ബെനെലി കിടിലൻ

Benelli TNT 600i

ലോകത്തിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതന ഇരുചക്രവാഹനനിർമാതാക്കൾ പലരും ആദ്യം നിർമിച്ചത് ബൈക്കുകളായിരുന്നില്ല. തോക്കുകളും പിന്നെ സൈക്കിളുമായിരുന്നു. ഇന്ത്യയുടെ അഭിമാനമായ റോയൽ എൻഫീൽഡിന് അങ്ങനെയൊരു വെടിയുണ്ടയുടെ പാരമ്പര്യമുണ്ട്. ഇറ്റലിയിലെ ഏറ്റവും പാരമ്പര്യമുള്ള ബൈക്ക് നിർമാതാക്കളും ഇതേ ചരിത്രം പിന്തുടരുന്നു. തോക്കിൻറെ പാരമ്പര്യത്തിനു പുറമെ റോയൽ എൻഫീൽഡിനെക്കാൾ പേരുള്ള, രാജ്യാന്തര നിലവാരമുള്ള ആധുനിക ബൈക്കുകളും ബെനെലിയുടെ കൈമുതൽ.

∙ വലിയ പാരമ്പര്യം: നമുക്കത്ര സുപരിചിതമല്ലെങ്കിലും ബെനെലി ബൈക്ക് പ്രേമികളുടെ പടക്കുതിരയാണ്. 1911 മുതൽ ഇന്നു വരെ ഒരു മുടക്കവും കൂടാതെ നടക്കുന്ന കമ്പനി. ആറു മക്കളും തേരേസ ബെനെലി എന്ന വിധവയും ചേർന്ന് തുടക്കമിട്ട ഇതിഹാസം.

Benelli TNT 600i

∙കേരളത്തിലുമെത്തി: ക്ലാസ്സിക് ബൈക്കുകളിൽ നിന്ന് റേസിങ് ബൈക്കുകളിലേക്ക് കളം മാറിച്ചവിട്ടിയ ബെനെലി ഇപ്പോൾ ഇന്ത്യയിലെത്തി; കേരളത്തിലും. കൊച്ചി ഡി എസ് കെ ബെനെലി ഷോറൂമിൽ 250 സി സി മുതൽ 1131 സി സി വരെയുള്ള ആറ് സൂപ്പർ ബെനെലികൾ നിരക്കുന്നു. മിഡ്–സൈസ് സൂപ്പർ ബൈക്കായ ടി എൻ ടി 600 ഐ ടെസ്റ്റ് ഡ്രൈവ്.

Benelli TNT 600i

∙ ഇറ്റാലിയൻ ഡിസൈൻ: രൂപകൽപനയുടെ കാര്യത്തിൽ ഇറ്റലിക്കാരെ കഴിഞ്ഞേയുള്ളു മറ്റാരും. ഇത് ബെനെലിയുടെ കാര്യത്തിലും നേര്. നേക്കഡ് സ്ട്രീറ്റ് സ്പോർട്സ് ബൈക്കിന്റെ വശ്യത. ഹെഡ്‌ലാംപിൽ നിന്നു തുടങ്ങുന്നു ടി എൻ ടിയുടെ പ്രത്യേകതകൾ. നേക്കഡ് ബൈക്കുകളോട് നീതി പുലർത്തുന്ന ബിക്കിനി ഫെയറിങ്ങാണ് മുന്നിൽ. ചെറിയ ഹെഡ്‌ലാംപിനെ പകുത്ത് മുകളിൽ ഹൈ ബീമും താഴെ ലോ ബീമും. മുന്നിൽ ഇൻവേർട്ടഡ് ടെലിസ്കോപിക്ക് ഫോർക്ക്.

