മൂക്കിന്റെയും കണ്ണിന്റെയും ചുറ്റിലായി കാണുന്ന വായു അറകളാണു സൈനസുകൾ. മൂക്കിനുള്ളിലെ മ്യൂക്കസ് പാളിക്കു നനവ് നൽകുന്നത് സൈനസിൽനിന്നുള്ള ദ്രവങ്ങളാണ്. ശബ്‌ദത്തിനു പ്രത്യേക കമ്പനം നൽകുന്നതിനും സൈനസ് സഹായിക്കുന്നു.
സൈനസുകളുടെ സ്ഥാനം.
കണ്ണിനു താഴെ, കണ്ണിനു മുകളിൽ, മൂക്കിന്റെ വശങ്ങളിൽ, മൂക്കിനു പിറകിൽ തലച്ചോറിനു തൊട്ടു താഴെയായി, കണ്ണിനും മൂക്കിനും ഇടയ്‌ക്ക് ഇങ്ങനെയാണു സൈനസുകളുടെ സ്ഥാനം. സൈനസിന്റെ ലൈനിങ് പാളിക്കുണ്ടാകുന്ന നീർവീക്കമാണ് സൈനസൈറ്റിസ്. ഏതു ഭാഗത്തുള്ള സൈനസിനാണ് അണുബാധ എന്നതനുസരിച്ച് രോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.
സൈനസെറ്റിസിന് കാരണങ്ങൾ
. ബാക്‌ടീരിയ മൂലമുള്ള അണുബാധ.
. മൂക്കിെൻറ പാലം വളഞ്ഞിരിക്കുക, മൂക്കിൽ ദശ വളരുക, മറ്റ ്പാകപ്പിഴകൾ
. പ്രതിരോധശേഷിക്കുറവ് (ഇത് പലപ്പോഴും പാരമ്പര്യമായി വരുന്നതാണ്).
* സൈനസൈറ്റിസ് രണ്ടു തരത്തിലുണ്ട്: അക്യൂട്ട് സൈനസൈറ്റിസ്, ക്രോണിക് സൈനസൈറ്റിസ്. അക്യൂട്ട് സൈനസൈറ്റിസ് ജലദോഷം രൂക്ഷമാകുമ്പോഴാണ് ഉണ്ടാകുന്നത്. ജലദോഷമുള്ളവർ ശക്‌തമായി മൂക്ക് ചീറ്റുമ്പോൾ മൂക്കിനകത്തുള്ള ബാക്‌ടീരിയ സൈനസുകളിൽ കടന്ന് രോഗമുണ്ടാക്കുന്നു.
* അക്യൂട്ട് സൈനസൈറ്റിസിൽ ജലദോഷം, മൂക്കടപ്പ്, തലവേദന എന്നിവ രണ്ടു മൂന്നാഴ്‌ച മാറാതെ നിൽക്കുന്നു. ആന്റിബയോട്ടിക് ചികിൽസകൊണ്ടു രോഗം പൂർണമായും മാറും. ആവി കൊള്ളുന്നതും നല്ല ഫലം തരും. മൂക്ക് ശക്‌തമായി ചീറ്റാതിരിക്കലാണ് ഏറ്റവും നല്ല ചികിൽസ.
ശ്വാസകോശങ്ങളിലേക്കുള്ള വായുവിനെ ശുദ്ധീകരിക്കുകയാണു മൂക്കിന്റെ ധർമം. ഇടുങ്ങിയ പ്രവേശന പാതയാണു മൂക്ക്. പൊടിയെ തടുത്തു നിർത്താൻ നനവുള്ള മ്യൂക്കസ് പാളിയും രോമങ്ങളുമുണ്ട്. മൂക്കിലേക്കു പ്രവേശിക്കുന്ന വായു മൂക്കിനുള്ളിൽക്കിടന്ന് ചുറ്റി നന്നായി ഫിൽറ്റർ ചെയ്‌ത ശേഷമാണു ശ്വാസകോശങ്ങളിൽ എത്തുന്നത്. മൂക്കിന്റെ പാലത്തിനു വളവോ മൂക്കിനുള്ളിൽ വളർച്ചകളോ ഉള്ളവർക്ക് ഈ ഫിൽറ്ററിങ് ശരിയായി നടക്കില്ല. വായുവിലെ പൊടിയിലുള്ള രോഗാണുക്കൾ മൂക്കിനുള്ളിൽ ഇരുന്നു പെരുകി സൈനസിനുള്ളിലേക്കു പ്രവേശിക്കുന്നു. ഫലം ക്രോണിക് സൈനസൈറ്റിസ്.
