കസ്റ്റമേഴ്സിന്‍റെ പരാതികൾ, തലകറങ്ങി വീണ ഓട്ടം; പ്രചോദനത്തിനായി ‘ഗാർമിന്‍ വാച്ച്’, മദ്യപാനത്തെ തോൽപ്പിച്ച പ്രവാസി
ദുബായില്‍ ഐടി കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്ന ഉനൈസ് റാവുത്തറുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഹൈക്ക് എ ഹോളിക് എന്ന് കുറിച്ചിട്ടുണ്ട്.ആല്‍ക്കഹോളികില്‍ നിന്ന് ഹൈക്ക് എ ഹോളിക്കിലേക്കെത്താന്‍ കുറച്ചധികം നടന്നിട്ടുണ്ട് ഈ കാഞ്ഞിരപ്പളളിക്കാരന്‍.
ദുബായില്‍ ഐടി കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്ന ഉനൈസ് റാവുത്തറുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഹൈക്ക് എ ഹോളിക് എന്ന് കുറിച്ചിട്ടുണ്ട്.ആല്‍ക്കഹോളികില്‍ നിന്ന് ഹൈക്ക് എ ഹോളിക്കിലേക്കെത്താന്‍ കുറച്ചധികം നടന്നിട്ടുണ്ട് ഈ കാഞ്ഞിരപ്പളളിക്കാരന്‍.
ദുബായില്‍ ഐടി കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്ന ഉനൈസ് റാവുത്തറുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഹൈക്ക് എ ഹോളിക് എന്ന് കുറിച്ചിട്ടുണ്ട്.ആല്‍ക്കഹോളികില്‍ നിന്ന് ഹൈക്ക് എ ഹോളിക്കിലേക്കെത്താന്‍ കുറച്ചധികം നടന്നിട്ടുണ്ട് ഈ കാഞ്ഞിരപ്പളളിക്കാരന്‍.
ദുബായ്∙ ദുബായില്‍ ഐടി കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്ന ഉനൈസ് റാവുത്തറുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഹൈക്ക് എ ഹോളിക് എന്ന് കുറിച്ചിട്ടുണ്ട്.ആല്‍ക്കഹോളികില്‍ നിന്ന് ഹൈക്ക് എ ഹോളിക്കിലേക്കെത്താന്‍ കുറച്ചധികം നടന്നിട്ടുണ്ട് ഈ കാഞ്ഞിരപ്പളളിക്കാരന്‍. അനാരോഗ്യജീവിത ശൈലിയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കെങ്കിലും തന്‍റെ ജീവിതം പ്രചോദമാകുമെങ്കില്‍ നല്ലതല്ലേയെന്നാണ് ഉനൈസിന്‍റെ പക്ഷം.
റാസല്‍ ഖൈമ ജബല്‍ ജെയ്സ് മലമുകളില്‍ മൂന്ന് കിലോമീറ്റർ ഉയരത്തില്‍ യുഎഇയുടെ പതാകയുണ്ട്. 2017 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജബല്‍ ജെയ്സില്‍ പോയ ഉനൈസ് ഒരു കിലോമീറ്റർ കയറിയപ്പോഴേക്കും ക്ഷീണിച്ചു. തന്നെക്കൊണ്ട് ഇതൊന്നും നടക്കില്ലെഡോയെന്ന പരിഹസിച്ച സുഹൃത്തുക്കള്‍ക്ക് ഇന്ന് ഹൈക്കിങില്‍ പ്രചോദനമാണ് ഉനൈസ്. അന്ന് വാട്സ്അപ്പ് ഗ്രൂപ്പിലുണ്ടായിരുന്ന അംഗങ്ങളില്‍ ഏറ്റവും പുറകിലായി നടന്നുകയറിയത് ഉനൈസായിരുന്നുവെങ്കില്‍ ഇന്ന് ആ ഹൈക്കിങ് ഗ്രൂപ്പിന്‍റെ അഡ്മിനുകളില്‍ ഒരാള്‍ ഉനൈസാണ്. അബുദാബി അഡ്നോക്ക് മാരത്തണ്‍ ഉള്‍പ്പടെ നിരവധി മാരത്തണുകള്‍ പൂർത്തിയാക്കി. ജബല്‍ ജെയ്സ് ഉള്‍പ്പടെ യുഎഇയിലെ എല്ലാ മലനിരകളിലും ഹൈക്ക് ചെയ്തിട്ടുണ്ട്.
