Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയെയും കുഞ്ഞിനെയും രക്ഷിക്കാൻ നടത്തിയ ശ്രമം; ഡോ. രാഹുൽ പറയുന്നു

rahul

ഗർഭകാലം സന്തോഷത്തിനൊപ്പം ആശങ്കളുടെയും കാലമാണ്. അമ്മയും കുഞ്ഞും രണ്ടായി ഭൂമിയിലെത്തുന്നതുവരെ ശ്രദ്ധയും പരിചരണവും നൽകിയേ മതിയാകൂ. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്തവർക്കും ചിലപ്പോൾ വളരെ അപൂർവമായി എന്തെഹ്കിലും അസ്വസ്ഥതകൾ പ്രസവത്തിനിടിലോ ആ സമയം അടുക്കാറാകുമ്പോഴേ ഉണ്ടായെന്നും വരാം. അവയെല്ലാം തരണം ചെയ്ത് സുഖപ്പെടുത്തിയെടുക്കാൻ ഡോക്ടർമാർ ശ്രമിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഇത്തരമൊരനുഭവം പങ്കുവയ്ക്കുകയാണ് തൃശൂർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് ഡോക്ടർ യു. ആർ രാഹുൽ.

ഇപ്പോൾ ലേബർ റൂമിലെ നവജാത ICU വിലാണ് ഡ്യൂട്ടി. ഇന്ന് കൺമുന്നിൽ നടന്ന ഒരു സംഭവം ഓരോ മലയാളിയും അറിയേണ്ടതുണ്ട്.

തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ സുഖപ്രസവത്തിനായി അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു സ്ത്രീ രാവിലെ കുളിമുറിയിൽ തല കറങ്ങി വീഴുന്നു. ഫിറ്റ്സ് വരുന്നു അങ്ങനെ അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലെത്തിക്കുന്നു. കോമ സ്കെയിൽ പ്രകാരം ഏറ്റവും കുറഞ്ഞ score.അതായത് അമ്മയുടെ നില അതീവ ഗുരുതരം. കുഞ്ഞിനും ബുദ്ധിമുട്ടുകളുടെ ലക്ഷണം കണ്ട് തുടങ്ങിയ നിലയിൽ. 

ജില്ലാ ആശുപത്രിയിൽ നിന്നും റഫർ ചെയ്യുമ്പോൾ തന്നെ വിവരം മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ അറിയിക്കുന്നു. മെഡിക്കൽ പ്രൊഫഷണലാകുമ്പോൾ ഉള്ളിൽ ആവാഹിക്കുന്ന സകല വീര്യവും ഊർജ്ജിതമാക്കി ഓരോരുത്തരും കർമ്മോത്സുകരാകുന്നു. CA Akarsh വളരെ ഭംഗിയായി അനസ്തേഷ്യ, ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരെ വിവരം അറിയിച്ച് വേണ്ടുന്ന സകല തയ്യാറെടുപ്പുകളും നടത്തുന്നു. ഓപ്പറേഷൻ തീയറ്ററും ഡോക്ടർമാരും സുസജ്ജം.

എന്നാൽ അമ്മയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ വേണ്ടി CT സ്കാൻ നിർബന്ധം.ഇത് കുഞ്ഞിന് ദോഷകരമായേക്കും.

ഒരമ്മയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കൃത്യമായി അറിയുന്നത് ആർക്ക്? ഒറ്റ ഉത്തരമേയുള്ളൂ - മറ്റൊരമ്മക്ക്. അവർ ഒരു ഡോക്ടർ കൂടിയാകുമ്പോൾ ഉത്തരവാദിത്വബോധം എന്താകണം എന്ന് മാഡം ഓരോ വൈദ്യ വിദ്യാർത്ഥിക്കും കാട്ടിത്തന്നു.

"എനിക്ക് 15 മിനിറ്റ് സമയം തന്നാൽ കുഞ്ഞിനെ ഞാൻ ഓപ്പറേഷൻ ചെയ്ത പുറത്തെടുക്കാം." പറഞ്ഞ സമയത്തിനകം തന്നെ അവരത് ചെയ്ത് കാട്ടുന്നു. കുഞ്ഞിനെ ഞങ്ങൾ പരിശോധിച്ചു. കാര്യമായ കുഴപ്പങ്ങളില്ല. എങ്കിലും നിരീക്ഷണത്തിനായിട്ടും മറ്റുമായി അഡ്മിറ്റ് ചെയ്തു. ലേബർ റൂമിലുണ്ടായിരുന്ന ഓരോ ഡോക്ടർമാരും സിസ്റ്റർമാരും സ്വന്തം കുഞ്ഞിനെ എന്നോണം ആ പൊന്നോമനയെ പരിചരിച്ച കാഴ്ച വിവരിക്കാൻ കഴിയുന്നില്ല.

അമ്മയെ Scan ചെയ്യാനായി ന്യൂറോ സർജൻ തന്നെ നേരിട്ട് കൊണ്ടുപോകുന്നു. MBBS കാലത്ത് തന്നെ ഞാൻ ആരാധനയോടെ കണ്ട മുഖങ്ങളിലൊന്ന് - ഇന്ന് ആ മുഖത്തിന് ശോഭ കൂടിയത് പോലെ.

Extra dural bleed ആണ്. തലച്ചോറിന്റെ പാളികൾക്ക് പുറത്ത് വന്ന സാരമായ രക്തസ്രാവമാണ്. നേരെ ഓപ്പറേഷൻ തീയറ്ററിലേക്ക് . സർജറി കഴിഞ്ഞ് അമ്മയിപ്പോൾ ICU വിലാണ് , അമ്മയുടെ നില മെച്ചപ്പെടുമെന്ന് തന്നെ വിശ്വസിക്കുന്നു. കുഞ്ഞ് ഇപ്പോൾ എന്റെ കൺമുന്നിലുണ്ട് - നിഷ്കളങ്കമായ ആ മുഖത്ത് നോക്കി അഭിമാനപൂർവ്വം ഒന്നു ചിരിച്ചു - എല്ലാം ശരിയാവട്ടെ കുഞ്ഞേ..

#proudtobeamedico

NB : കേട്ടപാതി കേൾക്കാത്ത പാതി മരുന്നുമാഫിയയെന്നും പണം പിഴിയലെന്നും ആരോപിച്ച് ആൾക്കൂട്ടവിചാരണ നടത്തുന്ന ദുഷ്ട മനസ്സുകൾ ഇതൊക്കെ ഒന്ന് കാണണം. മനസ്സിലാക്കണം.

Read More : ആരോഗ്യവാർത്തകൾ