മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. രോഗത്തെപ്പറ്റി പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കാനും ക്ഷയരോഗം എന്ന ആഗോള പകർച്ചവ്യാധിയെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയും ആണ് ദിനാചരണം.
‘ആവശ്യമുണ്ട് നേതാക്കളെ : ക്ഷയരോഗവിമുക്ത ലോകത്തിനായി’ എന്നതാണ് ഈ വർഷത്തെ തീം. പൊതുസമൂഹം, വക്കീലന്മാർ, ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, എൻ ജി ഒ കൾ, പാർലമെന്റ് അംഗങ്ങൾ, കമ്മ്യൂണിറ്റി, ലീഡർമാർ, മന്ത്രിമാർ തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവർ ക്ഷയരോഗ നിർമ്മാജ്ജനത്തിനായി നേതൃ നിരയിലേക്കു വരണം. എന്നും പ്രവർത്തിക്കണം എന്നുമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
മൈക്കോ ബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയയാണ് ടി. ബി അഥവാ ക്ഷയരോഗത്തിനു കാരണം. ശ്വാസകോശത്തെയാണ് ഈ രോഗം സാധാരണയായി ബാധിക്കുന്നത്. പൂർണമായും സുഖപ്പെടുത്താവുന്നതും വരാതെ തടയാവുന്നതുമാണ് ക്ഷയരോഗം.
വായുവിലൂടെയാണ് രോഗം പകരുന്നത്. ക്ഷയ രോഗം ബാധിച്ച ആളുടെ ചുമ, തുമ്മൽ, തുപ്പൽ ഇവയിലൂടെ രോഗാണുക്കൾ വായുവിൽ കലരുന്നു. ഈ രോഗാണുക്കളിൽ അല്പ്പം മാത്രം ശ്വസിച്ചാൽ തന്നെ രോഗം ബാധിക്കും.
മുതിർന്നവരെയാണ് രോഗം കൂടുതലും ബാധിക്കുന്നത്. എങ്കിലും 14 വയസ്സുവരെയുള്ള 10 ലക്ഷം കുട്ടികളെ ഓരോ വർഷവും രോഗം ബാധിക്കുന്നുണ്ട്.
പുകയിലയുടെ ഉപയോഗം ക്ഷയരോഗത്തിനും മരണത്തിനും ഉള്ള സാധ്യത കൂട്ടുന്നു. ലോകത്ത് 8 ശതമാനം ക്ഷയരോഗത്തിനും കാരണം പുകവലിയാണ്.
ലക്ഷണങ്ങൾ
കഫത്തോടെയുള്ള ചുമ, ചുമച്ച് രക്തം തുപ്പുക, നെഞ്ചുവേദന, ക്ഷീണം, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, പനി ഇവയെല്ലാമാണ് രോഗലക്ഷണങ്ങൾ.
രോഗനിർണയം
ലബോറട്ടറിയിൽ കഫം പരിശോധിക്കുക വഴിയാണ് മിക്ക രാജ്യങ്ങളിലും ക്ഷയരോഗം നിർണയിക്കപ്പെടുന്നത്. എന്നാൽ ഇതുവഴി പകുതി കേസുകൾ മാത്രമേ നിർണയിക്കപ്പെടാനാകൂ. മരുന്നുകളോടുള്ള പ്രതിരോധം തിരിച്ചറിയാനും ആകില്ല.
WHD നിർദേശിച്ച ടെസ്റ്റ് ആയ X pert MTB/RIF ലൂടെ 2 മണിക്കൂറിനുള്ളിൽ തന്നെ രോഗനിർണയം നടത്താം. നൂറിലധികം രാജ്യങ്ങളിൽ ഈ പരിശോധന നടത്തുന്നുണ്ട്.
കുട്ടികളിൽ രോഗനിർണയം പ്രയാസകരമണ്. പീഡിയാട്രിക് ടി.ബി തിരിച്ചറിയാൻ X pert MIB/RIF ടെസ്റ്റ് തന്നെ വേണ്ടി വരും.
ചികിത്സ
പൂർണമായും സുഖപ്പെടുത്താവുന്ന രോഗമാണിത്. വൈദ്യനിർദേശം അനുസരിച്ച് മരുന്ന് കഴിച്ചാൽ മാത്രം മതി.
ക്ഷയരോഗത്തെപ്പറ്റി ചില വസ്തുതകൾ
∙ ലോകത്ത് മരണങ്ങൾക്കുള്ള പത്തു കാരണങ്ങളിൽ ഒന്നാണ് ക്ഷയരോഗം.
∙ 2016 ൽ 10.4 ദശലക്ഷം പേർക്ക് ക്ഷയരോഗം ബാധിച്ചു. 1.7 ദശലക്ഷം പേർ മരണമടഞ്ഞു. (ഇതിൽ 0.4 ദശലക്ഷം പേർ എച്ച്ഐവി ബാധിതരും ആയിരുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ക്ഷയരോഗമരണത്തിന്റെ 95 ശതമാനവും സംഭവിക്കുന്നത്.
∙ ആകെയുള്ള ക്ഷയരോഗ ബാധിതരിൽ 64 ശതമാനവും 7 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ ഇന്ത്യയാണ് മുന്നിൽ, ഇൻഡോനേഷ്യ, ചൈന, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ് മാറ്റു രാജ്യങ്ങൾ.
∙ 2016 ൽ ഒരു മില്യൺ കുട്ടികൾക്കാണ് ക്ഷയരോഗം ബാധിച്ചത്. ഇവരിൽ രണ്ടര ലക്ഷം കുട്ടികൾ മരണമടഞ്ഞു.
∙ എച്ച് ഐവി ബാധിതരുടെ മരണത്തിന് പ്രധാന കാരണം ക്ഷയരോഗമാണ്. 2016 ൽ 40 ശതമാനം എച്ച്ഐവി മരണങ്ങളും ക്ഷയരോഗം മൂലം ആയിരുന്നു.
∙ മൾട്ടിഡ്രഗ് റസിസ്റ്റന്റ് ടിബി (MDR-TB) ഇന്നും പൊതുജനാരോഗ്യ പ്രതിസന്ധിയും ആരോഗ്യസുരക്ഷക്ക് ഭീക്ഷണിയും ആയി നിലനിൽക്കുന്നു. ക്ഷയരോഗത്തിന് ഏറ്റവും ഫലപ്രദം rifampicin എന്ന മരുന്നാണ്. എന്നാൽ 6 ലക്ഷം പേരിലും ഈ മരുന്ന് ഫലിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന കണക്കുകൂട്ടുന്നു. ഇതിൽ 4,90,000 MDR-IB കേസുകളാണ്. ഓരോ വർഷവും ക്ഷയരോഗം ബാധിക്കുന്നവരുടെ എണ്ണം 2 ശതമാനം കുറയുന്നുണ്ട്. ഇത് ഓരോ വർഷം 4 മുതൽ 5 ശതമാനം വരെ ആക്കാനും 2020 ഓടെ ക്ഷയരോഗം നിർമാജനം ചെയ്യണമെന്നും ആണ് ഉദ്ദേശിക്കുന്നത്.
∙ 2000 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 53 ദശലക്ഷം പേരുടെ ജീവനാണ്, രോഗനിർണയവും, ചികിത്സയും മൂലം രക്ഷിക്കാനായത്.
∙ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ആരോഗ്യ രംഗത്തെ ലക്ഷ്യം എന്നത് 2030 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യുക എന്നതാണ്.
Read More : Health News