ഷ്വാർസ്നെഗറുടെ ചെസ്റ്റും ഷാരുഖിന്റെ പായ്ക്കും സൽമാന്റെ കയ്യുമൊക്കെ കണ്ടു കഴിയുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു മടുപ്പ്. മെലിഞ്ഞുണങ്ങിയ സ്വന്തം കയ്യിലേക്കും വീർക്കാൻ വെമ്പുന്ന ഉണ്ണിവയറിലേക്കും നോക്കി ഒന്നു ദീർഘനിശ്വാസം വിടും. അല്ലെങ്കിലും ഇൗ സിനിമാക്കാർക്ക് വേറെ പണിയൊന്നുമില്ലല്ലോ. ഇങ്ങനെ മസിലും നോക്കി ഇരുന്നാൽ പോരേ? നമുക്കിവിടെ 100 കൂട്ടം പണി കിടക്കുമ്പോഴാ ഒരു മസില്.
ബൈക്കിൽ ടൗണിലേക്കൊന്നിറങ്ങി. ദാ നിൽക്കുന്നു ബസ് സ്റ്റോപ്പിൽ ടീ ഷർട്ട് ഇട്ട് ബൈസെപ്സ് ഒക്കെ പെരുപ്പിച്ച് ഒരുത്തൻ. ശ്ശൊ.. ഇൗ മസിൽമാൻമാരെ കൊണ്ട് ഒരു രക്ഷയമില്ലല്ലോ ദൈവമേ.. ഒാ എന്തു മസില്? അല്ലേലും പെണ്ണുങ്ങൾക്ക് ഇൗ മസിലുള്ള ചെറുക്കന്മാരെ ഇഷ്ടമല്ലല്ലോ. അതു കൊണ്ട് എനിക്കും മസിൽ വേണ്ട. അല്ലാതെ ഇതൊന്നും ഉണ്ടാക്കാൻ വയ്യാഞ്ഞിട്ടല്ല കേട്ടോ.
പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ ദാണ്ട് വേറൊരുത്തൻ. ടൈറ്റ് ഷർട്ട് ഒക്കെ ഇട്ട് കുമാരിമാരുടെ ഇടയിൽ നിന്ന് സൊള്ളുന്നു. കോളജിൽ ചേർന്നപ്പോൾ എന്നെപ്പോലെ മെലിഞ്ഞു തൊലിഞ്ഞിരുന്നവനാ. ഇപ്പൊ കണ്ടില്ലേ... തടിച്ചു കൊഴുത്ത് മസിലും ഉരുട്ടി.. ഹൊ ജാഡ കണ്ടാൽ യെവൻ ജനിച്ചതേ ഇങ്ങനാന്നു തോന്നുമല്ലോ. എന്തായാലും വേണ്ടില്ല. ജിമ്മിൽ പോയിട്ടു തന്നെ കാര്യം. അവനാകാമെങ്കിൽ ഇൗ എനിക്കും ആയിക്കൂടേ? നേരെ ഇറങ്ങി തൊട്ടടുത്ത ജിമ്മിലേക്ക് വച്ചു പിടിച്ചു.
ഒരു സാധാരണക്കാരന്റെ ജിമ്മിൽ പോക്ക് ഇങ്ങനെയാണ് ആരംഭിക്കുന്നത്. പക്ഷേ ഇൗ പോക്ക് പോകുന്നവരിൽ 95% വും ആദ്യത്തെ മൂച്ച് കഴിയുമ്പൊ പിന്നെയും പഴയ പടി ആവും. ഏങ്ങനെ? ചങ്കരൻ പിന്നെയും തെങ്ങേൽ തന്നെ എന്നപോലെ. ബാക്കിയുള്ളവർ രക്ഷപെട്ടേക്കും. അതു കൊണ്ട് ജിമ്മിൽ പോകുന്നവർ ഇതൊന്നു മനസ്സിൽ വയ്ക്കുന്നത് നന്നായിരിക്കും.
ഒരാഴ്ച കൊണ്ടോ, ഒരു മാസം കൊണ്ടോ ഒന്നും ആർക്കും മസിൽ ഉണ്ടാകില്ല. അങ്ങനെയെങ്കിൽ മസിലിൽ തട്ടിയിട്ട് നാട്ടിൽ ആർക്കും നടക്കാൻ പറ്റാത്ത അവസ്ഥയായേനെ. ചിട്ടയായി 6 മാസമെങ്കിലും വർക്കൗട്ട് ചെയ്താൽ മാത്രമമേ ശരീരത്തിൽ ചെറിയ മാറ്റങ്ങൾ എങ്കിലും അനുഭവപ്പെട്ടു തുടങ്ങൂ. സ്വിച്ചിട്ടാൽ ഉണ്ടാവുന്നതല്ല മസിൽ എന്ന നഗ്ന സത്യം ആദ്യം മനസ്സിലാക്കുക.
