ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ ; നിയമകുരുക്കിൽപ്പെട്ട കണ്ണൂർ സ്വദേശിയെ കോടതി കുറ്റവിമുക്തനാക്കി
ഷാർജ ∙ ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ മൂലം നിയമക്കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി.
ഷാർജ ∙ ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ മൂലം നിയമക്കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി.
ഷാർജ ∙ ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ മൂലം നിയമക്കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി.
ഷാർജ ∙ ബിരുദ സർട്ടിഫിക്കറ്റിൽ അറ്റസ്റ്റേഷൻ വ്യാജമായി ചെയ്തെന്നാരോപിച്ച് നിയമക്കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെയാണ് കുറ്റവിമുക്തനാക്കിയത്. കുറ്റകൃത്യത്തിൽ സജേഷിന് നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാംപും പതിപ്പിച്ച് ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് നീതിന്യായ മന്ത്രാലയം നൽകിയ പരാതിക്കെതിരെ യാബ് ലീഗൽ സർവീസസിലെ അഡ്വ. മുഹമ്മദ് അബ്ദുൽറഹ്‌മാൻ മുഹമ്മദ് അബ്ദുല്ല അൽ സുവൈദി മുഖേന നൽകി കേസിലാണ് സജേഷിന് അനുകൂല വിധിയുണ്ടായത്. 2024 ജൂലൈ 2നാണ് കേസിനാസ്പദമായ സംഭവം.
ജോലിസ്ഥലത്തെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് 2010 ൽ ഡിഗ്രി സർട്ടിഫിക്കറ്റ് നാട്ടിലെ ഒരു സുഹൃത്ത് വഴി സജേഷ് അറ്റസ്റ്റ് ചെയ്തിരുന്നു. വീസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജയിലെ വിദേശകാര്യ മന്ത്രാലയത്തിൽ അറ്റസ്റ്റേഷന് സമർപ്പിച്ചപ്പോഴാണ് സർട്ടിഫിക്കറ്റിൽ പതിപ്പിച്ച സീൽ വ്യാജമാണെന്ന് കണ്ടെത്തി സജേഷിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതേ തുടർന്ന് നിയമസഹായം തേടുകയായിരുന്നു. കുറ്റകൃത്യത്തിൽ സജേഷിന് നേരിട്ട് പങ്കില്ലെന്നും സർട്ടിഫിക്കറ്റിൽ പതിച്ചത് വ്യാജ സീലും സ്റ്റാംപുമാണെന്ന് അറിയാതെയാണ് സജേഷ് ഡിഗ്രി സർട്ടിഫിക്കറ്റ് വിദേശ കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തിന് നൽകിയതെന്നും കോടതിയെ ബോധിപ്പിച്ചു.
മനഃപൂർവം കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ സജേഷിനെ വെറുതെ വിടുകയായിരുന്നു. എന്നാൽ സംശയാസ്പദമായ രീതിയിൽ ഉപയോഗിച്ചുവെന്ന കാരണത്താൽ ബിരുദ സർട്ടിഫിക്കറ്റ് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
വ്യാജ അറ്റസ്റ്റേഷന് ശിക്ഷ നാടുകടത്തലും തടവും
അസ്സൽ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷനും വ്യാജ സർട്ടിഫിക്കറ്റിൽ അസ്സൽ അറ്റസ്റ്റേഷനും നടത്തിയതു കണ്ടെത്തിയതിനെ തുടർന്ന് ഒട്ടേറെ പേർക്കെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തടവും നാടുകടത്തലുമാണ് ശിക്ഷ. അതിനാൽ അംഗീകൃത ഏജൻസികളെ മാത്രമേ അറ്റസ്റ്റേഷന് ആശ്രയിക്കാവൂ എന്ന് അഭിഭാഷകർ ഓർമപ്പെടുത്തി.