ഹൃദയം വേണ്ടാത്തവർ മാത്രം ഇനി ടെൻഷൻ അടിച്ചോളൂ...

എന്തിനും ഏതിനും ആവശ്യമില്ലാതെ ടെന്‍ഷന്‍ അടിക്കുന്ന സ്വഭാവമാണോ നിങ്ങളുടേത്. എങ്കില്‍ കരുതിയിരുന്നോളൂ, നിങ്ങള്‍ ഹൃദയത്തെ കുഴപ്പത്തിലാക്കുകയാണ്. ടെന്‍ഷന്‍ അല്ലെങ്കില്‍ ഉത്കണ്ഠ നിങ്ങളുടെ ഹൃദയാരോഗത്തെ മാത്രമല്ല ദിനചര്യകളെ മുഴുവന്‍ താളംതെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും അമിതമായി ടെന്‍ഷന്‍ അടിക്കുന്നവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു 13ഇരട്ടിയധികമാണെന്നു പഠനങ്ങള്‍ പറയുന്നു.

രാവിലെ ഉണരുന്നതു മുതല്‍ ഉറങ്ങുന്നതു വരെ എന്തിന് ഉറക്കത്തില്‍പ്പോലും നൂറായിരം ഉത്തരവാദിത്തങ്ങള്‍ തലയില്‍ ചുമന്നാണ് മിക്കവരുടെയും നടപ്പ്. ടെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് ജീവിതത്തില്‍ ഉത്തരവാദിത്തബോധം ഇല്ലെന്ന മട്ടിലാണ് ചിലരുടെ പെരുമാറ്റം പോലും. ഈ ടെന്‍ഷന്‍ നിങ്ങളെ കൊണ്ടെത്തിക്കുക കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്കാണ് എന്നറിയാമോ? 

പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ പല രോഗാവസ്ഥകളിലേക്കും ഈ ടെന്‍ഷന്‍ നിങ്ങളെ കൊണ്ടെത്തിക്കും. 

സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആകുലതകളുമാണ് ടെന്‍ഷന്‍ കൂട്ടാന്‍ മുൻപന്തിയില്‍ നില്‍ക്കുന്ന കാരണങ്ങള്‍. ടെന്‍ഷനും വേവലാതികളും ഒപ്പമുണ്ടെങ്കില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത ഏറുമെന്ന് പഠനങ്ങളില്‍ വ്യക്തമായതാണ്. 

അമിത ടെന്‍ഷന്‍ കൊളസ്ട്രോള്‍ നില ഉയര്‍ത്തുകയും ഇത് ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറച്ചു ഹൃദയപേശികളെ നിര്‍ജീവമാക്കി ഹൃദയാഘാതമുണ്ടാക്കാനും സാധ്യതയുണ്ട്. 

അതുപോലെ തന്നെ പ്രധാനമാണ് ഒരിക്കല്‍ ഹൃദ്രോഗബാധ വന്നവര്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ ടെന്‍ഷന്‍ ഒഴിവാക്കുക എന്നത്. വിഷാദവും വേവലാതികളും ഒപ്പമുണ്ടെങ്കില്‍ ഹൃദ്രോഗബാധ വീണ്ടുമുണ്ടാകാനുള്ള സാധ്യത ഏറുമെന്ന് പഠനങ്ങള്‍  പറയുന്നു. ബൈപ്പാസ് സര്‍ജറി പോലുള്ള ശാസ്ത്രക്രിയകള്‍ കഴിഞ്ഞവരുടെ ടെന്‍ഷന്‍ നിയന്ത്രണവും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കലും ഒരു പ്രധാനഘടകമാണ്.

 ‍ഒരു രോഗവുമായി ഡോക്ടറെ സമീപിച്ചാല്‍ രോഗിയുടെ ജീവിതചര്യകളെ കുറിച്ചു ഡോക്ടര്‍മാര്‍ ചോദിച്ചു മനസ്സിലാക്കുക സ്വാഭാവികം. എന്നാല്‍ ഒരിക്കല്‍ പോലും നമ്മുടെ നാട്ടില്‍ രോഗിയുടെ മാനസികസംഘര്‍ഷങ്ങളെ കുറിച്ചു ഡോക്ടര്‍മാര്‍ ചോദിക്കാറില്ല. ഇതൊരു തെറ്റായ പ്രവണതയാണെന്ന് ഇതു സംബന്ധിച്ചു പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നു. രോഗിയുടെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളെ കുറിച്ചു ഒരു ഡോക്ടര്‍ തിരക്കുന്നത് പോലെ പ്രധാനമാണ് മാനസികനില അറിഞ്ഞു വയ്ക്കുന്നതും. ഇത് തുടക്കത്തിലെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ ടെന്‍ഷന്‍ കൊണ്ടുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായകമാകും.

സാമ്പത്തികബുദ്ധിമുട്ടുകള്‍, ജോലി സ്ഥലത്തെ സ്‌ട്രെസ്, വിഷാദം എന്നിവ ഹൃദയാരോഗ്യത്തെ കാര്‍ന്നു തിന്നുമെന്നതില്‍ സംശയമില്ല. ഇച്ഛാഭംഗങ്ങളെയും വെല്ലുവിളികളെയുമൊക്കെ നേരിടാനുള്ള കഴിവ് കുറഞ്ഞവരിലും ടെന്‍ഷന്‍ അധികമാകാറുണ്ട്‌. രക്തകുഴലുകളിലുണ്ടാകുന്ന ബ്ലോക്കുകള്‍ ഹൃദയാഘാതത്തിന്റെ മുഖ്യകാരണങ്ങളില്‍ ഒന്നാണ്. അമിതടെന്‍ഷന്‍ ഉള്ളവരില്‍ ഇതിന്റെ സാധ്യത മൂന്നിരട്ടിയാണെന്ന കാര്യം മറക്കേേണ്ട.

Read More : Health News