പൊതുമാപ്പ്: ഒളിച്ചോടിയവർക്കും അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ അറിയാം
സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പിന്‍റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തിവിട്ടു.
സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പിന്‍റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തിവിട്ടു.
സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പിന്‍റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തിവിട്ടു.
അബുദാബി∙ പൊതുമാപ്പ് പ്രാബല്യത്തിൽ വരാൻ ഇനി മൂന്ന് ദിവസം മാത്രം. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പിന്‍റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തിവിട്ടു. സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം. എന്നാൽ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്കും സെപ്റ്റംബർ ഒന്നിന് ശേഷം നിയമലംഘനം നടത്തുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി(ഐസിപി) അറിയിച്ചു. വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുമുള്ള അപൂർവാവസരമാണ് ലഭിക്കുക. പോകുന്നവർക്ക് ശരിയായ വീസയിലൂടെ തിരിച്ചുവരാൻ വിലക്കുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു.
കാലഹരണപ്പെട്ട ടൂറിസ്റ്റ്, റസിഡൻസി വീസകൾ ഉൾപ്പെടെ എല്ലാത്തരം വീസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുന്നു. യാതൊരു രേഖകളുമില്ലാതെ ജനിച്ചവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ പദവി ശരിയാക്കാനും കഴിയും. പൊതുമാപ്പ് പരിപാടി നിയമത്തോടുള്ള ബഹുമാനം, സഹിഷ്ണുത, അനുകമ്പ, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
വീസ, താമസ നിയമ ലംഘകർക്ക് അയവുള്ളതും എളുപ്പമുള്ളതുമായ നടപടിക്രമങ്ങളിലൂടെ അവരുടെ നില ശരിയാക്കാൻ ഇത് അവസരം നൽകുന്നു. അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും സുരക്ഷിതമായി പുറത്തുകടക്കാനും അല്ലെങ്കിൽ നിയമാനുസൃതമായി രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും അവരെ പ്രാപ്തരാക്കുന്നു.
കൂടുതൽ വിശദാംശങ്ങളറിയാം:
∙സെപ്റ്റംബർ 1 മുതല്‍ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ്. കാലാവധി നീട്ടും എന്ന് കരുതി അപേക്ഷ മാറ്റിവയ്ക്കാതെ തുടക്കത്തിൽ തന്നെ അപേക്ഷിക്കുക.
∙ഏതെങ്കിലും വീസ (ടൂറിസ്റ്റ്, സന്ദർശക വീസ ഉൾപ്പെടെ) അല്ലെങ്കിൽ റസിഡൻസി ലംഘിക്കുന്നവർ, യുഎഇ റസിഡൻസി വീസയുടെ കാലാവധി കഴിഞ്ഞവർ, സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ എന്നിവർക്കെല്ലാം അപേക്ഷിക്കാം.
∙യുഎഇയിൽ ജനിച്ച ഏതൊരു വിദേശിക്കും, ജനിച്ച് നാല് മാസത്തിനുള്ളിൽ മാതാപിതാക്കളെ രക്ഷിതാവോ കുട്ടികളുടെ റസിഡൻസി റജിസ്റ്റർ ചെയ്യാത്തവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം.
∙അയൽ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് അനധികൃതമായി എത്തിയവർക്കും നുഴഞ്ഞുകയറ്റക്കാർക്കും പൊതുമാപ്പിന് അപേക്ഷിക്കാൻ കഴിയില്ല. യുഎഇ നിയമങ്ങൾ അവർക്ക് ബാധകമായിരിക്കും.
∙സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി, വീസാ നിയമം ലംഘിക്കുന്നവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാൻ അനുവാദമില്ല. യുഎഇയിലോ ഏതെങ്കിലും ജിസിസി രാജ്യത്തിലോ നാടുകടത്തൽ കേസുകളുള്ളവർക്കും സെപ്റ്റംബർ ഒന്നിന് ശേഷം ഒളിവിൽ കഴിയുന്നവർക്കും അപേക്ഷിക്കാനാകില്ല.
∙ഏതെങ്കിലും നിയമലംഘകനെ രാജ്യത്തേയ്ക്ക് മടങ്ങുന്നത് തടയുന്ന ഭരണപരമായ നിയന്ത്രണങ്ങളില്ലാതെ പദവി തീർപ്പാക്കിയ ശേഷം യുഎഇ വിടാൻ അനുവാദമുണ്ട്. അതായത് പാസ്‌പോർട്ടിൽ നിരോധന സ്റ്റാംപ് ഉണ്ടാകില്ല. സാധുതയുള്ള വീസയിൽ അവർക്ക് വീണ്ടും യുഎഇയിൽ പ്രവേശിക്കാം.
∙അപേക്ഷകൻ രാജ്യം വിടുന്നതിന് മുൻപോ, അവരുടെ നിയമവിരുദ്ധ പദവിയിൽ മാറ്റം വരുത്തുന്നതിന് മുൻപോ അധികമായി താമസിച്ചതിന് പിഴ അടയ്‌ക്കേണ്ടിവരില്ല. റസിഡൻസിയും ടൂറിസ്റ്റ് വീസയും റദ്ദാക്കുന്നതിന് പിഴ ഈടാക്കില്ല. നിയമപരമായി യുഎഇ വിടാൻ ആഗ്രഹിക്കുന്നവർക്ക് എക്‌സിറ്റ് പാസോ ഡിപാർച്ചർ ഫീസോ ഉണ്ടാകില്ല. റസിഡൻസി സ്റ്റാറ്റസ് പരിഷ്കരിക്കാൻ ആഗ്രഹിക്കുന്നവർക്കും പിഴയില്ല.
∙നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതിന്‍റെ ഫലമായുണ്ടാകുന്ന ഭരണപരമായ പിഴയുണ്ടാകില്ല. കാലഹരണപ്പെട്ട യുഎഇ ദേശീയ ഐഡിയുമായി ബന്ധപ്പെട്ട പിഴകളോ തൊഴിൽ കരാർ നൽകാത്തതോ തൊഴിൽ കരാർ പുതുക്കുന്നതോ സംബന്ധിച്ച പിഴകളോ ഇല്ല.
പൊതുമാപ്പിന് എവിടെ അപേക്ഷിക്കണം?
പൊതുമാപ്പിന് അപേക്ഷിക്കാൻ ഓരോ എമിറേറ്റിനും വ്യത്യസ്ത കേന്ദ്രങ്ങളുണ്ട്. ദുബായിൽ എല്ലാ ആമർ സെന്‍ററുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ദുബായ് കേന്ദ്രമായ അൽ അവീറും പൊതുമാപ്പ് സേവനങ്ങളും നൽകും. അബുദാബിയിൽ അൽ ദഫ്ര, സുവൈഹാൻ, അൽ മഖ, അൽ ഷഹാമ എന്നിവിടങ്ങളിലാണ് ഐസിപി കേന്ദ്രങ്ങൾ.
സമയക്രമം
സേവന കേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രി 8 വരെ തുറന്നിരിക്കും, അവിടെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തും. പൊതുമാപ്പ് അപേക്ഷകൾ യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളിലും നൽകാം. സേവന അപേക്ഷകൾ 24/7 ഓൺലൈനിലും ലഭ്യമാണ്. ബയോമെട്രിക് വിരലടയാളത്തിന് ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഒഴികെ, സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ അപേക്ഷകർക്ക് ഐസിപി ഇലക്ട്രോണിക്, സ്മാർട്ട് ചാനലുകൾ വഴിയും അംഗീകൃത ടൈപ്പിങ് സെന്‍ററുകൾ വഴിയും സമർപ്പിക്കാം