ചൂടു കൊണ്ട് തളര്‍ന്ന് ഉള്‍ക്കുളിരു കൊണ്ടു വശംകെട്ട് പുതപ്പിനടിയിലേക്ക്...പിന്നെ കുറേ നേരം കഴിഞ്ഞ് വിയര്‍ത്തു കുളിച്ച് സുഖമുള്ളൊരു തണുപ്പം ക്ഷീണവുമായി ഒരു പൊന്തിവരല്‍...കഞ്ഞിവെള്ളവും അച്ചാറും ബ്രെഡും കട്ടന്‍കാപ്പിയുമൊക്കെയായി കുറേ നാള്‍...ഇടയ്‌ക്കൊന്നു പനിയാറുമ്പോള്‍ മഴയത്തിറങ്ങിയും വെയിലു കൊണ്ടും പനിയോടു തന്നെയൊരു ഗുസ്തിപിടിക്കല്‍. അല്‍പം പിണങ്ങിയാലും നമ്മോടൊപ്പം തന്നെ പോരും പനി...ഒരു പനി വന്നെങ്കിലെന്ന് മടികൂടുമ്പോള്‍ കൊതിക്കാത്ത ബാല്യങ്ങളുണ്ടാകില്ല. എന്നാല്‍ ആ കളിയൊക്കെ മാറി.
പനി ഭൂകമ്പവും സുനാമിയുമൊക്കെ പോലെ നമുക്കിടയിലെ പലരേയും കിടക്കയില്‍ നിന്നു മരണത്തിലേക്കു കൊണ്ടുപോകാന്‍ തുടങ്ങിയിട്ട് കാലമേറയായി...ഓ പനിയാണോ അതങ്ങ് പൊയ്‌ക്കോളുമെന്ന പറച്ചില്‍, ഓ സൂക്ഷിക്കണേ... ഇപ്പോഴത്തെ പനിയാ... എന്ന നിലയിലേക്കു മാറിയിരിക്കുന്നു. ഇപ്പോഴിതാ പന്നിപ്പനിയും ഡെങ്കിപ്പനിയ്ക്കും പക്ഷിപ്പനിയ്ക്കും ശേഷം വേറൊരു പനിയും കൂടി മലയാളികളെ വിറപ്പിച്ചു തുടങ്ങിയിരിക്കുന്നു. നിപ്പാ വൈറസ് നിരവധി പേരുടെ ജീവനെടുത്തു കഴിഞ്ഞു.
വവ്വാലുകളില്‍ നിന്നാണ് നിപ്പാ മനുഷ്യനിലേക്കു പകരുന്നത്. ഇതുവരെ നമ്മെ ആക്രമിച്ചു കൊന്ന പനി വൈറസുകള്‍ക്കെല്ലാം ഒറ്റവായനയില്‍ ഓര്‍മയില്‍ നിക്കാത്തതോ അല്ലെങ്കില്‍ കളിയാക്കി ആരെയങ്കിലും വിളിക്കാനാകുന്നതോ ആയ പേരുകളുണ്ട്. അത് അവിടെ നിക്കട്ടെ...പനി ഏതായാലും അതിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ നമ്മളാല്‍ സ്വീകരിക്കാന്‍ കഴിയുന്ന ചില മാര്‍ഗങ്ങളുണ്ട്. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണു നല്ലതെന്നാണല്ലോ, കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കുന്നതാണ് നല്ലതെന്നാണല്ലോ വൈദ്യസംഘങ്ങള്‍ പോലും പറയാറുള്ളത്.
ഇന്നും എത്രപേര്‍ പനി വന്നു മരിച്ചുവെന്നു കേട്ടാലും പനി വന്നാൽ സ്വയം ചികിത്സയ്ക്കു മുതിരുന്നവര്‍ തന്നെയാണ് മിക്കവരും. ഒരു പാരസെറ്റാമോള്‍ എങ്കിങ്കിലും കഴിച്ചു നോക്കാതെ ആശുപത്രിയിലേക്ക് പോകാന്‍ മടിയാണു നമുക്ക്. ആ രീതിയാണു ആദ്യമേ മാറ്റേണ്ടത്. ഇനി ഡോക്ടറുടെ അടുത്തു പോയി എന്നു തന്നെ ഇരിക്കട്ടെ, കൃത്യമായി മരുന്നു കഴിച്ചാല്‍ പോലും വിശ്രമം എടുക്കാതെ പനി ഒന്ന് കുറയുമ്പോള്‍ കിടക്ക വിട്ടെണീറ്റ് പോകുന്നവരാണ് അധികവും. പനി വന്നാല്‍ മരുന്നു കഴിക്കുക മാത്രമല്ല വിശ്രമവും അനിവാര്യമാണ്.
ഇനി വൃത്തിയുടെ കാര്യത്തിലേക്കു വരാം. പനി വരുന്നതില്‍ പ്രധാന പങ്ക് വൃത്തിയില്ലായ്മയ്ക്കുമുണ്ട്. കൃത്യസമയത്ത് നഖം വെട്ടി വൃത്തിയാക്കാതിരിക്കുക, തിളപ്പിച്ചാറിയ വെളളം കുടിക്കാതിരിക്കുക, ബാത്‌റൂമില്‍ പോയി വന്നാല്‍ കൈ സോപ്പിട്ട് കഴുകാതിരിക്കുക, തുറന്നു വച്ച ആഹാരങ്ങള്‍ കഴിക്കുക, വഴിയരികില്‍ നിന്ന് അത്തരം ഭക്ഷണം വാങ്ങിക്കഴിക്കുക...തുടങ്ങിയ കാര്യങ്ങളെല്ലാം പനിയിലേക്കു നയിക്കുന്നവയാണ്.
