ദിവസം കഴിയുന്തോറും പകർച്ചപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. ഇവയുടെ വ്യാപ്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. എന്തുകൊണ്ട് പകർച്ചപ്പനി ഇത്രയധികം അപകടകരമായ രീതിയിൽ വർധിക്കുന്നു?
ഡെങ്കിപ്പനി, എലിപ്പനി, തുടങ്ങിയവ സാധാരണ വൈറൽപ്പനികളിൽ നിന്നും വ്യത്യസ്തമാണ്. ഇവയുടെ ലക്ഷണങ്ങൾ തുടങ്ങി മൂന്ന്–നാല് ദിവസത്തിനുള്ളിൽ വേണ്ട പരിപാലനവും ചികിത്സയും ചെയ്യാത്തതിനാലും കൃത്യമായ ആഹാരവിഹാരങ്ങൾ ശീലിക്കാത്തതിനാലുമാണ് ഇത്രയും അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്.
കൃത്യമായ പരിപാലനങ്ങളും ചികിത്സയും തുടക്കത്തിൽ ലഭ്യമാക്കിയാൽ മറ്റു പനികളെ പോലെ പൂർണമായി ഇവയും തുടച്ചു നീക്കാവുന്നതേ ഉള്ളു. ഇതു മുന്നിൽക്കണ്ടാണ് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ സ്പെഷ്യൽ പനി ഓപി പ്രവർത്തനം തുടങ്ങിയത്. പനിവരാതിരിക്കാനുള്ള മുൻകരുതലുകളും പ്രതിരോധ മരുന്നുകളും പ്രത്യേക മാർഗനിർദ്ദേശങ്ങളും പനി വന്നവർക്കായുള്ള പ്രത്യേക ചികിത്സയും മരുന്നുകളും ഇവിടെ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. രോഗ നിർണയത്തിനായുള്ള രക്ത പരിശോധനകളും ഇവിടെ ലഭ്യമാണ്.
ആശുപത്രിയിൽ പനി ചികിത്സിക്കേണ്ട സാഹചര്യത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്പെഷ്യൽ പനിവാർഡും സജ്ജമാക്കിയിട്ടുണ്ട്.
തുടക്കത്തിൽ തന്നെയുള്ള ചികിത്സയും വരാതിരിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളും മാത്രമാണ് പകർച്ചപ്പനിയെ തടയുവാനായുള്ള എളുപ്പമാർഗ്ഗം. മറ്റേത് പനികളെപ്പോലെയും പകർച്ചപ്പനിയെ ഭയപ്പെടാതെ തുടക്കത്തിൽ തന്നെ നിർണയിക്കുകയും കൃത്യമായുള്ള ചികിത്സ നിർദ്ദേശാനുസരണം ശീലിക്കുകയും ചെയ്യുക.
ശ്രദ്ധിക്കേണ്ടവ
∙ പരിസരം വൃത്തിയായി സൂക്ഷിക്കുക. ഉറവിടത്തിൽ തന്നെയുള്ള മാലിന്യ സംസ്കരണവും കൃത്യമായ ഇടവേളകളിലുള്ള " ഡ്രൈ ഡേ" ആചരണവും കൊതുകു നശീകരണത്തിന് വളരെ സഹായകമാണ്
∙ പനി ബാധിച്ചാൽ വിശ്രമം അത്യാവശ്യമാണ്. കൊതുകുകടി ഏൽക്കാത്ത സാഹചര്യത്തിൽ വിശ്രമിച്ചു കൊണ്ട്, എളുപ്പത്തില്‍ ദഹിക്കുന്നതും ചൂടുള്ളതുമായ ഭക്ഷണം ശീലിക്കുക. ബേക്കറി ആഹാരങ്ങളും ജങ്ക് ഫുഡുകളും തണുത്തതും ചൂടാക്കിയതും പ്രയാസമുള്ളതുമായ ആഹാരം ഒഴിവാക്കുക
പരീക്ഷിക്കാം ജൈവ കൊതുകു നാശിനി
5 ലിറ്റർ കൊതുകു നാശിനി ഉണ്ടാക്കാൻ
പുകയില :50 gm
വെള്ളം :5 ലിറ്റർ
വേപ്പെണ്ണ :50
സോപ്പുപൊടി :30 gm
ഉണ്ടാക്കുന്ന വിധം
പുകയില ചെറുതായി അരിഞ്ഞ് വെള്ളം തിളപ്പിച്ച് അതിൽ വേപ്പെണ്ണയും സോപ്പുപൊടിയും ചേർത്ത് നന്നായി ഇളക്കുക. ആറിയ ശേഷം മിശ്രിതം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുക.
(ഓർക്കുക. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് ഏറ്റവും അഭികാമ്യം)
ഡോ: സരസ .ടി.പി.
സൂപ്രണ്ട്
ഗവ: ആയുർവേദ മെഡിക്കൽ കോളേജ്, പുതിയകാവ്, തൃപ്പൂണിത്തുറ
Read more : ആയുർവേദ ചികിത്സ