Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദനയുടെ കാരണം കൃത്യമായി കണ്ടെത്താം

Spinal disc problems and back pain: all you need to know

നട്ടെല്ല് നിവർത്തി മണിക്കൂറോളം ഇരുന്നു ജോലി ചെയ്യുന്നവരാണ് മനുഷ്യൻ. നട്ടെല്ല് വളയ്ക്കുമെന്നു പറയാൻ നമ്മുടെ ഈഗോ സമ്മതിക്കാറുമില്ല. 

നട്ടെല്ല് ശരിക്കും വളയാതിരിക്കണമെങ്കിൽ, നാം നിത്യേന ചില വ്യായാമങ്ങൾ ചെയ്യുകയും നിഷ്ഠകൾ പാലിക്കുകയും വേണം. ശരീരത്തിന്റെ അരയ്ക്കുമുകളിലുള്ള ഭാരം മുഴുവൻ താങ്ങുന്ന അരക്കെട്ടിനെ നാം ശരിക്കും പരിപാലിക്കാതിരുന്നാൽ നടുവേദന ഉറപ്പ്.

ഉടലും കാലുകളും ചേരുന്ന ഇടുപ്പെല്ല് എന്ന അസ്ഥി സന്ധി ശരീരത്തിലെ പ്രധാന ചലന സന്ധിയാണ്. അതിനു കൃത്യമായ വ്യായാമം വേണം. അവിടെയുള്ള മാംസപേശികൾക്കു ആയാസം കൊടുക്കേണ്ടതും അത്യാവശ്യം. അതേസമയം ഇതൊന്നും അധികമാവരുത്. 

ജിമ്മിൽപോയി അമിതഭാരം പൊക്കുന്നവരൊക്കെ പിന്നീട് ദുഃഖിക്കേണ്ടിവരും. ഒരു വ്യായാമവും അധികമാവരുത്. ഇതൊക്കെ അധികമായാലും നടുവേദന വരാം. പ്രായഭേദമന്യേ കൂടുതൽ പേരുടെ പ്രധാന അസുഖമാണല്ലോ നടുവേദന. സാധാരണ 30 വയസ്സിനു മുകളിലുള്ളവരാണ് ഇതുമൂലം കഷ്ടപ്പെടാറ്. (കുട്ടികൾ നടുവേദനയെന്നു പറഞ്ഞാൽ കൃമിശല്യമുണ്ടോയെന്നു നോക്കണം) മണിക്കൂറോളം നടുനിവർത്തിയിരുന്നു ജോലി ചെയ്യുന്നവർക്കാണ് നടുവേദന അധികവും വരാറ്. ഒന്നര മണിക്കൂറിലേറെ ആരും ഒറ്റയിരിപ്പിലിരിക്കരുത്. സിനിമാ തിയറ്ററിൽ ഇടവേള വച്ചതുപോലും ഈ തത്വം വച്ചാണ്. അതു മറക്കരുത്. 

നടുവേദന വരാൻ 250ൽ ഏറെ കാരണങ്ങൾ ആയുർവേദം പറയുന്നുണ്ടെങ്കിലും പ്രധാന കാരണങ്ങൾ താഴെ ചേർക്കുന്നവയാണ്. നട്ടെല്ലിന്റെ ചതവോ ഒടിവോ തേയ്മാനമോ, നട്ടെല്ല് അവസാനിക്കുന്നഭാഗത്തെ ഘടന, തുടയുടെ എല്ലും ഇടുപ്പിന്റെ എല്ലും ചേരുന്ന ഭാഗത്തെ പ്രശ്നങ്ങൾ, മാംസപേശികളുടെ തകരാറുകളും ബലക്ഷയവും, നട്ടെല്ലിൽനിന്നു കാലിലേക്കു പോകുന്ന ഞരമ്പുകളുടെ തകരാറുകൾ, ഹൃദയത്തിൽനിന്ന് അരക്കെട്ടിന്റെ താഴേക്കു പോകുന്ന സിരകളുടെ പോരായ്മകൾ എന്നിങ്ങനെ അതു നീളുന്നു.