സാധാരണ ജലദോഷത്തിനും സൈനസൈറ്റിസുമൊക്കെ ആവി കൊള്ളുന്നത് നല്ലതാണ്. എന്നാൽ ആസ്‌മ, അലർജി രോഗികൾ ആവികൊള്ളരുത്. ചില മരുന്നുകൾ സ്‌പ്രേയിങ് ഇൻഹേലർ ആയി ഉപയോഗിക്കാം. മറ്റുള്ളവർ സാധാരണ ജലദോഷം ഉള്ളപ്പോൾ ശുദ്ധമായ വെള്ളം തിളപ്പിച്ച് ആവിയേൽക്കുന്നതു നല്ലതാണ്. വേണമെങ്കിൽ ഏതാനും തുള്ളി ടിൻജർ ബെൻസോയ്‌ഡ് ആവിപിടിക്കുന്ന വെള്ളത്തിൽ കലർത്താം.
ഫംഗൽ സൈനസൈറ്റിസ്
സൈനസുകളിൽ ഫംഗസ് കടന്നു കൂടുന്ന അവസ്‌ഥയാണു ഫംഗൽ സൈനസൈറ്റിസ്. ഫംഗൽ സൈനസൈറ്റിസ് ബാധിച്ചാൽ മൂക്കിൽ ദശവളരാനുള്ള സാധ്യത ഏറെയാണ്. ആസ്‌മയിലേക്കും വഴികാട്ടിയാവും. കുട്ടികളിലാണു ഫംഗൽ സൈനസൈറ്റിസ് ഏറ്റവും അപകടകാരി. കുട്ടികളിൽ ഇതു കണ്ണിനും തലച്ചോറിനും അണുബാധയുണ്ടാക്കാം.
മൂക്കിൽ വളവ്, വളർച്ച
മൂക്കിൽ ചെറിയൊരു വളവ് ഭൂരിപക്ഷംപേർക്കുമുണ്ട്. മൂക്കിന്റെ നിശ്‌ചിത ഫ്രെയ്‌മിനുള്ളിൽ പാലം കൂടുതൽ വളരുമ്പോഴാണു വളവുണ്ടാകുന്നത്. ഇതിനു കാരണം ഏറെയും ജനിതകമാണ്. എല്ലാവർക്കും പാലത്തിന്റെ വളവ് രോഗകാരണമാകണമെന്നുമില്ല. മൂക്കിന്റെ പാർശ്വഭിത്തിയിൽ ചിലപ്പോൾ പ്രശ്‌നകാരികളായ വളർച്ചയുമുണ്ടാകും. പാർശ്വഭിത്തിയിലെ വളർച്ചകൾ സൈനസുകളെ ബ്ലോക്ക് ചെയ്യുന്നു. സൈനസൈറ്റിസ്, മൂക്കിൽ പഴുപ്പ്, ബ്ലീഡിങ് തുടങ്ങിയവ ഇതുകൊണ്ടു സംഭവിക്കാം. ശ്വാസതടസ്സം ആസ്‌മയായി മാറാനുള്ള സാധ്യതയും ഏറെയാണ്.
സൈനസൈറ്റിസ്/അലർജിക്കാർ ശ്രദ്ധിക്കുക
. ശ്വാസകോശ സംബന്ധമായ അണുബാധകൾ തുടക്കത്തിൽത്തന്നെ ചികിൽസിക്കണം.
. മൂക്ക് ശക്‌തിയായി ചീറ്റുന്നത് ഒഴിവാക്കുക. മൂക്ക് പിഴിയുകയോ ഉള്ളിലോട്ടു വലിച്ചു തുപ്പുകയോ ചെയ്യാം. ഒരു മൂക്ക് അടച്ചുപിടിച്ചു ചീറ്റുന്നതു നിർബന്ധമായും പാടില്ല.
. തണുപ്പുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
. തണുത്ത ഭക്ഷണപദാർഥങ്ങൾ, പുളിരസം, പുളിരുചിയുള്ള പഴങ്ങൾ എന്നിവയും കുറയ്‌ക്കുന്നതാണു നല്ലത്.
. ഉറക്കമിളയ്‌ക്കൽ ഒഴിവാക്കുക.
. മാനസിക സമ്മർദം ലഘൂകരിക്കുക.
. ഹൃദ്രോഗമുള്ളവർ ഉപയോഗിക്കുന്ന ആസ്‌പിരിൻ പോലുള്ള മരുന്നുകൾ, രക്‌തസമ്മർദത്തിനുള്ള ബീറ്റാ ബ്ലോക്കർ ഗുളികകൾ എന്നിവ അലർജി, മൂക്കിനുള്ളിൽ പോളിപ്‌സ് എന്നിവയ്‌ക്കു കാരണമാകുന്നുണ്ട്. അത്യാവശ്യമെങ്കിൽ മാത്രമേ ഈ മരുന്നുകൾ ഉപയോഗിക്കാവൂ.