∙ ആധുനികത, നിലവാരം: അനലോഗ് ഡിജിറ്റൽ കോംമ്പിനേഷനുള്ള മീറ്റർ കൺസോൾ. നിലവാരമുള്ള സ്വിച്ചുകളും ഹാൻഡിൽ ബാറുകളും. ടി എൻ ടി ലോഗോ പതിച്ച ടാങ്ക് സ്കൂപ്പും വലിയ ഫ്യൂവൽ ടാങ്കും വലുപ്പം തോന്നിപ്പിക്കും. പിന്നിലേയ്ക്ക് മെലിഞ്ഞു പോകുന്ന രൂപമാണ്. വലിയ സ്പ്ലിറ്റ് സീറ്റുകൾ റൈഡർക്ക് മികച്ചതാണെങ്കിലും പിൻയാത്രക്കാരന് അത്ര സുഖകരമല്ല. 15 ലീറ്റർ ഇന്ധനശേഷി.

Benelli TNT 600i

∙ സ്പോർട്ടി മോണോ ഷോക്ക്: ബെനെലിയുടെ മറ്റു ബൈക്കുകളിലേതുപോലെ സിംഗിൾ സൈഡ് മോണോഷോക്ക്. ഫ്രെയ്മിൽ നിന്നു സ്വിങ്ങ് ആമിലേക്ക് മോണോ ഷോക്ക് കണക്ട് ചെയ്തിരിക്കുന്നു. ഡ്യൂവൽ എക്സ്ഹോസ്റ്റിന്റെ ഇടയിലായാണ് ടെയിൽ ലാംപ്. മുന്നിൽ 120/70 ഇസഡ്ആർ 17 ഇഞ്ച് ടയറും പിന്നിൽ 180/55 ഇസഡ്ആർ 17 ഇഞ്ച് ടയറുമാണ് ഉപയോഗിച്ചിരിക്കുന്നത്.

Benelli TNT 600i

∙ വേറിട്ടുനിൽക്കുന്ന എൻജിൻ നാദം: 600 സിസി ലിക്വിഡ് കൂൾഡ് നാലു സ്ട്രോക്, നാലു സിലണ്ടർ എൻജിൻ 11500 ആർപി എമ്മിൽ 85.06 ബി എച്ച് പി കരുത്തും 10500 ആർ പി എമ്മിൽ 54.6 എൻഎം ടോർക്കും നൽകും. സ്റ്റാർട്ട് ചെയ്താൽ തിരിച്ചറിയാം സംഭവം തനി സ്പോർട്സ് ബൈക്കാണെന്ന്. ഇന്ത്യയിൽ ഇന്നു വേറൊരു ബൈക്കും തരാത്ത ശബ്ദഗാംഭീര്യം.

Benelli TNT 600i

∙ അനായാസ ഹാൻഡ്‌ലിങ്: വലിയ വാഹനമാണെങ്കിലും ഏളുപ്പം കൈകാര്യംചെയ്യാം. വൈബ്രേഷൻ അധികമില്ലാത്ത സ്മൂത്തായ പവർ ഡെലിവറിയാണ്. ആറു സ്പീഡ് ട്രാൻസ്മിഷന്റെ ഗീയർ മാറ്റങ്ങൾ സ്മൂത്ത്. നല്ല ഗ്രിപ്പുള്ള പിരെലിയുടെ ടയറുകളാണ്. മുന്നിൽ 120 എം എം പിന്നിൽ 180 എം എം. കടുകിട തെറ്റാത്ത ബ്രേക്കിങ്ങിനായി മുന്നിൽ 320 എം എം ഇരട്ട ഡിസ്ക് ബ്രേക്ക്. പിന്നിൽ 260 എം എം സിംഗിൾ ഡിസ്ക്. കോർണറിങ്, ബ്രേക്കിങ് എന്നിങ്ങനെ എല്ലാ ഗുണങ്ങളിലും നൂറു മാർക്ക്.

Benelli TNT 600i

∙ വില കുറവ്: കാരണം ഘടകങ്ങൾ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിക്കുന്നതിനാൽ ഇറക്കുമതിയുടെ പാതി വിലയേ വരൂ.
∙ എക്സ്ഷോറൂം വില 5.63 ലക്ഷം.
∙ ടെസ്റ്റ് ഡ്രൈവ്– ഡിഎസ്കെ ബെനെലി കൊച്ചി, 9605095955

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക