തൊട്ടതെല്ലാം 'പൊന്നാക്കി' വളർച്ച, ചിട്ടി പൊട്ടി എല്ലാം തകർന്നപ്പോൾ യുഎഇയിലേക്ക് 'മുങ്ങി'; ഈ മലയാളി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ

ഭാര്യയ്ക്കും ഭർത്താവിനും ജോലി. രണ്ടുപേർക്കും രാവിലെ തന്നെ ഓഫിസിലേക്ക് പോകണം.
ഭാര്യയ്ക്കും ഭർത്താവിനും ജോലി. രണ്ടുപേർക്കും രാവിലെ തന്നെ ഓഫിസിലേക്ക് പോകണം.
ഭാര്യയ്ക്കും ഭർത്താവിനും ജോലി. രണ്ടുപേർക്കും രാവിലെ തന്നെ ഓഫിസിലേക്ക് പോകണം.
ദുബായ് ∙ ഭാര്യയ്ക്കും ഭർത്താവിനും ജോലി. രണ്ടുപേർക്കും രാവിലെ തന്നെ ഓഫിസിലേക്ക് പോകണം. അതിനുമുൻപ് മക്കളെ സ്കൂളിലയക്കണം. എല്ലാവർക്കും പ്രഭാതഭക്ഷണം ഒരുക്കണം - വർഷങ്ങൾക്കുമുൻപ് ഈ പ്രതിസന്ധിയിലൂടെയായിരുന്നു പ്രവാസി കുടുംബങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നത്. ഇതിനൊരു പരിഹാരം കണ്ടത് മലയാളി തന്നെ - തമ്പി എന്നാണ് അദ്ദേഹത്തിന്റെ പേര്.
തമ്പി എന്നു മാത്രം പറഞ്ഞാൽ പോരാ, ശരവണ തമ്പി. ഇന്ന് വിപണിയിൽ യഥേഷ്ടം കാണുന്ന വൈവിധ്യമാർന്ന അരിമാവുകളുടെയും മറ്റും പായ്ക്കറ്റുകളുടെ തുടക്കം അവിടെ നിന്നാണ്. യുഎഇയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ശരവണയുടെ ഉദയം. ആ കഥ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ശരവണ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ തമ്പി
∙സ്വപ്നച്ചിറകിലേറി തമ്പിയെത്തി; ദോശമാവുമായി
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നിന്ന് 2000ത്തിന്റെ തുടക്കത്തിലാണ് പുതിയ സ്വപ്നങ്ങളുമായി തമ്പി യുഎഇയിലേക്ക് വിമാനം കയറിയത്. അന്ന് ഇന്ത്യക്കാർക്ക് സുപരിചിതമായ, പെട്ടെന്ന് പാചകം ചെയ്യാൻ പറ്റുന്ന യാതൊരു വിഭവങ്ങളും വിപണിയിൽലഭ്യമല്ലായിരുന്നു. ഏകദേശം നാല് വർഷം ഇതിനെക്കുറിച്ച് പഠനം നടത്തിയാണ് 2005ൽ ശരവണ ആരംഭിക്കുന്നത്.
അത് ഈ മേഖലയിൽ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ചു. ജോലിത്തിരക്കുകൾക്കിടയിൽ പാചകം ചെയ്യാൻ സമയം കണ്ടെത്താൻ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വിവിധ മാവുകൾ വലിയ ഒരു അനുഗ്രഹമായി, പ്രത്യേകിച്ച് ദോശ-ഇഡലി മാവ്. കുടുംബങ്ങളിലും ബാച്ചിലർ റൂമുകളിലും ശരവണ ഒരു തരംഗമായി മാറി. യുഎഇയിലെ ചെറുതും വലുതുമായ നൂറുകണക്കിന് സ്റ്ററന്റുകളിലും കഫ്റ്റീരിയകളിലും ശരവണയുടെ ദോശമാവ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി.
പിന്നീട് ഏഴ് വർഷത്തിന് ശേഷമാണ് ചപ്പാത്തിയും പൊറോട്ടയും പുറത്തിറക്കുന്നത്. ഇന്ന് ദോശമാവ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് പുറമെ, അപ്പം മാവ്, ഇടിയപ്പം, പൂരി, വട തുടങ്ങി 15ൽ ഏറെ വിഭവങ്ങൾ ശരവണ പുറത്തിറക്കുന്നുണ്ട്.