ജിമ്മിൽ പോയി തുടങ്ങുന്ന ദിവസവും ആദ്യത്തെ രണ്ടാഴ്ചയും എല്ലാവർക്കും നല്ല ഉത്സാഹമായിരിക്കും. പിന്നെ പിന്നെ ആ ശുഷ്ക്കാന്തി അങ്ങു കുറയും. നേരത്തെ പറഞ്ഞതു തന്നെ കാരണം. ഇത്രയും ദിവസമായിട്ടും ഒരു മാറ്റവുമില്ലല്ലോ ദൈവമേ എന്നു വിലപിക്കരുത്. മാറ്റങ്ങൾ ഉണ്ടാവും. പക്ഷേ സമയം പിടിക്കുമെന്നു മാത്രം.
ആദ്യ ദിനങ്ങളിൽ ശരീരം മുഴുവൻ നല്ല വേദനയായിരിക്കും. പേടിക്കരുത്. വീട്ടുകാർ പറയും. മോനെ നീ ജിമ്മിലൊന്നും പോയി കഷ്ടപ്പെടേണ്ടെടാ എന്ന്. കൈ മടക്കാൻ പോലും വയ്യാതെ വരുമ്പോൾ അങ്ങ് ഇട്ടേച്ചു പോകരുത്. പേശികൾക്ക് വേദനയുണ്ടാകുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് മനസ്സിലാക്കുക. പെട്ടെന്നൊരു ദിവസം ദേഹമനങ്ങി എന്തു പണി ചെയ്യുന്ന ആർക്കും ഇൗ വേദന വരിക സ്വാഭാവികം.
വർക്കൗട്ട് ചെയ്യുന്നവർക്ക് ഒരിക്കലും കോംപ്ലക്സ് പാടില്ല. തൊട്ടപ്പറുത്ത് നിൽക്കുന്നവൻ 50 കിലോ വെയ്റ്റിട്ട ബാർ എടുത്തു പൊക്കുമ്പോൾ ഞാനും അതു ചെയ്തില്ലെങ്കിലെങ്ങനാ എന്നു വിചിരിക്കരുത്. ആരെയും കാണിക്കാനോ ബോധ്യപ്പെടുത്താനോ അല്ല വർക്കൗട്ട് എന്നാദ്യം മനസ്സിലാക്കുക. നിങ്ങൾക്കാകാവുന്ന ഭാരം മാത്രം നിങ്ങൾ പൊക്കുക. ആനയെ കണ്ട് അണ്ണാൻ വാ പൊളിക്കേണ്ട എന്നർത്ഥം.
നിങ്ങളുടെ ഇൻസ്ട്രക്റ്റർ പറയുന്നതെന്തോ അതു പോലെ ചെയ്യുക. പഠിപ്പിക്കുന്നയാൾക്ക് ബോഡിയുണ്ടോ ഇല്ലയോ എന്നു നോക്കിയല്ല അദ്ദേഹം നല്ല ഇൻസ്ട്രക്റ്ററാണോ അല്ലയോ എന്നു മനസ്സിലാക്കുന്നത്. ഏതു കളിയിലായാലും അതിപ്പൊ ക്രിക്കറ്റോ ഫുട്ബോളോ ആയിക്കോട്ടെ ഇന്നേ വരെ ഒരു മികച്ച കളിക്കരനും നല്ല കോച്ചായിട്ടില്ല എന്നു ഒാർക്കുക. അതു പോലെ തിരിച്ചും. അതു കൊണ്ട് കൂടെയുള്ളവർ എന്ത് അടവുകൾ പറഞ്ഞു തന്നാലും ഗുരുവിന്റെ വാക്കുകൾക്ക് മാത്രം വില കൽപിക്കുക.
നിങ്ങൾ മെലിഞ്ഞവരോ വണ്ണമുള്ളവരോ ആവട്ടെ. കൃത്യതയോടെ വർക്കൗട്ട് ചെയ്താൽ ശരീരസൗന്ദര്യം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ക്രമീകതമായ ഭക്ഷണത്തിനൊപ്പം ചിട്ടയായ വ്യായാമവും ചേരുമ്പോൾ മസിലൊക്കെ താനെ വരും. നിങ്ങളുടെ സൗന്ദര്യമോ വസ്ത്രമോ മറ്റൊന്തെങ്കിലുമോ തരുന്നതിനേക്കാൾ കൂടുതൽ ആത്മവിശ്വാസം നിങ്ങളുടെ ശരീരം തരും.
അതു കൊണ്ട് മടി പിടിക്കാതെ കഷ്ടപ്പെടാൻ തയാറായി ചിട്ടയോടെ ജിമ്മിലേക്ക് പൊയ്ക്കൊളൂ. മസിലൊക്കെ മനസ്സിൽ വിചാരിക്കുന്ന പോലെ ഉണ്ടാവും. ഒന്നോർക്കുക. മസിൽ പവർഫുളാണ്. പക്ഷേ സിംപിളല്ല.