∙ ഓഫിസില്‍ നിന്ന് വന്നുകയറുമ്പോള്‍, സ്വീകരിക്കുന്നത് മദ്യം നിറച്ച ഗ്ലാസുകള്‍
അനാരോഗ്യകരമായ ശീലങ്ങളിലൂടെ കടന്നുപോയൊരു കാലമുണ്ടായിരുന്നു ഉനൈസിന്. ആപ്പിള്‍ സർവീസ് സെന്‍ററില്‍ ജോലിയുണ്ടായിരുന്ന സമയം. ജോലി കഴിഞ്ഞ് ഫ്ളാറ്റിലേക്കെത്തുമ്പോള്‍ തന്നെ സ്വീകരിച്ചിരുന്നത് മദ്യമൊഴിച്ചുവച്ച ഗ്ലാസുകളായിരുന്നുവെന്ന് ഉനൈസ് പറയുന്നു. ആപ്പിള്‍ സർവീസിങ്ങായതുകൊണ്ടുതന്നെ പലപ്പോഴും കസ്റ്റമേഴ്സുമായി നേരിട്ട് ഇടപെടേണ്ടത് ആവശ്യവുമായിരുന്നു.
മദ്യപാനവും പുകവലിയും ജോലിയെ വരെ ബാധിച്ചുതുടങ്ങിയ കാലത്ത് നിന്നാണ് ഉനൈസ് തിരിച്ചുവന്നത്. അതത്ര എളുപ്പമായിരുന്നില്ല. പല കസ്റ്റമേഴ്സിന്‍റെ ഭാഗത്തുനിന്നും പരാതികള്‍ വന്നപ്പോഴാണ് വീണ്ടുവിചാരമുണ്ടായത്.അന്ന് മദ്യപാനം നിർത്തി. ആദ്യ രണ്ടാഴ്ചകള്‍ കുഴപ്പമില്ലാതെ കടന്നുപോയി. എന്നാല്‍ ഒരുമാസമായപ്പോഴേക്കും ശരീരം വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടമാക്കിത്തുടങ്ങി.
അത് മറികടക്കുകയെന്നുളളത് വളരെ പ്രയാസകരമായിരുന്നു. എല്ലാത്തിനോടും അമിതമായി ദേഷ്യം പ്രകടപ്പിക്കുക, ഭക്ഷണത്തിന് രുചിയില്ലായ്മ ഇതെല്ലാം അനുഭവപ്പെട്ടു. കൗണ്‍സിലിങ്ങിലൂടെയാണ് ഒരു പരിധിവരെ ഇതെല്ലാം മറികടക്കുന്നത്. ഇഷ്ടമുളളതും മനസ്സിന് സന്തോഷം നല്‍കുന്നതുമായ കാര്യങ്ങള്‍ ചെയ്യുകയെന്നുളളതാണ് ഇത് മറികടക്കാനുളള വഴിയെന്ന് ബോധ്യപ്പെട്ടു,അത് വഴിത്തിരിവായി.
∙ ആദ്യം വാങ്ങിയത് ഗാർമിന്‍ വാച്ച്
അത്ലറ്റുകള് ഉപയോഗിക്കുന്ന വാച്ചാണ് ഗാർമിന്‍ വാച്ച്. ജോഗിങിന് പോകാന്‍ തീരുമാനമെടുത്തപ്പോള്‍ ആദ്യം വാങ്ങിയത് ഈ വാച്ചാണ്. ഷെഫീക്ക്,മുഹസീന്‍ എന്നീ സുഹൃത്തുക്കളുടെ പിന്തുണയാണ് വലിയ സഹായമായത്. ഇവർ ജോഗിങ്ങിന് പോകുമ്പോള്‍ കൂടെ ഓടാന്‍ വിളിക്കും. ആദ്യ തവണ 800 മീറ്റർ ഓടിയപ്പോള്‍ തലകറങ്ങി വീണു. പക്ഷെ അവിടെ നിർത്തിയില്ല. വീണ്ടും തളരാതെ ഓടിത്തുടങ്ങി. അതൊരു ശീലമായി.
സ്പോട്സ് വാച്ച് കയ്യിലുളളതിനാല്‍ അതിലെ ഗൈഡന്‍സും ഗുണമായി. ഹൈക്കിങ്ങിലേക്ക് പോകാനുളള ആദ്യചുവടുവയ്പായിരുന്നു ഈ ഓട്ടം. പിന്നീട് സുദീപെന്ന ട്രെയിനറുടെ സഹായത്തോടെ എക്സർസൈസും ചെയ്യാനാരംഭിച്ചു. മധുരം പൂർണമായി ഒഴിവാക്കി. ഭക്ഷണം ഒഴിവാക്കാന്‍ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം ഒഴിവാക്കാതെയാണ് ശരീരഭാരം കുറച്ചത്.
