തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരിച്ചത്. അനസ്തീസിയ നൽകിയതിലെ പിഴവാണു ബന്ധുക്കൾ ആരോപിച്ചു. വർക്കല ഇടവ കരിനിലക്കോട് വിഎസ് ഭവനിൽ ബിജോയിയുടെ ഭാര്യ ശോഭയാണു(38) ഇന്നലെ പുലർച്ചെ മൂന്നിനു മരിച്ചത്. കാലിലെ കമ്പി നീക്കം ചെയ്യാൻ എത്തിയതായിരുന്നു യുവതി. ഒരുവർഷം മുൻപു നടന്ന അപകടത്തിൽ ഇവരുടെ കാലിനു ഗുരുതര പരുക്കേറ്റിരുന്നു.
അന്നു കാലിലിട്ട കമ്പി ഉടൻ നീക്കം ചെയ്യണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം രണ്ടാഴ്ച മുൻപ് ഇതിനായി വിശദ പരിശോധനയും നടത്തി. മിനിയാന്നു നടന്ന ശസ്ത്രക്രിയയും വിജയകരമായി. പക്ഷേ, ഓപ്പറേഷനുശേഷം വാർഡിലേക്കു മാറ്റി മൂന്നുമണിയോടെ യുവതിക്കു ശ്വാസംമുട്ടലും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടു.
ശസ്ത്രക്രിയ കഴിഞ്ഞു പുറത്തേക്കു കൊണ്ടുവന്ന ശോഭ കാലിൽനല്ല വേദനയുണെന്ന് പറഞ്ഞിരുന്നു. വേദന കടുത്തതോടെ നഴ്സ് എടുത്ത ഇഞ്ചക്ഷനും പ്രശ്നമായി കാണുമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ശരീരം വിയർത്തു കുഴഞ്ഞുപോയ ഇവരെ ഉടൻ തന്നെ ഐസിയുവിലേക്കു മാറ്റി. രാത്രിയോടെ മരിച്ചതായി അധികൃതർ അറിയിച്ചു. അനസ്തീസിയയ്ക്കായി ഉപയോഗിച്ച ഇൻജക്‌ഷന്റെ ഡോസ് കൂടിയതാണെന്നും അധികൃതർക്ക് എതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
നരഹത്യയ്ക്കു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു വീട്ടുകാർ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സാനിധ്യത്തിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. പരാതിയിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Read More : ആരോഗ്യവാർത്തകൾ