പ്രസവശസ്ത്രക്രിയ കഴിഞ്ഞ് 14 വർഷമായിട്ടും 41 കാരിയായ ആമി ബ്രിയിറ്റിനു നടുവേദന വിട്ടുമാറുന്നില്ലായിരുന്നു.2003ല്‍ ഫ്ലോറിഡയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ വഴിയായിരുന്നു ആമി മകന്‍ ജേക്കബിനു ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്നും തിരികെ വന്നു രണ്ടാം മാസം മുതലാണ് നടുവേദനയുടെ തുടക്കം. വേദന അസഹ്യമാകുമ്പോള്‍ പല പല ഡോക്ടർമാരെ ആമി മാറിമാറി കണ്ടു. പലരും ഓരോരോ വേദനസംഹാരികള്‍ നല്‍കി. തൽക്കാലആശ്വാസം എന്നതല്ലാതെ ആമിയുടെ വേദന വിട്ടുമാറിയില്ല.
വാതരോഗമാകും എന്നായിരുന്നു ആദ്യമൊക്കെ ഡോക്ടര്‍ പറഞ്ഞത്. നടുവിനും ഇടുപ്പിനും ഇടയിലായി ഉണ്ടായിരുന്ന വേദന വാതമാണ് എന്നു തന്നെ ചിലര്‍ ഉറപ്പിച്ചു. അങ്ങനെ ഒരു ദശാബ്ദത്തിനു ശേഷമാണ് സിടി സ്കാന്‍ നിര്‍ദ്ദേശിച്ചത്. വാതരോഗം ആയിരിക്കും എന്ന മുന്‍വിധിയോടെയായിരുന്നു സ്കാന്‍ എടുക്കാന്‍ ആമിയും പോയത്. എന്നാല്‍ സ്കാനില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന മറ്റൊരു വിവരമായിരുന്നു.
ആമിയുടെ നട്ടെല്ലില്‍ ഒടിഞ്ഞ ഒരു ചെറിയ സൂചിയുടെ അംശം. അതും പതിനാലുവര്‍ഷം പഴക്കമുള്ള സൂചി. ആറാമത്തെ പ്രസവസമയത്ത് നല്‍കിയ എപ്പിഡ്യൂറല്‍ ഇഞ്ചെക്ഷനായിരുന്നു ഇവിടെ വില്ലനായത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ആമിയുടെ നട്ടെല്ലില്‍ എടുത്ത ഈ കുത്തിവെയ്പ്പില്‍ സൂചിയുടെ ഒരു ഭാഗം ഒടിഞ്ഞു നട്ടെല്ലില്‍ കയറിയിരുന്നു. കുത്തിവെയ്പ്പ് നല്‍കിയ ആള്‍ ആ വിവരം മറച്ചുവെച്ചു എന്നാണു നിഗമനം.
9 - 10 സെന്റിമീറ്റര്‍ വരെ നീളമുള്ള സൂചിയുടെ 3 സെ.മീറ്റർ ഭാഗമാണ് ആമിയുടെ നട്ടെല്ലില്‍ വര്‍ഷങ്ങളായി ഇരിക്കുന്നത്. ഗുരുതരമായ മെഡിക്കല്‍ അനാസ്ഥ തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞശേഷവും അത് നീക്കം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഡോക്ടർമാര്‍. ഇത്രയും പഴക്കം ചെന്ന ഈ സൂചിയുടെ അംശം ആമിയുടെ നട്ടെല്ലിലെ പ്രധാനരക്തക്കുഴലിനോട് ചേര്‍ന്നാണ് ഇരിക്കുന്നത്. ഒരുപക്ഷേ അത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് ആമി ജീവിതകാലം മുഴുവന്‍ തളര്‍ന്നുകിടക്കാന്‍ കാരണമായേക്കാം എന്നാണു വിലയിരുത്തല്‍. ശരിയായ സമയത്ത് അത് നീക്കം ചെയ്യാതെ പോയതാണ് ഇതിന്റെ കാരണം.
ഫ്ലോറിഡയിലെ ആശുപത്രിക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് ആമി. ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലായതോടെ ഫിസിയോതെറപ്പിയും മറ്റു മരുന്നുകളുമായി കഴിയുകയാണ് ആമി. മക്കളോട് പോലും ഈ അവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടില്ല. ഭാവിയെ കുറിച്ചു സദാആശങ്കയുണ്ട്, എപ്പോഴാണ് വീല്‍ചെയറിലാകുക എന്നതും അറിയില്ല പക്ഷേ ഇനി ഒരാള്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. മുന്‍പും ഈ ആശുപത്രിക്ക് എതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട് എന്ന് ആമി പറയുന്നു. ഇതിനോടകം പലരും ഇവര്‍ക്ക് എതിരെ കേസ് ഫയല്‍ ചെയ്ത സംഭവങ്ങളുമുണ്ട്. എന്തായാലും തനിക്ക് നഷ്ടപരിഹാരം ലഭിക്കണം എന്നാണു ആമി പറയുന്നത്. ഒപ്പം ഈ ദുരവസ്ഥ ഇനിയൊരു രോഗിക്കും ഉണ്ടാകാനും പാടില്ല എന്നവര്‍ പറയുന്നു.
Read More : Health News