കാലവർഷം ശക്തമായതിനെ തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.
കുടിവെള്ള സ്രോതസ്സുകളും പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്ക രോഗങ്ങൾ, എലിപ്പനി എന്നിവയ്ക്കെതിരെ മുൻകരതലുകൾ സ്വീകരിക്കണം. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്.
∙ തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.
∙ ആഹാരം കഴിക്കുന്നതിനു മുൻപും, ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
∙ സാലഡുകൾ തയാറാക്കുവാൻ ഉപയോഗിക്കുന്ന പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
∙ ആഹാരസാധനങ്ങൾ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
∙ ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
∙ ആരോഗ്യപ്രവര്‍ത്തകരുടെ നിർദ്ദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്.
∙ വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽതന്നെ പാനീയചികിത്സ തുടങ്ങുന്നതു വഴി രോഗം ഗുരുതരമാകാതെ തടയാം.
∙ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
∙ എലിപ്പനി രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ മണ്ണോ മറ്റു വസ്തുക്കളുമായോ ഉള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്.
∙ രോഗ പകർച്ചയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
∙ വിറയലോടു കൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
∙ സ്വയം ചികിത്സ പാടില്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാക്കും. മരണം വരെ സംഭവിക്കാൻ ഇടയാക്കും.
Read More : Health News