∙ പരാജയങ്ങളിൽനിന്നും വിജയത്തിലേക്ക്
മുൻപ് ബിസിനസിലുണ്ടായ പരാജയങ്ങളിൽനിന്നും പാഠമുൾക്കൊണ്ടാണ് തമ്പി ശരവണ എന്ന ബ്രാൻഡിന് രൂപം നൽകിയത്. ആലപ്പുഴയിലെ പ്രസിദ്ധമായ വെച്ചുശേരി തറവാട്ടിലെ അംഗമാണ് തമ്പി. പിതാവ് സുഗതൻ അറിയപ്പെടുന്ന കയർ വ്യവസായി. വിദേശ രാജ്യങ്ങളിലേക്കൊക്കെ കയറുൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന വലിയൊരു ഫാക്ടറി ഇദ്ദേഹം സ്ഥാപിച്ചു. മുത്തച്ഛൻ കൃഷ്ണൻ, ബ്രിട്ടിഷ് ഭരണകാലത്ത് ഒരു വിദേശ കമ്പനിയിലെ സൂപ്പർവൈസറായതുകൊണ്ട് അന്ന് തമ്പിയുടെ പിതാവിന് ഒരു സംരംഭകനാകാനുള്ള വഴി എളുപ്പമായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ തമ്പി അച്ഛന്റെ കയർ നിർമാണ ഫാക്ടറിയിൽ സ്ഥിരമായി പോകുമായിരുന്നു. ചെറിയ ജോലികൾ ചെയ്ത് ബിസിനസിലെ ബാലപാഠങ്ങൾ പഠിച്ചെടുത്തു. മകനിലെ കഴിവ് മനസ്സിലാക്കിയ പിതാവ് പ്രീഡിഗ്രിക്ക് കോളജിൽ അഡ്മിഷൻ ലഭിച്ചപ്പോൾ സമ്മാനമായി ഒരു ബുള്ളറ്റ് വാങ്ങിക്കൊടുത്തു. ഏകദേശം പത്തുവർഷത്തോളം അച്ഛന്റെ കയർ നിർമാണ ഫാക്ടറിയിൽ ജോലിചെയ്തു.
പക്ഷേ പെട്ടെന്നായിരുന്നു തമ്പിയുടെ ജീവിതം തകിടംമറിഞ്ഞത്. 1982ൽ വൻ തീപിടിത്തത്തിൽ ഫാക്ടറി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ഫാക്ടറിയിൽ ജോലിചെയ്തിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ വഴിയാധാരമായി. കുടുംബത്തിന്റെ ഒരു വലിയ സ്വപ്നമായിരുന്നു അന്ന് ഒറ്റരാത്രികൊണ്ട് കത്തിച്ചാമ്പലായത്. അന്നത്തെ വ്യവസായ മന്ത്രി ഇ. അഹമ്മദ് അടക്കമുള്ള പ്രമുഖർ വെച്ചുശേരി തറവാട്ടിലേക്ക് ഓടിയെത്തി. അത്രയും കാലം കെട്ടിപ്പടുത്ത വലിയൊരു ബിസിനസ് സാമ്രാജ്യം തകർന്നതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ സമയമെടുത്തു. പിറന്ന നാട് കൈവിടില്ല എന്ന വിശ്വാസത്തിലായിരുന്നു തമ്പിയുടെ കുടുംബം.
∙ ചിട്ടി പൊട്ടി, കമ്പനി പൂട്ടി
ആ സമയത്ത് കുട്ടനാട്ടിൽ ടൂറിസം തഴച്ചു വളരുന്നുണ്ടായിരുന്നു. ഒട്ടേറെ വിദേശ വിനോദസഞ്ചാരികൾ ആലപ്പുഴയിലേയ്ക്ക് ഒഴുകിയെത്തിയ കാലം. തമ്പിയുടെ ഉള്ളിലെ ചെറിയ സംരംഭകൻ ഉണർന്നു. കയ്യിലുള്ള സമ്പാദ്യം സ്വരുക്കൂട്ടി, സുഹൃത്തുക്കൾക്കൊപ്പം കുട്ടനാട് ടൂറിസ്റ്റ് ഹോം, കഫെ വെനീസ് എന്നീ സംരംഭങ്ങൾ ആരംഭിച്ചു.