അടിവയറ്റിൽ കിടക്കുന്ന അവയവങ്ങളായ വൻകുടൽ, മലാശയം, മൂത്രസഞ്ചി, ഗർഭാശയം, അണ്ഡാശയം, പുരുഷഗ്രന്ഥി  (പ്രോസ്റ്റേറ്റ്), മൂലക്കുരു, ഫിസ്റ്റുല, മലാശയത്തിന്റെ വക്കുകൾ വീണ്ടുകീറി രക്തം പോക്കുണ്ടാക്കുന്ന ഫിഷർ രോഗം, മലബന്ധം, മൂത്രാശയത്തിലെ കല്ലുകൾ, വൃക്കസംബന്ധമായ രോഗങ്ങൾ, നട്ടെല്ലിൽ ബാധിക്കുന്ന ക്ഷയം, വൻകുടലിലും മലാശയത്തിലും വരുന്ന കാൻസർ‌, വിവിധതരം ഹെർ‌ണിയ, അപന്റൈറ്റിസ്, മൂത്രച്ചൂട്, മൂത്രത്തിനു വരുന്ന അണുബാധ, വെള്ളപോക്ക്, ലൈംഗിക തകരാറുകൾ, ഗർഭപാത്രവും മൂത്രാശയവും പുറത്തേക്കുതള്ളൽ, ഗർഭാശയത്തിലും അണ്ഡാശയത്തിലും വരുന്ന മുഴകൾ, ചിലർക്ക് ആർ‌ത്തവം, പ്രസവശുശ്രൂഷയുടെയും ഗർഭശുശ്രൂഷയുടെയും അഭാവം, പ്രമേഹവും പുകവലിയും മൂലമുള്ള രക്തക്കുഴലുകളുടെ ചുരുങ്ങൽ എന്നിവയും വേദനയ്ക്കു കാരണം തന്നെ.

ഇരിപ്പിടങ്ങളിൽ കുഷ്യൻ ആവാം. കസേരയിലിരുന്നാൽ കാലുനിലത്തുതൊടണം. അധികനേരം ഇരിക്കുന്ന കസേരയ്ക്ക് ചാരിയിരിക്കാനുള്ള സംവിധാനം വേണം. കിടക്ക നന്നേ കട്ടി കുറഞ്ഞതാകരുത്. കിടക്കകൾ വല്ലാതെ കുഴിഞ്ഞുപോകുന്നതുമാകരുത്. രാത്രി കിടക്കുംമുൻപ് തണുത്ത വെള്ളം കുടിക്കരുത്. രാത്രി എട്ടുമണി കഴിഞ്ഞുള്ള വ്യായാമം വേണ്ട. (വ്യായാമം രാവിലെ മതി. തളർന്ന സമയത്ത് പാടില്ല)

നടുവേദന വന്നാൽ വിശ്രമമാണ് ആദ്യം വേണ്ടത്. മലർന്നുകിടക്കുക. ഇടയ്ക്കിടെ ചൂടുവെള്ളം കഴിക്കാം. മസിൽ പ്രശ്നമാണെങ്കിൽ അതോടെ മാറും. ചിലർക്കു ധന്വന്തരം തൈലം പുരട്ടി ഉഴിഞ്ഞാൽ അസുഖം പോകും. പ്രായം ചെന്നവർക്കു കൊട്ടം ചുക്കാദി, സഹജരാദി തൈലങ്ങളാവാം. അധിക തണുപ്പ് (എസി/ഫാൻ) വേണ്ടെന്നുവയ്ക്കാം. നടുവേദനയ്ക്ക് മലബന്ധവും കാരണമാകാം. മലബന്ധമുള്ളവർ അവിപത്തി ചൂർണം രണ്ടര സ്പൂൺ ചൂടുവെള്ളത്തിൽ കലക്കി പുലർച്ചെ അഞ്ചിനു കഴിക്കുക. ഏഴരയോടെ വയറു ശുദ്ധിയാകും. തൃവൃത്ത് ലേഹ്യം രാത്രി കിടക്കാൻ നേരത്ത് 20 ഗ്രാം കഴിച്ചാലും വയറുക്ലീനാകും. രണ്ടിലൊന്നു മതി.

അൾട്രാസൗണ്ട് സ്കാനിങ്ങിനു വലിയ ചെലവില്ല. അതു ചെയ്താൽ  മൂത്രാശയത്തിലെ കല്ല്, അണ്ഡാശയത്തിലെ മുഴ, ഗർഭാശയപ്രശ്നങ്ങൾ, പുരുഷ ഗ്രന്ഥിയിലെ കുഴപ്പങ്ങൾ, മലാശയത്തിൽ വന്ന രോഗാവസ്ഥ എന്നിവയൊക്കെ അറിയാനാവും. ഏതു വേദന നീണ്ടുനിന്നാലും ഡോക്ടറെ കാണണം.