ടാറ്റ മോട്ടോഴ്സ് പ്രീമിയം ക്രോസോവറായ ‘ഹെക്സ’ ന്യൂഡൽഹിയിൽ പുറത്തിറക്കി. 11.99 ലക്ഷമാണ് (എക്സ് ഷോറൂം ഡൽഹി) അടിസ്ഥാന മോഡലിന്റെ വില. ഏറ്റവും മുന്തിയ മോഡലിന് 17.49 ലക്ഷവും. ടൊയോട്ട ഇന്നോവയ്ക്ക് കടുത്ത ഭീഷണിയാകും ഹെക്സ എന്നാണ് കണക്കുകൂട്ടൽ. ലോഞ്ചിനു മുമ്പു തന്നെ 3000 ബുക്കിങ്ങുകൾ ഹെക്സയ്ക്കു ലഭിച്ചെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
കഴിഞ്ഞ വർഷമാദ്യം ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഹെക്സ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 2017 ജനുവരി അവസാനത്തോടെ കൈമാറുമെന്നാണു വാഗ്ദാനം. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിലാണ് ഹെക്സ എത്തിയിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ‘ഹെക്സ എക്സ് ഇ’യിൽ 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനൊപ്പം അഞ്ചു സ്പീഡ് ട്രാൻസ്മിഷൻ ഇടം പിടിച്ചിട്ടുണ്ട്. ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്സ എച്ച് എമ്മി’നു കരുത്തേകുക ‘വാരികോർ 400’ എൻജിനാവും; 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് മാനുവൽ/ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗിയർബോക്സ്.
‘വാരികോർ 400’ എൻജിനുള്ള മുന്തിയ വകഭേദമായ ‘ഹെക്സ എക്സ് ടി’യിൽ ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷനോടെയുമാണ് എത്തിയിരിക്കുന്നത്. ആറും ഏഴും സീറ്റോടെ എത്തിയ ‘ഹെക്സ’യ്ക്ക് സാങ്കേതിക വിഭാഗത്തിൽ ‘ആര്യ’യോടാണു സാമ്യമേറെ. കാഴ്ചയിൽ എം പി വിയുടെ പകിട്ടേകാൻ ദൃഢതയുള്ള ബോഡി ക്ലാഡിങ്, 19 ഇഞ്ച് അലോയ് വീൽ, 235 സെക്ഷൻ ടയർ എന്നിവയൊക്കെയായിട്ടാണ് ‘ഹെക്സ’യുടെ വരവ്.