗൺ’ ബാഡ്ജിങ്ങും ഇടംപിടിക്കുന്നുണ്ട്. ഒപ്പം ക്രോമിയത്തിന്റെ ധാരാളിത്തത്തോടെ ക്രോം പായ്ക്ക് സ്യൂട്ടുമുണ്ട്. എസ് യു വിക്കു കൂടുതൽ കാഴ്ചപ്പകിട്ടേകാൻ ആർ 16 ഡയമണ്ട് കട്ട് അലോയ് വീലുകളും ഘടിപ്പിച്ചിട്ടുണ്ട്.
അകത്തളത്തിൽ ആർട് ലതറിൽ തീർത്ത പ്രീമീയം ടാൻ സീറ്റ് കവറുകളും 10.1 ഇഞ്ച് ബ്ലോപങ്ക് റിയർ സീറ്റ് എന്റർടെയൻമെന്റ് (ആർ എസ് ഇ) പ്ലയറുമുണ്ട്. വയർലസ് ചാർജിങ്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം(ടി പി എം എസ്) സഹിതം ഹെഡ്സ് അപ് ഡിസ്പ്ലേ എന്നിവയും ഈ ‘ഹെക്സ’യിലുണ്ട്. കൂടാതെ സ്പീഡ് ലിമിറ്റ് അലർട്ട്, ബാറ്ററി വോൾട്ടേജ് ഇൻഡിക്കേഷൻ തുടങ്ങിയവയും ഈ ഡിസ്പ്ലേ സംവിധാനത്തിലുണ്ട്. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ‘എക്സ് യു വി 500’, ടൊയോട്ട ‘ഇന്നോവ’ തുടങ്ങിയവയോടാണ് ‘ഹെക്സ’യുടെ പോരാട്ടം.