രക്തദാനം: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന ഒരു ദ്രാവക വസ്തുവാണ് രക്തം. ശരീരത്തിലെ അടിസ്ഥാന ഘടകങ്ങളായ ഓരോ കോശവും വളരുന്നതിനും പ്രവർത്തിക്കുന്നതിനും ആവശ്യമായ ഊർജം എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. ഒരാളുടെ ശരീരത്തിൽ ശരാശരി അഞ്ചു മുതൽ ആറു ലീറ്റർ വരെ രക്തമുണ്ടാകും. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ ആർക്കും രക്തദാനം നടത്താം. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്: 

∙ രക്തദാതാവിനു ശരീരഭാരം 45 കിലോഗ്രാമിൽ‌ കൂടുതൽ വേണം. 

∙ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ഗ്രാം / ഡെസി ലീറ്റർ ഉണ്ടാകണം. 

ആരോഗ്യമില്ലാത്ത ഒരാൾ രക്തദാനം നടത്തുമ്പോൾ ദാതാവിനും സ്വീകർത്താവിനും ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ഒരു തവണ രക്തം കൊടുത്തയാൾ മൂന്നു മാസം കഴിഞ്ഞേ പിന്നീട് രക്തം കൊടുക്കാൻ പാടുള്ളൂ. വർഷത്തിൽ പരമാവധി മൂന്നോ നാലോ തവണ ദാനം ചെയ്താൽ മതി. സ്ത്രീകൾ നാലുമാസം കൂടുമ്പോഴേ രക്തദാനം നടത്താവൂ. ഒരു രോഗിയുടെ ശരീരത്തിലെ രക്തത്തിന്റെ 20% എങ്കിലും നഷ്ടപ്പെട്ടാൽ മാത്രമേ രക്തം കൊടുക്കേണ്ട സാഹചര്യം വരുന്നുള്ളൂ. 

ദാതാവ് ശ്രദ്ധിക്കേണ്ടവ 

∙ രക്തദാനത്തിനു നാലുമണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. അത് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാൽ നന്ന്. 

∙ തലേദിവസം രാത്രി നന്നായി ഉറങ്ങിയിട്ടുണ്ടാകണം. 

∙ രക്തദാനത്തിനു ശേഷം 15 മിനിറ്റ് ആശുപത്രിയിൽ വിശ്രമിക്കണം. ചിലർക്ക് തലകറക്കത്തിനുള്ള സാധ്യത ഉള്ളതിനാലാണ് വിശ്രമം നിർദേശിക്കുന്നത്. 

∙ അതോടൊപ്പം ലഘുപാനീയം (ജ്യൂസ് പോലുള്ളവ) കഴിക്കണം. അരമണിക്കൂറിനകം തിരിച്ചു പോകാം. 

∙ മദ്യപിച്ച് 24 മണിക്കൂറെങ്കിലും കഴിയാതെ രക്തദാനം നടത്തരുത്. 

∙ ബിപി സാധാരണ നിലയിലാണെങ്കിലേ രക്തം നൽകാവൂ. 

∙ കാലിന്റെ ഭാഗവും തലയുടെ ഭാഗവും ഉയർത്താനും താഴ്ത്താനും കഴിയുന്നതരം കിടക്കകളിലാണ് രക്തമെടുക്കുമ്പോൾ കിടത്തുക. 

∙ ഏതാണ്ട് 10 മിനിറ്റു കൊണ്ട് രക്തമെടുത്ത് കഴിയും. 

രക്തദാനത്തിനു ശേഷം

∙ അടുത്ത നാലുമണിക്കൂറിൽ ധാരാളം വെള്ളം കുടിക്കണം. 

∙ 12 മണിക്കൂർ സമയത്തേക്ക് മദ്യപിക്കരുത്. 

∙ രണ്ടു മണിക്കൂർ നേരത്തേക്ക് പുകവലിക്കരുത്. 

∙ നാലുമണിക്കൂറോളം സമയത്തേക്ക് വാഹനം ഓടിക്കരുത്. 

∙ 24 മണിക്കൂർ നേരത്തേക്ക് ആയാസമുള്ള ജോലിയും വ്യായാമവും ഒഴിവാക്കണം. 

∙ തലകറക്കമോ ക്ഷീണമോ തോന്നിയാൽ കാൽ ഉയർത്തിവച്ച് കിടക്കണം. എന്നിട്ടും മാറ്റമില്ലെങ്കിൽ ഡോക്ടറെ കാണണം. 

∙ ചില ദാതാക്കൾക്ക് അപൂർവമായി തലകറക്കം, ശ്വാസം മുട്ടൽ, ഛർദി തുടങ്ങിയവ കാണാറുണ്ട്. ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ രക്തബാങ്കിൽനിന്ന് ചികിൽസ ലഭിക്കും. 

