Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഗ്ലൗസും മാസ്കുമഴിച്ച് ഞാൻ അവനെ കെട്ടിപ്പിടിച്ചു'; നിപ്പ കണ്ടെത്തിയ ഡോ. അനൂപ് കുമാര്‍ പറയുന്നു

dr-anoop ഡോ. അനൂപ് കുമാര്‍

നിപ്പ ഭീതി നാടാകെ പടരുമ്പോള്‍ പ്രതീക്ഷയും ആശ്വാസവും കരുതലും പങ്കിട്ട് ഡോക്ടറുടെ വിഡിയോ. നിപ്പയെക്കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിവരിക്കുന്ന കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ.അനൂപ് കുമാര്‍ തന്‍റെ ചില അനുഭവങ്ങളും വിഡിയോയില്‍ വിവരിക്കുന്നു. ജനങ്ങളുടെ ഇടയിൽ നിപ്പയെക്കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകളെ ഇല്ലാതാക്കുകയാണ് വിഡിയോയുടെ ലക്ഷ്യമെന്ന് ഡോക്ടർ പറയുന്നു. 

നിപ്പ രോഗം ആദ്യം സ്ഥിരീകരിച്ച, ഭര്‍ത്താവും രണ്ട് മക്കളും മരിച്ച മറിയം എന്ന സ്ത്രീയുടെ മകൻ തന്നെ കാണാൻ വന്നതിനെപ്പറ്റി ഡോക്ടർ വിവരിക്കുന്നു. ആളുകളൊക്കെ ഭീകരജീവി ആയിട്ടാണ് തന്നെ കാണുന്നത് എന്ന് പറഞ്ഞ അവനെ മാസ്കും ഗ്ലൗസും എല്ലാം അഴിച്ച് താൻ കെട്ടിപ്പിടിച്ചതായും ഡോക്ടർ പറയുന്നു. ഡോക്ടറുടെ വിഡിയോയുടെ പൂർണരൂപം ഇങ്ങനെ:

ഞങ്ങളുടെ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിന്റെയും യൂറോളജി വിഭാഗത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് നിപ്പ വൈറസ് അണുബാധ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഈ അവസരത്തിൽ ജനങ്ങളുടെ ഇടയിൽ വ്യാപിക്കുന്ന ചില തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടിയാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. 

ആദ്യമായി ഇതുവരെയുള്ള നമ്മുടെ നിഗമനം അനുസരിച്ചു ഇപ്പോൾ ഇത് ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്കാണ് പകരുന്നത്. രോഗം ഉള്ള അവസ്ഥയിൽ മാത്രമേ രോഗം പകരുകയുള്ളു.

ഞാൻ ആദ്യം രോഗനിർണയം നടത്തിയ അല്ലെങ്കിൽ രോഗം കൺഫേം ചെയ്ത എല്ലാ രോഗികളെയും പരിശോധിച്ച ഡോക്ടർ ആണ്. ഈ രോഗത്തിന് exposed ആണ്. അതിന്റെ അർഥം എനിക്ക് ഇപ്പോൾ രോഗമുണ്ടെന്നല്ല. എന്റെ ശരീരത്തിൽ നിന്ന് വേറൊരാൾക്ക് രോഗം പകരണമെങ്കിൽ അല്ലെങ്കിൽ വ്യാപിക്കണമെങ്കിൽ എനിക്ക് രോഗലക്ഷണങ്ങൾ കാണണം. ചുമ, പനി, ഛർദ്ദി, അല്ലെങ്കിൽ പെരുമാറ്റത്തിലുള്ള മറ്റെന്തെങ്കിലും വ്യത്യാസം. ഈ വ്യത്യാസങ്ങൾ കണ്ടതിനു ശേഷം മാത്രമേ രോഗം മറ്റൊരാളിലേക്കു വ്യാപിക്കുകയൊള്ളു. 

അതുപോലെ തന്നെ ഈ രോഗം നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റുമോ എന്നതാണ് കുറെ പേരുടെ സംശയം.

ഞാൻ വ്യക്തമായി പറയാം ഈ ലക്ഷണങ്ങൾ കണ്ടതിനു ശേഷമുള്ള രക്ത സാമ്പിൾ പരിശോധനയിലൂടെ മാത്രമേ രോഗം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റുകയുള്ളു. അതിനു മുന്നേയുള്ള അവസ്ഥയിൽ നമ്മൾ രക്തപരിശോധന നടത്തിയാൽ രോഗനിർണയം നടത്താൻ പറ്റില്ല.

കുറച്ചു ദിവസം മുന്നേ ആദ്യം മരിച്ച രോഗികളിൽ ഒരാളായ മറിയം എന്ന സ്ത്രീയുടെ ഇളയ മകൻ എന്നെ കാണാൻ വരികയുണ്ടായി. ചെറിയ ഒരു പയ്യനാണ്. മുഖത്ത് മാസ്ക് ഉണ്ട്, കയ്യിൽ ഗ്ലോവ് ഉണ്ട്, ആകെ വിറച്ചു കൊണ്ടാണ് നിൽക്കുന്നത്. അവൻ പറയുന്നതെന്തെന്നാൽ നാട്ടിൽ മറ്റൊരു സ്ഥലത്തു പോകാൻ പറ്റുന്നില്ല, ബസിൽ കയറാൻ പറ്റുന്നില്ല, ആളുകളൊക്കെ ഇപ്പോൾ ഒരു ഭീകര ജീവി ആയിട്ടാണ് കാണുന്നത്. ഇതു കേട്ടപ്പോൾ ഞാൻ അവന്റെ മാസ്കും ഗ്ലൗസും ഒക്കെ മാറ്റി കെട്ടിപ്പിടിച്ചപ്പോൾ അവൻ തന്നെ കരഞ്ഞു പോവുകയാണ്. വളരെ വേദനിപ്പിക്കുന്ന ഒരു രംഗമാണത്. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. 

നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ആ കുടുംബത്തിന്റെ വിശാല മനസ്കത ഒന്നു കൊണ്ടു മാത്രമാണ് നമുക്ക് ഈ രോഗം നിർണയിക്കാൻ പറ്റിയത്. ഇങ്ങനെ ഒരു സംശയം ഉണ്ടായപ്പോൾ തന്നെ നിങ്ങൾ സഹകരിക്കണമെന്നും സാമ്പിൾ നിങ്ങളിൽ ഒരാൾ തന്നെ മണിപ്പാലിൽ എത്തിക്കണമെന്നും പറഞ്ഞപ്പോൾ അതിന്റെ പ്രാധാന്യം മനസിലാക്കി അത് അവർ അവിടെ എത്തിച്ചു. രണ്ടാമതായി രോഗി മരണപ്പെട്ടപ്പോൾ അത്രയും വേദനാജനകമായ സാഹചര്യത്തിൽ പോലും രോഗം പൂർണമായി മനസിലാക്കുന്നതിന് വേണ്ടി പോസ്റ്റ് മോർട്ടത്തിന് തയാറാവുകയും ചെയ്തു. കേരളം മുഴുവനും ആ കുടുംബത്തിനോട് കടപ്പെട്ടിരിക്കുകയാണ്. ഈ ഒരു സമയത്തു ഇങ്ങനെ തെറ്റായ രീതിയിൽ പെരുമാറുന്ന ഒരു പ്രവണത നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ല.

അതു പോലെ തന്നെ ഇന്ന് നമ്മുടെ ഇടയിൽ ഉള്ള പല ആളുകളും ജീവിച്ചിരിക്കുന്നത് ആരോഗ്യരംഗത്തു ജോലി ചെയ്യുന്ന ആളുകളുടെ പ്രവർത്തനം കൊണ്ടാണ്. ആ രോഗികളെ നോക്കിയ നഴ്സുമാർ, ആശുപത്രിയിൽ വർക്ക് ചെയ്യുന്ന സ്റ്റാഫ്, അല്ലെങ്കിൽ പേരാമ്പ്ര ഭാഗത്തോ കോഴിക്കോട് മെഡിക്കൽ കോളജിലോ അല്ലെങ്കിൽ മറ്റു ഭാഗങ്ങളിലോ ഉള്ള ഡോക്ടർമാർ ഇവരോടൊക്കെ നമുക്ക് കടപ്പാടുണ്ട്.

എന്നിട്ടു പോലും കുറച്ചു ദിവസം മുൻപ് ഞാൻ ഒരു വാർത്ത കേട്ട് ഈ രോഗികളെ പരിചരിച്ച ഒരു സ്റ്റാഫ് ബസിൽ കയറിയപ്പോൾ അതിലെ ആളുകൾ ഒക്കെ എഴുന്നേറ്റു പോയി എന്ന്.അതൊക്കെ വളരെ തെറ്റായ ഒരു പ്രവണതയാണ്. ഞാൻ മുൻപ് സൂചിപ്പിച്ചതു പോലെ രോഗം ഉള്ള ഒരാളിൽ നിന്ന് മാത്രമേ ഇത് മറ്റുള്ളവർക്ക് പകരുകയുള്ളു.

വേറെ ഒരു കാര്യം എന്തെന്നാൽ ഇപ്പോൾ ചാനൽ ചർച്ചയിലും മറ്റിടങ്ങളിലും ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നത് നിപ്പ എങ്ങനെ ചികിത്സിക്കണം, ഇതിനു വേണ്ടി ഓസ്ട്രേലിയയിൽ ഉള്ള മോണോക്രോണി ആന്റിബോഡി കൊണ്ട് വരണോ, നമ്മൾ ഇത് വരെ പരീക്ഷിക്കാത്ത ആന്റി വൈറൽ മരുന്നുകൾ എന്താണ് കൊണ്ടുവരാത്തത്, ഈ മരുന്നുകൾ നമ്മൾ എങ്ങനെ കൊടുക്കണം എന്നൊക്കെയാണ്. ഇതൊന്നുമല്ല ശരിക്കും ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.

കോഴിക്കോടുള്ള ഡോക്ടേഴ്സും മറ്റു വിദഗ്ധരും എല്ലാം ചേർന്ന് ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ചികിത്സ കണ്ടു പിടിച്ചു കഴിഞ്ഞതാണ്. പിന്നെ അതിന്റെ സൈഡ് ഇഫക്ട്സും ദൂഷ്യവശങ്ങളും ചർച്ച ചെയ്യുന്നതും കേട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ചർച്ച വിഷയം  പനിയെ എങ്ങനെ പിടിച്ചു നിർത്താം എന്നതാണ്. 

അതിനുള്ള ഒരു പോംവഴി രോഗികളുമായി അടുത്തിടപഴകിയ ആളുകൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ അവർ മറ്റാളുകളുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക. രോഗിയുമായി അടുത്തിടപഴകിയ ആൾക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ രോഗലക്ഷണം പുറത്തു കാണാൻ 6 മുതൽ 8 ദിവസം വരെ വേണം. അണുബാധ ഉണ്ടായി അടുത്ത ദിവസം തന്നെ രോഗലക്ഷണം ഉണ്ടാവില്ല. 

രണ്ടു ദിവസം മുന്നേ കണ്ട ഒരു വാർത്ത പറയാം,"മംഗലാപുരത്തു രണ്ടു പേർക്ക് നിപ്പ അണുബാധ സ്ഥിരീകരിച്ചിരിക്കുന്നു. അത് എന്താണ് സംഭവിച്ചതെന്നു വച്ചാൽ ഈ വ്യക്തി കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്തതായിരുന്നു. അവിടെ എത്തിയപ്പോൾ ആൾക്ക് പനിയും തലവേദനയും. ഉടനെ തന്നെ കോഴിക്കോട് നിന്ന് യാത്ര ചെയ്തതിനാൽ ആ പനി നിപ്പ ആയി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടാകില്ല. മുന്‍പ് പറഞ്ഞതുപോലെ നിപ്പ പിടിച്ചാൽ രോഗലക്ഷണം പുറത്തുകാണാൻ 6 മുതൽ 8 ദിവസം വരെ സമയമെടുക്കും. 

വിഡിയോ കടപ്പാട് : ആത്മ ഹെൽത്ത്

ഇനി നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമെന്താണെന്ന് വച്ചാൽ എങ്ങനെ പ്രതിരോധിക്കാം എന്നതാണ്. എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കുക. പുറത്തിറങ്ങി കഴിഞ്ഞാൽ കൈ സോപ്പിട്ട് കഴുകിയതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക. ആവശ്യമില്ലാതെ കൈ മുഖത്തും വായ്ഭാഗത്തും കൊണ്ടുപോകുന്നത് ഒഴിവാക്കുക. രോഗികളുമായി ഇടപെടുമ്പോൾ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക. അവരോട് സംസാരിക്കമ്പോൾ രണ്ടുമീറ്റർ അകലത്തിൽ നിന്ന് സംസാരിക്കുക. എല്ലാവരും സഹകരിച്ചാൽ കൂട്ടായി പ്രവർത്തിച്ചാൽ രണ്ടുമൂന്ന് ആഴ്ച കൊണ്ട് ഈ രോഗം പൂർണമായും തുടച്ചുനീക്കാൻ കഴിയും.

Read More : Nipah virus | Health News