കോവിഡിന് ശേഷമാണ് ഹൈക്കിങ്ങില്‍ സജീവമായത്. 2017 ല്‍ ജബല്‍ ജെയ്സില്‍ മലകയറാനെത്തിയ സൗഹൃദസംഘം പിന്നീട് ഹൈക്കിങ്ങിനായി മാത്രം വാട്സ് അപ്പ് ഗ്രൂപ്പുണ്ടാക്കി. ജബല്‍ ജെയ്സ് മലനിരകളില്‍, അന്ന് കിതച്ച് പാതിവഴിയില്‍ കിതച്ചു തളർന്ന ലക്ഷ്യത്തിലേക്ക് പിന്നീട് പല തവണ ഉനൈസ് കയറി. ഇന്ന് ആ സുഹൃത്ത് സംഘത്തിന്‍റെ വാട്സ്അപ്പ് ഗ്രൂപ്പിലെ സജീവ പങ്കാളിയാണ് ഉനൈസ്.
∙ ഇനി ലക്ഷ്യം അയണ്‍മാന്‍ ഹാഫ് ട്രയാത്തലണ്‍
2022- 23 വർഷങ്ങളില്‍ 42 കിലോമീറ്ററിന്‍റെ അബുദാബി അഡ്നോക് മാരത്തണ്‍, 2022 ല്‍ ദുബായ് ക്രീക്ക് സ്റ്റട്രൈഡേഴ്സ് ഹാഫ് മാരത്തണ്‍, 2023 ല്‍ റാക് ഹാഫ് മാരത്തണ്‍, 2021-22 വർഷങ്ങളില്‍ അജ്മാന്‍, കല്‍ബ ഹാഫ് മാരത്തണ്‍ ഇതൊക്കെയാണ് ഉനൈസ് പൂർത്തിയാക്കിയ പ്രധാനപ്പെട്ട മാരത്തണുകള്‍.സീനിയർ റണ്ണറായ ഷിജോയാണ് ഇവിടെ സഹായിയായത്. ഇത് കൂടാതെ മറ്റ് പ്രാദേശിക മാരത്തണുകളിലും ഭാഗമായി. ഒരു മണിക്കൂർ 48 മിനിറ്റില്‍ റാക് ഹാഫ് മാരത്തണ്‍ പൂർത്തിയാക്കി. അഡ്നോക് ഫുള്‍ മാരത്തണ്‍ 4 മണിക്കൂറിലും ഓടി.
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നടക്കുന്ന അയണ്‍മാന്‍ ട്രയാത്തലണില്‍ പങ്കെടുക്കാനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഉനൈസ്. 70.3 ഹാഫ് അയണ്‍മാന്‍ എന്നതാണ് ലക്ഷ്യം. 1.9 കിലോമീറ്റർ നീന്തല്‍,90 കിലോമീറ്റർ സൈക്കിള്‍ റൈഡ്, 21.1 കിലോമീറ്റർ ഓട്ടം എന്നതാണ് ട്രയാത്തലണിന്‍റെ രീതി. ജർമ്മനി ഉള്‍പ്പടെയുളള വിവിധ രാജ്യങ്ങളില്‍ കാലാവസ്ഥ ഉള്‍പ്പടെ നോക്കിയാണ് അയണ്‍മാന്‍ ട്രയാത്തലണ്‍ നടക്കുന്നത്. 10,000 ദിർഹത്തിലധികം ചെലവുവരും.
നമ്മുടെ സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് മാത്രമെ സാധിക്കൂ. അതിലേക്കുളള സാഹചര്യങ്ങളിലേക്ക് എത്തിച്ചേരാന്‍ കഠിനാധ്വാനമല്ലതെ കുറുക്കുവഴികളില്ല. 100 കിലോയുളള ശരീരഭാരം 75 കിലോ ഗ്രാമിലേക്ക് എത്തിച്ചത് 8 മാസമെടുത്താണ്. പറഞ്ഞുവന്നത് എളുപ്പവഴികള്‍ തേടാതെ ലക്ഷ്യത്തിലേക്കെത്താന്‍ കഠിനമായി പരിശ്രമിക്കുക, ഉനൈസ് പറഞ്ഞുനിർത്തുന്നു.
മദ്യത്തില്‍ മുങ്ങിപ്പോകുമായിരുന്ന ജീവിതം തിരികെപ്പിടിച്ച്,തിരിച്ചടികള്‍ തിരിച്ചറിഞ്ഞ്,സ്വന്തം ജീവിതം മാറ്റിയെഴുതി, അയണ്‍മാനെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള യാത്രയിലാണ് ഉനൈസിപ്പോള്‍.