ഗർഭനിരോധനമാർഗത്തിന്റെ പരാജയം പലപ്പോഴും ഗർഭച്ഛിദ്രത്തിനു വഴിവയ്ക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിലുള്ള പ്രയോഗങ്ങളിലൂടെ ഗർഭധാരണം തടയാവുന്നതാണ്. അതിനുള്ള ശരിയായ രീതികളെക്കുറിച്ച് പറയുകയാണ് ഡോ.ഷിംന അസീസ്
ഗർഭനിരോധനമാണല്ലോ ഇപ്പോഴത്തെ ചൂടുപിടിച്ച ചർച്ചാവിഷയം. വാസക്‌ടമിക്കാരൻ ചങ്ങായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തൊടുത്തു വിട്ട അമ്പിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇത്തവണത്തെ #SecondOpinion എങ്ങനെ ഗർഭധാരണം തടയാം എന്നാണ് ചർച്ച ചെയ്യുന്നത്.
ഗർഭധാരണം തടയുന്നതിന് താൽക്കാലികമാർഗങ്ങളും സ്‌ഥിരമാർഗങ്ങളുമുണ്ട്. അതിൽ തന്നെ ഹോർമോൺ ഉപയോഗിക്കുന്നവയും അല്ലാത്തവയും സർജറി ഉപയോഗിക്കുന്നവയുമുണ്ട്. ആലോചിച്ച് അൽക്കുൽത്താകേണ്ട. ദിപ്പ പറഞ്ഞ് തരാം...
ശരിയായി ഉപയോഗിച്ചാൽ ഏറ്റവും ഫലപ്രദമായ ഗർഭനിരോധനമാർഗ്ഗമാണ് കോണ്ടം. പുരുഷൻമാർക്ക് ഉപയോഗിക്കാവുന്ന കോണ്ടവും സ്‌ത്രീകൾക്ക് ഉപയോഗിക്കാവുന്നവയുമുണ്ട്. വാങ്ങാനും ഉപയോഗിക്കാനും എളുപ്പമാണെന്നതു കൊണ്ട് ഏറെ പ്രചാരമുള്ള ഈ മാർഗ്ഗം പക്ഷേ, "നാവ് പൊതിഞ്ഞു വച്ചിട്ട് പാൽപ്പായസം കിട്ടിയിട്ടെന്തിനാ..." എന്നൊക്കെ കാരണം പറഞ്ഞ് ചിലർ വേണ്ടെന്ന് വെക്കാറുമുണ്ട്. കോണ്ടം ഉപയോഗിക്കുകയാണെങ്കിൽ ലൈംഗികരോഗങ്ങളിൽ നിന്ന് സംരക്ഷണവും ഉറപ്പാക്കാം. അത്ര ജനകീയമല്ലെങ്കിലും സെർവൈക്കൽ ഡയഫ്രം, സെർവൈക്കൽ റിങ്ങ്, ബീജങ്ങളെ ഇല്ലാതാക്കുന്ന ഫോം/ജെൽ തുടങ്ങിയവ, ഗർഭനിരോധന സ്‌പോഞ്ച് എന്നിവയെല്ലാം ഇതു പോലെ താൽക്കാലിക ഗർഭനിരോധനമാർഗമായി ഉപയോഗിക്കാം.
നിർദേശിക്കപ്പെട്ട രീതിയിൽ ഉപയോഗിച്ചാൽ ഒരു ശതമാനത്തിൽ താഴെ മാത്രം പരാജയസാധ്യത ഉള്ളതാണ് ഹോർമോൺ ഗുളികകൾ. ചില രോഗങ്ങൾക്ക് നൽകുന്ന ഗുളികകളോടൊപ്പം കഴിക്കുമ്പോൾ ഇവയുടെ ഫലപ്രാപ്‌തി കുറയാം, ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് കഴിക്കാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ഡോക്‌ടറെ കാണുന്നതിന് പകരം സ്വന്തം താൽപര്യത്തിന് മെഡിക്കൽ ഷോപ്പുകാരൻ എടുത്തു തരുന്ന ഗർഭനിരോധനഗുളിക വിഴുങ്ങരുത്. ഗുളിക നിർത്തിക്കഴിഞ്ഞാൽ അധികം വൈകാതെ തന്നെ ഗർഭധാരണശേഷി തിരിച്ച് കിട്ടും. കൈയിലെ തൊലിക്കടിയിൽ നിക്ഷേപിക്കുന്ന ഹോർമോൺ ഇംപ്ലാന്റ്, ഹോർമോൺ ഇഞ്ചക്ഷൻ, ഗർഭപാത്രത്തിനകത്ത് കോപ്പർ ടി പോലെ നിക്ഷേപിക്കുന്ന ഹോർമോൺ സിസ്‌റ്റം എന്നിവയാണ് ഈ വിഭാഗത്തിൽ പെടുന്ന മറ്റ് മാർഗങ്ങൾ.