ആലപ്പുഴയുടെ വളർച്ചയ്ക്കൊപ്പം തമ്പിയുടെ ബിസിനസുകളും വളർന്നു. പിന്നീട് ഒരു ത്രീ സ്റ്റാർ ഹോട്ടൽ ആരംഭിച്ചു. 'റെന്റ് എ കാർ' ബിസിനസിലേക്കും കൈവച്ചു. ആലപ്പുഴയുടെ അനന്തസാധ്യതകളെ ഓരോന്നായി തമ്പി ഉപയോഗപ്പെടുത്തി സീഫുഡ് ബിസിനസും ഐസ് ഫാക്ടറിയും ആരംഭിച്ചു.
സമ്പാദ്യം കുന്നുകൂടിയപ്പോൾ അത്ര പരിചിതമല്ലാത്ത ധനകാര്യ സ്ഥാപനം ആരംഭിച്ചു. അതിന് അധിക കാലം ആയുസ്സില്ലായിരുന്നു. ചിട്ടി പൊട്ടി, കമ്പനി പൂട്ടി. ഒട്ടറെ കേസ് വന്നു. അതുവരെ സമ്പാദിച്ചതെല്ലാം നഷ്ടമായി. തകർച്ച മറ്റ് ബിസിനസിനെയും സാരമായി ബാധിച്ചു.
∙ ആ അമ്മയുടെ കൈപുണ്യം അനുഗ്രഹമായി
നന്ദകുമാർ തമ്പിയുടെ അടുത്ത സുഹൃത്തായിരുന്നു തനിയാവർത്തനം, സൂര്യമാനസം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവ് നന്ദന ഫിലിംസിന്റെ നന്ദകുമാർ തമ്പി. അദ്ദേഹവും ചില സിനിമകൾ പരാജയപ്പെട്ടതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഒരേ മാനസികാവസ്ഥയിൽ സഞ്ചരിച്ച കൂട്ടുകാർ, ജീവിതത്തിൽ വിജയിക്കാനുള്ള പുതിയ വഴികൾ തേടിയുള്ള അലച്ചിലിലായിരുന്നു.
പലപ്പോഴും ചർച്ച നന്ദകുമാറിന്റെ വീട്ടിലായിരുന്നു. അദ്ദേഹത്തിന്റെ അമ്മ രണ്ടുപേർക്കും നല്ല വിഭവങ്ങൾ ഉണ്ടാക്കി നൽകും. നന്ദകുമാറിന്റെ അമ്മയുണ്ടാക്കുന്ന ദോശയ്ക്ക് ഒരു പ്രത്യേക രുചിയുണ്ടായിരുന്നു. ആ കൈപ്പുണ്യം മനസ്സിലാക്കിയ തമ്പി, നന്ദകുമാറിനോട് ദോശമാവ് കമ്പനി തുടങ്ങുന്ന കാര്യം സംസാരിച്ചു. അങ്ങനെ നന്ദകുമാർ മകളുടെ പേരിൽ 'ദേവി ദോശമാവ്' ആരംഭിച്ചു. ദോശമാവ് ആലപ്പുഴയിൽ സൂപ്പർഹിറ്റായി.
ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങളുള്ളതുകൊണ്ട് തമ്പി ഒരു ഉപദേശകനെപ്പോലെ മാത്രം കൂടെ നിന്നു. ദോശമാവിന്റെ വിപണന സാധ്യതകൾ നാട്ടിൽ നിന്നും പഠിച്ചെടുത്തു. അങ്ങനെ ഗൾഫിൽ ഇതിനൊരു വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിത്തന്നെയാണ് തമ്പി പ്രവാസലോകത്തെത്തിയത്.