വേനലിനു ശേഷമെത്തുന്ന മഴയാണ് മിക്കപ്പോഴും പനിയിലേക്കു നമ്മെ നയിക്കുന്നത്. അതുകൊണ്ടുതന്നെ പരിസര ശുചിത്വത്തിനും പ്രധാനപങ്കുണ്ട് പനിയെ തടഞ്ഞു നിര്‍ത്തുന്നതില്‍. കാരണം കൊതുകുകളാണ് പനി പരത്തുന്നതിലെ പ്രധാന വില്ലന്‍മാര്‍. ഇവര്‍ പെറ്റുപെരുകുന്നത് നമ്മള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന, മഴയത്ത് സ്വയം ജലസംഭരണികളായി മാറുന്ന പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലുമൊക്കെയാണ്. ഭക്ഷണസാധനങ്ങളുടെ ബാക്കി അലക്ഷ്യമായി വലിച്ചെറിയുന്നതും അശാസ്ത്രീയമായി വെള്ളം കെട്ടി നിര്‍ത്തുന്നതും പരിസരത്ത് അനാവശ്യപുല്ലുകളും കുറ്റിച്ചെടികളുമൊക്കെയായി കാടുവളരുന്നതുമൊക്കെ കൊതുകുകള്‍ പെറ്റുപെരുകുന്നതിനു കാരണമാണ്. ഇതൊക്കെ ഒഴിവാക്കാന്‍ സര്‍ക്കാരുകളോ പഞ്ചായത്തില്‍ നിന്നുള്ളവരോ തന്നെ ഉപദേശിക്കാതെ നമുക്ക് ശ്രമം തുടരാനാകണം. ഓടകള്‍ അടച്ചുറപ്പുള്ളവയും, കൃത്യമായ ഇടവേളകളില്‍ അവയിലെ ബ്ലോക്കുകളും മറ്റ് അറ്റകുറ്റപ്പണികളും ചെയ്യേണ്ടതുമാണ്.
പൊതു ജലസംഭരണികള്‍ അതീവ വൃത്തിഹീനമായതാണ് മറ്റൊരു വലിയ വിപത്ത്. ഈ രണ്ടു കാര്യങ്ങളും പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളുമൊക്കെ ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കേണ്ടതാണ്.
വവ്വാലുകള്‍ കടിച്ച മാങ്ങ ഭക്ഷിച്ചതിലൂടെയാണ് നിപ്പാ വൈറസ് മനുഷ്യരിലേക്കു പകര്‍ന്നതെന്നാണു വിലയിരുത്തല്‍. പനി വന്നാല്‍ കൃത്യമായ ചികിത്സയെടുക്കുന്നതിനോടൊപ്പം കൂടുതല്‍ ആളുകളിലേക്ക് എത്താതെ പനി എങ്ങനെ ഒഴിവാക്കാമെന്നതിനുള്ള പ്രക്രിയയും വളരെ വലുതാണ്. മഴക്കാലമാണ് എന്നതിനോടൊപ്പം വേനല്‍ക്കാലവുമാണ്. കുട്ടികള്‍ തിമിര്‍ത്തു നടക്കുന്ന സ്‌കൂള്‍ വേനലവധിക്കാലം മാവിന്‍ ചുവട്ടില്‍നിന്ന് ഏറ്റവുമധികം മാങ്ങ കിട്ടാന്‍ അവര്‍ മത്സരിക്കുന്ന കാലം, നെല്ലിക്ക കൈനിറയെ പെറുക്കിയെടുത്ത് കൂട്ടുകാരെ കൊതിപ്പിക്കാന്‍ വെമ്പുന്ന കാലം. മാങ്ങയിലും നെല്ലിക്കയിലും പക്ഷിമൃഗാദികള്‍ കടിച്ചോ നക്കിയോ എന്നൊന്നും കളിയുടെ തിമിര്‍പ്പിനിടയില്‍ അവര്‍ ഓര്‍ക്കാന്‍ പോകുന്നില്ല. കുരുത്തക്കേടു മൂക്കുമ്പോള്‍ ഓ ഈ സ്‌കൂളൊന്നു തുറന്നാല്‍ മതിയെന്നു പതംപറയുന്ന നേരത്ത് ഇക്കാര്യം അവരിലേക്ക് കൃത്യമായി പകര്‍ന്നു നല്‍കുക. വേനലവധിക്കാലം തിമിര്‍ത്തു നടക്കുന്നത് ഈ ബോധം ഇനിയെന്നും മനസ്സില്‍ വച്ചു കൊണ്ടാകട്ടെ...
കുറേ പേര്‍ മരിച്ചു കഴിഞ്ഞ് പ്രതിരോധ മാര്‍ഗങ്ങളും നോട്ടിസും ബ്ലീച്ചിങ് പൗഡറുമൊക്കെയായി ഇറങ്ങുന്നതിലും എത്രയോ നല്ലതാണ് നമുക്ക് അറിയാവുന്ന, മാറി മാറി വരുന്ന കാലവസ്ഥയ്ക്ക് അനുസരിച്ച് നാം തന്നെ പരിസരം വൃത്തിയാക്കുന്നത്, എന്റേതല്ലല്ലോ എന്നു ചിന്തിച്ച് കുളങ്ങളും തോടുകളും വൃത്തികേടാക്കാതിരിക്കുന്നത്. പനി കളിയല്ലെന്നു കരുതുന്നത്....അതിനു വേണ്ട ചികിത്സ കൃത്യമായി സ്വീകരിക്കുന്നത്...
Read More : ആരോഗ്യവാർത്തകൾ