Intrauterine Contraceptive Device (IUCD) വിഭാഗത്തിൽ പെടുന്ന ഗർഭനിരോധനമാർഗ്ഗമാണ് കോപ്പർ ടി. ഇവിടെ T ആകൃതിയിലുള്ള ഒരുപകരണം ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഗർഭം ധരിക്കണമെന്ന ആവശ്യം വരുമ്പോൾ ഇത് എടുത്ത് മാറ്റുകയും ചെയ്യാം. പല കാരണങ്ങൾ കൊണ്ട്, ഒരു പ്രസവത്തിന് ശേഷം മാത്രമാണ് സാധാരണ ഗതിയിൽ കോപ്പർ ടി ഇടുന്നത്. ഇവ പല വിധമുണ്ട്. എത്ര വർഷത്തെ സുരക്ഷ ലഭിക്കുമെന്ന് ഉപയോഗിക്കുന്ന IUCD ഏതാണ് എന്നതിനനുസരിച്ചിരിക്കും.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ കഴിക്കുന്ന ഗർഭനിരോധന ഗുളികകളും ലഭ്യമാണ്. പൊതുവെ എമർജ്ജൻസി പിൽ എന്ന പേരിലറിയപ്പെടുന്നു ഇവ ഒരിക്കലും സൗകര്യപൂർവ്വം ശീലമാക്കേണ്ട ഒന്നല്ല, മറിച്ച് വല്ലപ്പോഴും അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന അവസാന ആശ്രയമാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടന്ന് അഞ്ച് ദിവസങ്ങൾക്കുള്ളിൽ കോപ്പർ ടി നിക്ഷേപിക്കുന്നതും ഗർഭധാരണം തടയും.
ഏത് സാഹചര്യത്തിലും ഇനിയങ്ങോട്ട് കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധനമാർഗ്ഗങ്ങളായിരിക്കും കൂടുതൽ നല്ലത്. മൊഞ്ചനും മൊഞ്ചത്തിയും പഞ്ചാരസമയം ഒത്തുവരുന്നേരം കോണ്ടം തപ്പിക്കിട്ടാഞ്ഞിട്ട് മൂഡ് സ്പോയിൽ ആവുന്ന അവസ്ഥ പിന്നീടൊരിക്കലും വരില്ല, എമർജ്ജൻസി ഗുളിക വാങ്ങാൻ ഓടേണ്ടി വരികയുമില്ല. സ്‌ഥിരമായ ഗർഭനിരോധനത്തിനായി സ്‌ത്രീകളിൽ ഉപയോഗിക്കുന്നത് അണ്‌ഢവാഹിനിക്കുഴലിൽ മാറ്റങ്ങൾ വരുത്തുന്ന ട്യൂബക്‌ടമിയും പുരുഷൻമാരിൽ ബീജം ശുക്ലവുമായി കലരുന്നത് തടയുന്ന വാസക്‌ടമിയുമാണ്. വാസക്‌ടമി ഒരു തരത്തിലും ഉദ്ധാരണശേഷിയേയോ രതിമൂർച്‌ഛയെയോ ബാധിക്കില്ല. സിസേറിയൻ ആണെങ്കിൽ കൂടെത്തന്നെ പ്രസവം നിർത്താം എന്ന കാരണത്താൽ ട്യൂബക്‌ടമി ചെയ്യാം. ഈ ഒരു അവസരമൊഴിച്ചാൽ അത്യന്തം ലളിതമായി പുരുഷൻമാരിൽ ചെയ്യാവുന്ന വാസക്‌ടമി തന്നെയാണ് സ്‌ഥിര ഗർഭനിരോധനത്തിന് നിസ്സംശയം നല്ലത്. രണ്ട് രീതിയായാലും 'റീകനാലൈസേഷൻ' എന്ന വഴിയിലൂടെ ഒരു പരിധി വരെ ഗർഭധാരണശേഷി തിരിച്ച് കിട്ടാൻ സാധ്യതയുണ്ടേങ്കിലും ഇത് എപ്പോഴും വിജയിക്കണമെന്നില്ല.
വാൽക്കഷ്‌ണം : സുരക്ഷ ഏറ്റവും കുറഞ്ഞ ഗർഭനിരോധനമാർഗങ്ങളാണ് 'സുരക്ഷിതകാലം നോക്കലും സ്‌ഖലനത്തിന് തൊട്ട് മുൻപ് ലിംഗം പുറത്തെടുക്കലും.' രണ്ടിലും ഗർഭധാരണത്തിന് മോശമല്ലാത്ത സാധ്യതയുണ്ട്. വളരെ കൃത്യമായ ആർത്തവചക്രമുള്ളവർക്ക് മാത്രമേ സുരക്ഷിതകാലം നോക്കുന്നത് ഒരു പരിധി വരെയെങ്കിലും ഫലപ്രദമാകൂ. സ്‌ഖലനത്തിന് മുൻപ് വരുന്ന ദ്രാവകത്തിലും ചലനശേഷിയുള്ള ബീജങ്ങൾ അടങ്ങിയിരിക്കാം എന്നിരിക്കേ, തൃശ്ശൂരു നിന്നും എറണാകുളത്തേക്ക് ടിക്കറ്റെടുത്ത് ഇടയിൽ ആലുവയിലിറങ്ങുന്നവർക്ക് ചിലപ്പൊ പണി പാലുംവെള്ളത്തിൽ തന്നെ കിട്ടും.
Read More : ആരോഗ്യവാർത്തകൾ