∙ സൂപ്പർ ശരവണ
പ്രവാസികൾക്കിടയിൽ ശരവണ പെട്ടെന്ന് സൂപ്പർഹിറ്റായി. ചിട്ടി പൊട്ടിയപ്പോൾ ഉണ്ടായ കടങ്ങളൊക്കെ വീട്ടി. പലരുടെയും വീട്ടിൽ പോയി നേരിട്ടാണ് പണം കൈമാറിയതെന്ന് തമ്പി പറയുന്നു. ഇന്ന് ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് ശരവണ ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഉമ്മുൽ ഖുവൈൻ ആണ് കമ്പനിയുടെ ആസ്ഥാനം. കമ്പനിയുടെ കാലത്തിനനുസരിച്ചുള്ള മാറ്റവുമായി പുതിയ തലമുറയിലേക്ക് ഉത്തരവാദിത്തം കൈമാറുകയാണ്.
അതിന്റെ ഭാഗമായി തമ്പിയുടെ മക്കളായ തരുണും ദേവികയും ഡയറക്ടർ ബോർഡിലുണ്ട്. ലണ്ടനിൽ ബിരുദ പഠനം പൂർത്തിയാക്കിയ തരുൺ കഴിഞ്ഞ 2022 മുതലാണ് കമ്പനിയുടെ ചുമതലകൾ ഏറ്റെടുത്തത്. ദേവിക ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ശരവണയുടെ പുതിയ ലോഗോയും ബ്രാൻഡിങ്ങും രണ്ടുപേരുടെയും ആശയമാണ്. ഭാവിയിൽ കൂടുതൽ എക്കോ ഫ്രണ്ട്ലി ഉൽപന്നങ്ങൾ പുറത്തിറക്കുകയും 2030ൽ യുഎഇയിലെ ഏറ്റവും വലിയ ഇൻസ്റ്റന്റ് ഫുഡ് കമ്പനിയാകുകയും ചെയ്യുക എന്നതാണ് ശരവണയുടെ ലക്ഷ്യം.
∙ യുഎഇയോടൊപ്പം വളർന്ന് സൺലൈറ്റ്
യുഎഇയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കു വഹിക്കുന്ന ഒരു സ്ഥാപനമാണ് ശരവണ ഗ്രൂപ്പിന്റെ ഭാഗമായുള്ള സൺലൈറ്റ്. ഇന്ന് അബുദാബി പെട്രോളിയം കമ്പനിയുടെ ഒരുപാട് സുപ്രധാന ജോലികൾ ചെയ്യുന്ന സ്ഥാപനം കൂടിയാണ്. 2007ൽ ആണ് സൺലൈറ്റിന്റെ തുടക്കം. അതുപോലെ കുടിവെള്ള വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ അൽ ഫജറും ശരവണയുടെ ഭാഗമാണ്. 2010ലാണ് അൽ ഫജർ ആരംഭിക്കുന്നത്.
ആലപ്പുഴ ആസ്ഥാനമായുള്ള ബൊണാൻസാ ഹോട്ടൽ ഗ്രൂപ്പും ശരവണയ്ക്കുണ്ട്. അടുത്ത വർഷങ്ങളിൽ ജിസിസിയിൽ എല്ലായിടത്തും യൂറോപ്പിലും ശരവണയുടെ വിഭവങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്നും തമ്പി പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുഎഇ പ്രവാസികളുടെ ഹൃദയം കീഴടക്കിയ ശരവണ, പുതുവർഷത്തിൽ പുതിയ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ദോശമാവിലൂടെ പ്രവാസികൾക്ക് സുപരിചിതമായ ശരവണ, അന്നും ഇന്നും ഗുണമേന്മ ഒട്ടും ചോരാതെയാണ് പുതിയ ലോഗോയിലും ഡിസൈനിലും ജനങ്ങളിലേക്ക് എത്തിയത്. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ കൂടാതെ ഇതര ഏഷ്യക്കാർക്കും ദോശ-ഇഡലി മാവുകൾ പ്രിയങ്കരം തന്നെ. വർഷങ്ങൾക്ക് ശേഷം ഈ മേഖലയിൽ നിരവധി ബ്രാൻഡുകൾ കടന്നുവന്നെങ്കിലും ശരവണയുടെ പരസ്യ വാചകത്തിൽ പറയുന്നതുപോലെ ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടാണ് ഉപഭോക്താക്കളുടെ വിശ്വാസം ഇത്രയധികം നേടാൻ സാധിച്ചതെന്ന് തമ്പി വിശ്വസിക്കുന്നു.