Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌ലീപ് അപ്നിയയും അല്‍ഷിമേഴ്സും തമ്മില്‍?

sleep

നല്ല ഉറക്കത്തെ സാരമായി ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം. എന്നാല്‍ പ്രായമായവരെ ബാധിക്കുന്ന ഒബ്സ്ട്രക്റ്റീവ് സ്‌ലീപ് അപ്നിയ (obstructive sleep apnoea) അല്‍ഷിമേഴ്സിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്നാണെന്ന് പഠനം.

ഉറക്കത്തിനിടയ്ക്ക് ശ്വാസനാളി ദുര്‍ബലമായി അയഞ്ഞുപോകുകയോ അടഞ്ഞു (block) പോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ലീപ് അപ്‌നിയയ്ക്ക് കാരണമാകുന്നത്. ഇങ്ങനെ വരുമ്പോള്‍ ഉറങ്ങുന്ന ആള്‍ ശ്വാസമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സമുളള ഭാഗത്തുകൂടെ വായു ഞങ്ങിഞരുങ്ങി പുറത്തേക്ക് വരികയും ഉച്ചത്തിലുളള കൂര്‍ക്കം വലിയ്ക്ക് കാരണമാകുകയും ചെയ്യുന്നു. പൊതുവേ അമിതഭാരമുളളവരിലാണ് ഒബ്‌സ്ട്രകീറ്റ് സ്‌ലീപ് അപ്നീയ കാണപ്പെടുന്നത്.

ന്യൂയോര്‍ക്ക്‌ സർവകലാശാലയില്‍ നടത്തിയ ഒരു പഠനത്തിൽ ഉറക്കത്തിലെ തുടര്‍ച്ചയായുള്ള ഇത്തരം പ്രശ്നങ്ങള്‍ രോഗിയുടെ തലച്ചോറില്‍ അമിതമായ അളവില്‍ അമിനോ ആസിഡ് അടിയാന്‍ കാരണമാകുകയും ഇത് ഭാവിയില്‍ അല്‍ഷിമേഴ്സിനു കാരണമാകുകയും ചെയ്യുന്നതായി കണ്ടെത്തി. അതുപോലെ അമിതവണ്ണമുള്ളവർ, അനിയന്ത്രിത രക്തസമ്മർദം ഉള്ളവർ, ഹൃദ്രോഗികൾ, മസ്തിഷ്കാഘാതം ഉണ്ടായവർ എന്നിവരിലും ശ്വാസതടസ്സസാധ്യത കൂടുതലാണ്.

രോഗിയുടെ വിവേചനബുദ്ധിയെയാണ് ഇത് ആദ്യം ബാധിക്കുക. 55 മുതല്‍  90 വയസ്സിനിടയില്‍ പ്രായമുള്ള 208 ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ കണ്ടെത്തല്‍ നടത്തിയത്.

 അതുകൊണ്ടുതന്നെ സ്‌ലീപ് അപ്നിയയുടെ പ്രത്യാഘാതങ്ങൾ തടയാനും ആരോഗ്യം നിലനിർത്താനും ഇത് യഥാസമയം നിർണിയിക്കേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്. ഹൃദമിടിപ്പ്, രക്തസമ്മർദം എന്നിവ പോലെ തന്നെ പ്രധാനമാണ് നമ്മുടെ ഉറക്കവും.

കണ്ടിന്യുവസ് പൊസിറ്റീവ് എയർവേ പ്രഷർ അഥവാ സീ പാപ്പ് ഉപയോഗം വഴി  സ്‌ലീപ് അപ്നിയയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.  സീ പാപ്പ് ഉറക്കത്തിലും സ്‌ലീപ് അപ്നിയ രോഗിയുടെ ശ്വാസനാളം അടഞ്ഞുപോകാതെ നിശ്ചിത മർദത്തിൽ വായു പ്രദാനം ചെയ്യുന്നു. സീ പാപ്പ് മെഷീനിലെ പമ്പ് ആണ് വായുപ്രവാഹത്തെ നിയന്ത്രിക്കുന്നത്. മെഷീനിൽ നിന്നുള്ള വായു ഒരു ട്യൂബ് വഴി രോഗിയിലെത്തുന്നു. ഇങ്ങനെ മർദത്തിലുള്ള വായു നൽകുന്നത് ഒരു മാസ്കിലൂടെയാണ്. ഈ മാസ്ക് ആകട്ടെ, രോഗിയുടെ മൂക്കു മൂടിയാണു വയ്ക്കുന്നത്. മുഖത്തു കൃത്യമായി ഉപകരണം ഉറപ്പിച്ചു വയ്ക്കുന്നതിനുള്ള സ്ട്രാപ്പുകളും സീപാപ്പിലുണ്ട്. ചില പോരായ്മകളും ഉപയോഗപ്രശ്നങ്ങളും ഉള്ളതിനാൽ ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിക്കണം എന്നു മാത്രം. പോസിറ്റീവ് തെറാപ്പിയും ഒരു പരിധിവരെ ഗുണം ചെയ്യും. എല്ലാമുപരിയായി അമിതവണ്ണം നിയന്ത്രിക്കുകയും ജീവിത ശൈലിയിൽ മാറ്റം വരുത്തുകയും വേണമെന്നതും പ്രധാനം.

Read More : ആരോഗ്യവാർത്തകൾ