തിരിച്ചുകിട്ടും രണ്ടു ദിവസം കൊണ്ട് 

ഒരു തവണ ദാനം ചെയ്യുമ്പോൾ നമുക്ക് നഷ്ടമാകുന്ന രക്തത്തിന്റെ അളവ് രണ്ടുദിവസത്തിനകവും ഘടന രണ്ടുമാസത്തിനകവും പുനഃസ്ഥാപിക്കപ്പെടും. ആരോഗ്യവാനായ ഒരു പുരുഷന്റെ ഹീമോഗ്ലോബിൻ അളവ് ശരാശരി 14–15 ഗ്രാം / ഡെസി ലീറ്റർ ആണ്. സ്ത്രീക്ക് 12–13 ഗ്രാം / ഡെസി ലീറ്ററും. ഒരു തവണ രക്തം കൊടുക്കുമ്പോൾ ഇതിൽ ഒരു ഗ്രാം മാത്രമാണ് കുറയുന്നത്. ഇങ്ങനെ കുറയുന്നത് രണ്ടു മാസത്തിനകം പഴയതു പോലെയോ അതിലധികമോ ആയി പുനഃസ്ഥാപിക്കപ്പെടും. 

പരിശോധനകൾ നിർബന്ധം 

പ്രമേഹം, ഉയർന്ന രക്തസമ്മർദം, മാനസിക രോഗങ്ങൾ, മഞ്ഞപ്പിത്തം, മലമ്പനി, സമീപകാലത്ത് ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, തുടങ്ങിയവരൊന്നും രക്തം ദാനം ചെയ്യാൻ പാടില്ല. ഇത്തരം അസുഖങ്ങളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ ഒരു വ്യക്തിയിൽനിന്ന് രക്തമെടുക്കാറുള്ളൂ. സ്ത്രീകളിൽനിന്ന് ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ആർത്തവകാലത്തും രക്തം സ്വീകരിക്കില്ല. എത്ര ആരോഗ്യവാനായ വ്യക്തിയാണെങ്കിലും ഒരു തവണ രക്തം ദാനം ചെയ്യുമ്പോൾ പരമാവധി 350 മില്ലി ലീറ്റർ രക്തം മാത്രമേ എടുക്കാറുള്ളൂ. 55 കിലോഗ്രാമിനു മുകളിലുള്ളവർക്ക് 450 മില്ലി ലീറ്റർ വരെ ദാനം ചെയ്യാം. 

സ്വീകരിച്ച രക്തം മറ്റൊരാൾക്ക് നൽകുമ്പോൾ ഒരു തരത്തിലുള്ള രോഗാണുബാധയും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് പരിശോധനകൾ നിർബന്ധമായും നടത്തും. സിഫിലിസ്, മലേറിയ പരിശോധനകളും നടത്തും. കൃത്യമായി പരിശോധന നടത്താതെ രക്തം സ്വീകരിച്ചാൽ വൈറസ്, ബാക്ടീരിയ, പ്രോട്ടോസോവ ഫംഗസ്, പ്രയോൺ എന്ന പ്രോട്ടീൻ തുടങ്ങിയവ മൂലം പല രോഗങ്ങളും വരാം. രക്തദാതാവിന് ഇത്തരം അണുബാധകളുണ്ടെങ്കിൽ അത് പരിശോധിച്ച് തിരിച്ചറിഞ്ഞില്ലെങ്കിൽ സ്വീകർത്താവിലേക്ക് പകരാം. 

വിൻഡോ പിരിയഡ് 

എയ്ഡ്സിനു കാരണമായ എച്ച്ഐവി രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏതാണ്ട് മൂന്നാഴ്ച കഴിഞ്ഞേ എലീസ ടെസ്റ്റിലൂടെ അത് പ്രകടമാകൂ. രോഗാണുബാധ പ്രകടമാകാത്ത ഈ സമയത്തെ വിൻഡോ പിരിയഡ് എന്നാണ് പറയുന്നത്. ഈ ഘട്ടത്തിലാണ് എച്ച്ഐവി ബാധിച്ചയാൾ രക്തം നൽകുന്നതെങ്കിൽ സ്വീകരിക്കുന്നയാൾക്കും രോഗം പകരും. എന്നാൽ, ഇപ്പോൾ വിൻഡോ പിരിയഡിലും രോഗലക്ഷണങ്ങൾ കണ്ടെത്താനായി ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് ഉണ്ട്. പക്ഷേ, ചെലവ് കൂടും. വൈറസിന്റെ ജനിതകഘടകങ്ങളെയാണ് ഇതിൽ പരിശോധിക്കുന്നത്. 

