യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരണങ്ങൾ തുടർക്കഥ; ബാൽക്കണികൾക്ക് സുരക്ഷാ പൂട്ടിടണം
അബുദാബി/ഉമ്മുൽഖുവൈൻ ∙ ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്.
അബുദാബി/ഉമ്മുൽഖുവൈൻ ∙ ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്.
അബുദാബി/ഉമ്മുൽഖുവൈൻ ∙ ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്.
അബുദാബി/ഉമ്മുൽഖുവൈൻ ∙ ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിൽ സ്വദേശി ബാലികയും ഷാർജയിൽ ആലപ്പുഴക്കാരനും മരിച്ച സംഭവങ്ങളെ തുടർന്നാണ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബറിൽ ദുബായ് ബിസിനസ് ബേയിലും യുവതി കെട്ടിടത്തിൽനിന്ന് വീണു മരിച്ചിരുന്നു. മുൻ വർഷങ്ങളിലും വിവിധ എമിറേറ്റുകളിൽ നിന്നായി ഏതാനും കുട്ടികളും ഇത്തരത്തിൽ വീണു മരിച്ചിരുന്നു.
ചെറിയ കുട്ടികളുള്ള വീടുകളിൽ ബാൽക്കണി, ജനൽ എന്നിവിടങ്ങളിൽ ചൈൽഡ് ഗേറ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കുട്ടികൾക്ക് സംരക്ഷണം നൽകുന്നതും അവർക്കു കയറാൻ സാധിക്കാത്തതുമായ ഗേറ്റുകളാണ് സ്ഥാപിക്കേണ്ടത്.
ഈ സൗകര്യമില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ സാധ്യമെങ്കിൽ സ്വന്തം നിലയ്ക്ക് സുരക്ഷാസംവിധാനം ഒരുക്കണം. മുൻകരുതലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച സമൂഹമാധ്യമങ്ങളിലൂടെയും കൂടുതൽ ജനമെത്തുന്ന ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലും ബോധവൽക്കരണം നടത്താനാണ് പൊലീസിന്റെ പദ്ധതി. ജനലിൽനിന്നും ബാൽക്കണിയിൽനിന്നും താഴെ വീഴാത്തവിധം ഇഴയടുപ്പമുള്ള ഇരുമ്പു കവചം സ്ഥാപിച്ച് അധിക സുരക്ഷ ഒരുക്കിയാൽ അപകടം അകറ്റാം. കുട്ടികൾക്ക് തുറക്കാൻ സാധിക്കാത്ത വിധമാണ് ഇവ സ്ഥാപിക്കേണ്ടത്. അശ്രദ്ധമൂലം ഉണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾ, കെട്ടിട ഉടമകൾ, നിർമാതാക്കൾ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
മേശ, കസേര തുടങ്ങി കുട്ടികൾക്കു പിടിച്ചുകയറാവുന്ന സാധനങ്ങൾ ജനൽ, ബാൽക്കണി എന്നിവയ്ക്കു സമീപം വയ്ക്കരുത്. കുട്ടികൾക്ക് എത്താത്തവിധം ജനലിനും ബാൽക്കണിക്കും പൂട്ടിടണം. വീട്ടുസാധനങ്ങൾ ബാൽക്കണിയിൽ കൂട്ടിയിടരുത്. മുതിർന്നവരുടെ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ ബാൽക്കണിയിലേക്ക് വിടരുത്. 15 വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്നും ഓർമിപ്പിച്ചു.
∙ വിവിധ ഭാഷകളിൽ ബോധവൽകരണം
കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പുറത്തു പോകുന്നതാണ് പല അപകടങ്ങൾക്കും കാരണം. ഇതുസംബന്ധിച്ച് മലയാളം, ഇംഗ്ലിഷ്, ഉറുദു, അറബിക് ഭാഷകളിൽ ബോധവൽകരണം തുടരുകയാണ്. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകളാണ് ബോധവൽക്കരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ക്യാംപെയ്ൻ നടത്തുന്നുണ്ട്.
∙ കുട്ടികളെ സംരക്ഷിച്ചില്ലെങ്കിൽ തടവും പിഴയും
15 വയസ്സിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കാത്തവർക്കും അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കും 2 വർഷത്തിൽ കൂടാത്ത തടവാണ് ശിക്ഷ. കുട്ടിയെ അലക്ഷ്യമായി വിടുന്നവർക്ക് 3 വർഷം തടവുണ്ടാകും. രക്ഷിതാക്കളുടെ അശ്രദ്ധ മൂലം അപകടമുണ്ടായാൽ ബാലാവകാശ നിയമപ്രകാരം ഒരു വർഷം തടവോ 5000 ദിർഹം പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ.
∙ ഏഴാംനിലയിൽനിന്ന് വീണ് സ്വദേശി ബാലിക മരിച്ചു
ഉമ്മുൽഖുവൈൻ∙ ബഹുനില കെട്ടിടത്തിൽനിന്ന് 10 വയസ്സുകാരി സ്വദേശി ബാലിക വീണു മരിച്ചു. ഏഴാം നിലയിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി കസേരയിൽനിന്ന് തെന്നി താഴേക്കു വീഴുകയായിരുന്നു. ഉടൻ ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി.