Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ നിപ്പയോടു പൊരുതി; നാടും വീടും ജീവിതവും മറന്ന്, കേരളമറിയേണ്ട അനുഭവം

Nipah Representative Image

കേരളത്തിൽ നിപ്പ ആദ്യം റിപ്പോർട്ട് ചെയ്തത് കോഴിക്കോടാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാത്രമല്ല, അവിടെയുള്ള മുഴുവൻ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും കഠിനശ്രമഫലമാണ് നിപ്പയെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞതെന്ന് നിസംശയം പറയാം. രാജ്യം മുഴുവൻ ഉറ്റുനോക്കിയ ചെങ്ങന്നൂർ തിര‍ഞ്ഞെടുപ്പു ഫലമോ കോട്ടയത്തു നടന്ന കെവിൻ എന്ന 23കാരന്റെ ദുരഭിമാനക്കൊലയോ ഒന്നുമറിയാതെ നിപ്പയ്ക്കു വേണ്ടി മാത്രം അഹോരാത്രം പണിയെടുത്തവർ കോഴിക്കോട് മെഡിക്കൽ കോളജിലുണ്ട്. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി അവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ പറയുകാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഫിസിഷ്യൻ ഡോ. ഷമീർ. കേരളമറിയേണ്ട, വായിക്കേണ്ട അനുഭവം ഇതാണ്; ഇതിനു പിന്നിലുള്ളവരെയാണ്.

കെവിന്റെ കാര്യം കഷ്ടമായിപ്പോയി എന്ന് കേട്ടപ്പോൾ കെവിൻ PCR പോസിറ്റീവ് ആയിരുന്നോ എന്നായിരുന്നു ആദ്യ ചോദ്യം. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് നടന്നത് അറിഞ്ഞില്ല. ഇന്നലെ ഷാഫി റിസൽട്ട് പറയുമ്പോൾ ഓ ഇലക്ഷൻ കഴിഞ്ഞോ എന്നായിരുന്നു പ്രതികരണം. ഇന്ന് മൊത്തം സിസ്റ്റത്തിൽ വൈറസ് മാത്രമാണ്, ഷിജി മാഡം പറഞ്ഞ പോലെ കണ്ണടച്ചാലും കണ്ണുതുറന്നാലും. മക്കളെ വീട്ടിൽ നിന്ന് മാറ്റിയിട്ട് ഒരാഴ്ച കഴിഞ്ഞു. അവർ അച്ഛനമ്മമാരെ പിരിഞ്ഞിരിക്കുന്നത് ജീവിതത്തിൽ ആദ്യമാണ്, വിളിച്ചു പോലും നോക്കിയിട്ടില്ല. ചുരുങ്ങിയത് 8-9 മണിക്കൂറെങ്കിലും ആശുപത്രിയിലാണ്, ബാക്കി സമയം ഫോണിലും. വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും ആസ്വദിക്കുകയല്ല, മരിച്ചവരുടെ സോഴ്സ്, കോണ്ടാക്ട് തിരച്ചിലാണ്, പുതിയ മരുന്നുകളുടെ ലിറ്ററേച്ചർ പഠിക്കുകയാണ്, ലോകത്തുള്ള സകല മൈക്രോബയോളജിസ്റ്റുകളോടും സംശയം ചോദിക്കുകയാണ്. ഇന്ന് ഉറങ്ങുമ്പോഴെങ്കിലും ഫോൺ സൈലന്റ് ആക്കി വെച്ചൂടെ എന്ന് ഭാര്യ ചോദിക്കുമ്പോൾ ഐസൊലേഷനിൽ എന്തെങ്കിലും കൺഫ്യൂഷൻ വന്നാൽ വിളി വരുമെന്ന് മറുപടി, പറഞ്ഞു തീരും മുമ്പ് ലേബർ റൂമിൽ പനിയുള്ള ആളെ പരിശോധിച്ച് ആസിഫിന്റെ വിളിയും. 

ഇത് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറുടെ കഥയല്ല. ഒരുപാടു പേരുടെ ഇപ്പോഴത്തെ ജീവിതചര്യയാണ്.

ഇതൊക്കെ എഴുതി അറിയിക്കുന്നത് ചീപ്പാണ്. അത് ഞങ്ങളുടെ ജോലി നിർവഹിക്കൽ മാത്രമാണ്. എന്നാലും മെഡിക്കൽ കോളേജിനെ കുറിച്ച് ഒരു കുറ്റം കേട്ടാൽ അതിൽ പിന്നെ മറ്റൊന്നാലോചിക്കാതെ ഫോർവേഡ് ചെയ്യുന്നവരേയും നാട്ടുകാരെ മുഴുവൻ ഉത്ഭോതിപ്പിക്കാൻ ശ്രമിക്കുന്നവരേയും കണ്ടപ്പോൾ അറിയാതെ എഴുതി പോകുന്നതാണ്, ക്ഷമിക്കുക.

നിപ്പ വന്ന ശേഷം തുളസീധരൻ സർ എപ്പൊഴെങ്കിലും വിശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. രാവിലെ മുതൽ ഓടുകയാണ്. സ്ഥലം കണ്ടെത്താൻ, സാധനങ്ങൾ കിട്ടാൻ, പ്രോട്ടോകോൾ ഉണ്ടാക്കാൻ, അങ്ങനെ അങ്ങനെ... മിക്കവാറും എല്ലാ ദിവസവും രോഗികൾ കിടക്കുന്ന ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും പോകുന്നുണ്ട്. ശരിയായ രീതിയിൽ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കാതെ ഐസൊലേഷൻ വാർഡിൽ കയറിയതിന് WHO അംഗങ്ങളിൽ നിന്ന് നേരിട്ട് വഴക്കും വാങ്ങിക്കേണ്ടി വന്നു HODക്ക്!

ഐസൊലേറ്റ് ചെയ്യാനും കോണ്ടാക്ട് ഒഴിവാക്കാനും ഉപദേശിക്കാൻ എളുപ്പമാണ്. അതിന് വേണ്ടി തിരഞ്ഞെടുത്ത ആശുപത്രിയാണ് കോമഡി! മറ്റൊരാളുടെ മേൽ ഉരയാതെ നടക്കാൻ പോലും സാധിക്കാത്ത സ്ഥലസൗകര്യമുള്ള സംവിധാനം. അവിടെ രണ്ടു ദിവസം കൊണ്ട് ഐസൊലേഷൻ കൊണ്ടുവരണമെന്നതാണ് ആവശ്യം. പേ വാർഡിനെ ഇതിനായി ഉപയോഗിക്കാൻ തത്വത്തിൽ അംഗീകരിച്ചപ്പോൾ പനിയെ പേടിച്ച് ഒരു ജോലിക്കാരൻ പോലുമില്ലാത്ത സ്ഥിതി. സ്വന്തം സൗഹൃദങ്ങൾ ഉപയോഗിച്ച് ജോലിക്ക് ആളെ കൊണ്ടുവന്ന് രാവും പകലും നിന്ന നിൽപിൽ ജോലി ചെയ്യിച്ച് ഐസൊലേഷൻ വാർഡാക്കി മാറ്റിയത് ജയേഷ് സർ. കയ്യും മെയ്യും മറന്ന് കൂടെ നിന്നത് കുര്യാകോസ് സർ. 

രണ്ടാഴ്ചയായി കാലിൽ മുള്ളു കൊണ്ട പോലെ ഓടുന്ന നോഡൽ ഓഫീസർ ചാന്ദ്നി മാഡം, സൂപ്രണ്ട് സജിത് സർ, RMO ശ്രീജിത് സർ, പ്രിൻസിപ്പൽ രാജേന്ദ്രൻ സർ... രോഗീ ചികിൽസക്ക് വേണ്ട അടിയന്തിര സാധനങ്ങൾ, സ്ഥലം, സ്റ്റാഫ്, ചികിത്സാ പ്ലാൻ, ബോഡി കൈകാര്യം ചെയ്യൽ, ഉന്നതതല മീറ്റിംഗുകൾ..... ഇതൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ശൂന്യതയിൽ നിന്ന് കെട്ടിപ്പൊക്കുന്നതാണെന്ന് ആലോചിക്കണം. ഇതിന് വേണ്ടി മാറ്റി വെച്ചതായ ഒരു കട്ടിലോ ഒരു ഓക്സിജൻ സിലിണ്ടറോ ഇവിടെ ഉണ്ടായിരുന്നില്ലെന്നോർക്കണം.

ആദ്യത്തെ രണ്ടാഴ്ച പല പല വാർഡുകളിലായി ചിതറി തെറിച്ച് കിടന്ന രോഗികളെ കണ്ട് ചികിത്സ എകോപിപ്പിക്കാൻ വിശ്രമമില്ലാതെ ജോലി ചെയ്ത ജുനൈസ്, ഷീലാ മാഡം.

ജോലികൾ സ്വമേധയാ ഏറ്റെടുത്ത് ഒരു റെസിഡന്റിനേക്കാൾ സമയം രോഗികളുടെ ഇടയിൽ പോയി നിന്ന് സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിചരിക്കുന്ന അനൂപ്. രോഗികളുടെയും കോണ്ടാക്ട്സിന്റെയും മുഴുവൻ മാപ്പുണ്ടാക്കി ഈ എപ്പിഡമിക്കിന്റെ കാണാപ്പുറങ്ങൾ തിരഞ്ഞിറങ്ങിയ, ദിവസം മണിക്കൂറുകളോളം ഇൻഫക്ഷൻ സുരക്ഷാ രീതികളെ കുറിച്ച് സ്റ്റാഫിന് ക്ലാസ് എടുക്കുന്ന ശ്രീജിത്. HOD യുടെ വലം കയ്യായി നിന്ന് തന്റെ ഒടുങ്ങാത്ത എനർജി മുഴുവൻ പനി രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ഷാജിത് സർ. രോഗീപരിചരണം തങ്ങളുടെ ജീവിതമായി കാണുന്ന ഗീതാ മാഡം, ജയചന്ദ്രൻ സർ, കമലാസനൻ സർ. ആത്മാർഥത മൂന്ന് നേരം ഭക്ഷണമാക്കിയ ഗായത്രി, ഫാവിപിറാവിറിനു വേണ്ടി കച്ചകെട്ടിയിറങ്ങിയ ഷിജി മാഡം. പി ജി കുട്ടികളുടെ സന്തോഷത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുന്ന അവരുടെ അക്വിൽക്ക, മെഡിക്കൽ കോളേജിന്റെ ദാരിദ്ര്യം മനസ്സിലാക്കി കാൽഫിം ഫണ്ട് കൊണ്ട് മാസ്കും സുരക്ഷാ സംവിധാനങ്ങളും വാങ്ങി തന്ന റോജിത്, പിന്നെ ബെന്നി, വിനീത്, ഹിതമാഡം, രാജേഷ് തുടങ്ങി പേരും അവർ ചെയ്യുന്ന സേവനങ്ങളും എടുത്തു പറയാത്ത ഇനിയും നിരവധി പേർ....

പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ 24 മണിക്കൂറും രോഗികളുടെ കൂടെ സഹവസിക്കുന്ന ജൂനിയർ റെസിഡന്റുമാർ, ഹൗസ് സർജൻമാർ...

മരണത്തിന്റെ വക്കിൽ നിന്നും ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന് ചരിത്രമായി മാറിയ ചെസ്റ്റ് ഡിപ്പാർട്ട്മെന്റ്...

ഒരു കൈത്താങ്ങുമായി ഞങ്ങളോടൊപ്പം കൂടിയ ENT റെസിഡന്റ്സ്...

ഒരു മാലാഖ സ്വർഗത്തിലേക്ക് തിരിച്ചു പോയതറിഞ്ഞും തളരാതെ ഭൂമിയിൽ പോരാട്ടം തുടരുന്ന മാലാഖമാർ, അവരുടെ അസിസ്റ്റന്റ്മാർ.

തങ്ങളെ കൊല്ലാൻ ശക്തിയുള്ള സൂക്ഷ്മജീവി ഇതിൽ ഉണ്ടെന്നറിഞ്ഞിട്ടും രോഗിയുടെ വിസർജജ്യങ്ങൾ തുടച്ചു വൃത്തിയാക്കുന്ന ചേച്ചിമാർ, വൈറസ് പെറ്റുപെരുകിയ രക്തം കൈകാര്യം ചെയ്യുന്ന ടെക്നീഷ്യൻമാർ..... 

എല്ലാവരും അവരുടെ ജോലി ചെയ്യുന്നു, അത്ര മാത്രം.

ഇവിടെ ദുഷ്ടത മാത്രം കാണുന്ന കണ്ണുകളുണ്ട്. ഇവർ ചെയ്യുന്ന നന്മകൾ അവർ കാണില്ല. ഇവരുടെ ജീവിതം വാട്സ് ആപ്പിലല്ല. യഥാർത്ഥ രോഗിയോടൊപ്പമാണ്.

പക്ഷേ മരണഭയം, അത് എല്ലാവർക്കും ഒരേ പോലെ ആയിരിക്കണം....

Read More : Nipah Virus | Health News