ഇവരിൽനിന്ന് രക്തം സ്വീകരിക്കില്ല 

∙ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ 

∙ ഒന്നിൽക്കൂടുതൽ ലൈംഗിക പങ്കാളികളുള്ളവർ 

∙ സ്വവർഗഭോഗികൾ 

ഇവർ ദാനം ചെയ്യാൻ പാടില്ല 

∙ അർബുദം, ഹൃദ്രോഗം, അസാധാരണ രക്തസ്രാവം എന്നിവ ഉള്ളവർ 

∙ അകാരണമായ ഭാരക്കുറവ് ഉള്ളവർ 

∙ ഹെപ്പറ്റൈറ്റിസ് (ബി, സി), വൃക്കരോഗങ്ങൾ, എയ്ഡ്സ്, രോഗലക്ഷണങ്ങൾ, ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹരോഗി, കരൾ രോഗം, ക്ഷയം, രക്താർബുദം, വലിവ്, അപസ്മാരം, കുഷ്ഠം, മാനസികരോഗം, ഗ്രന്ഥിവീക്കം, പോളിസൈത്തിമിയ വിര എന്നിവ ഉള്ളവർ. 

രക്തഗ്രൂപ്പ് മാറിപ്പോയാൽ 

എന്തെങ്കിലും കാരണവശാൽ ഒരു രോഗിക്ക് കൊടുത്ത രക്തം അദ്ദേഹത്തിനു ചേരാത്തത് ആണെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകും. ചുവന്ന രക്താണു തകർന്ന് ഹീമോഗ്ലോബിൻ പുറത്തുവരും. അവ മൂത്രത്തിലൂടെ രക്തനിറത്തിൽ പോകും. കരളിന്റെയും വൃക്കയുടെയും പ്രവർത്തനം അവതാളത്തിലാകും. രക്തസമ്മർദം കുറയും. ബിലിറൂബിന്റെ അളവ് ഉയർന്ന് മത്തപ്പിത്തത്തിനു കാരണമാകും. അത്തരം സാഹചര്യങ്ങളിൽ രോഗിക്ക് ഉടൻ ഫ്ലൂയിഡ് നൽകണം. ശേഷം ഡയാലിസിസ് ചെയ്ത് രക്തം ശുദ്ധമാക്കണം. അല്ലെങ്കിൽ മരണം സംഭവിക്കാം. ഒരേ ഗ്രൂപ്പിൽപ്പെട്ട രക്തമാണ് കൊടുക്കുന്നതെങ്കിൽ തന്നെ ക്രോസ് മാച്ച് പരിശോധന ഉറപ്പായും നടത്തണം. 

ക്രോസ് മാച്ചിങ് 

രക്തം ആവശ്യമായ രോഗിക്ക് നൽകുന്നത് യോജിച്ച രക്തമാണോ എന്നറിയാൻ രക്തബാങ്കുകളിൽ നടത്തുന്ന പരിശോധനയാണ് ക്രോസ് മാച്ചിങ് ടെസ്റ്റ്. ചേരാത്ത രക്തം നൽകിയാൽ രോഗി ഗുരുതരാവസ്ഥയിലാകും. രോഗിയുടെ രക്തം ബ്ലഡ് ബാങ്കിൽ കൊണ്ടുവന്ന് ദാതാവിന്റേതുമായി ക്രോസ് മാച്ച് നടത്തും. രണ്ട് രക്തവും കൂട്ടിക്കലർത്തി മൈക്രോസ്കോപ്പിലൂടെയാണ് ഈ പരിശോധന നടത്തുക. കൂട്ടിക്കലർത്തിയ രക്തം കട്ടകൂടിയില്ലെങ്കിൽ ഉപയോഗിക്കും. 

മൂന്നു ഘടകങ്ങളാക്കും 

ഒരാളിൽനിന്ന് എടുക്കുന്ന രക്തത്തെ മൂന്ന് ഘടകങ്ങളായി വേർതിരിച്ചാണ് സൂക്ഷിക്കുക: 

1. രക്തമായി തന്നെ 

2. പ്ലാസ്മയായി 

3. പ്ലേറ്റ്ലറ്റായി 

രക്തമായി 35 മുതൽ 42 ദിവസം വരെ സൂക്ഷിക്കാം. നാലു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലാണ് സൂക്ഷിക്കുക. പ്ലാസ്മയായി ഒരു വർഷം വരെ സൂക്ഷിക്കാം. അത് മൈനസ് 40 ഡിഗ്രിയിലാണ് സൂക്ഷിക്കുന്നത്. പ്ലേറ്റ്ലറ്റ് സാധാരണ താപനിലയിൽ (22 ഡിഗ്രി സെൽഷ്യസ്) ആണ് സൂക്ഷിക്കുക. ഇങ്ങനെ അഞ്ചുദിവസം വരെയേ സൂക്ഷിക്കാൻ കഴിയൂ.