സുരക്ഷിത സ്ഥാനത്തേക്കു മാറിയെങ്കിലും ദുരന്തത്തെ കൺമുന്നിൽക്കണ്ട ഞെട്ടലിലാണ് പതിനായിരങ്ങൾ. ഇനിയുള്ള സമയം ഇവരുടെ മനസ്സിനെക്കൂടി വീണ്ടെടുക്കാനുള്ളതാണ്. ബന്ധുക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും സർക്കാരിനും ഇതിൽ പങ്കുവഹിക്കാനുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള മാർഗങ്ങൾ കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജ് സൈക്യാട്രിക് പ്രഫസർ ഡോ. പി.എൻ. സുരേഷ് കുമാർ പങ്കുവയ്ക്കുന്നു.
ദുരന്തം പലർക്കും മരണഭയം തന്നെ സമ്മാനിച്ചേക്കാം. ഇത് അവരെ ആദ്യഘട്ടമായി രണ്ടു തരം മാനസികാവസ്ഥയിലെത്തിക്കാനുള്ള സാധ്യതയുണ്ട്. 1. മനസ്സിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്ന അക്യൂട്ട് സ്ട്രെസ് റിയാക്‌ഷൻ. 2. പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ വിസമ്മതിക്കുന്ന താൽക്കാലികമായ അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ.
അക്യൂട്ട് സ്ട്രെസ് റിയാക്‌ഷൻ
കുറച്ചുദിവസത്തേക്ക് വണ്ടി ബ്രേക്ക് ഡൗണാകുന്നതു പോലെയാണിത്. മരിച്ചുപോകുമെന്ന തോന്നൽ, സ്വാഭാവിക ജീവിതം തടസ്സപ്പെടും. പേടിപ്പെടുത്തുന്ന സംഭവങ്ങൾ ഓർമയിൽ തുടർച്ചയായി തെളിഞ്ഞുവരും.
ഉറക്കക്കുറവ്, ഭക്ഷണത്തോടുള്ള താൽപര്യമില്ലായ്മ, ഉയർന്ന നെഞ്ചിടിപ്പ്, തലകറക്കം. പൊതുവേ ധൈര്യം കുറഞ്ഞവർക്കായിരിക്കും ഈയവസ്ഥ ഉണ്ടാകുന്നത്.
എങ്ങനെ മറികടക്കാം
ദുരന്തബാധിതർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കുക. ഒപ്പം നിന്ന് ആത്മവിശ്വാസം നൽകുക. കൗൺസലിങ് ആവശ്യമെന്നു തോന്നുകയാണെങ്കിൽ സാമൂഹിക പ്രവർത്തകരുമായി സംസാരിപ്പിക്കാം. വീണ്ടും വേണമെങ്കിൽ മനശാസ്ത്രജ്ഞന്റെ സഹായം തേടാം.
രണ്ട്– മൂന്ന് ആഴ്ചകൾക്കുശേഷവും മാനസികാരോഗ്യം വീണ്ടെടുക്കാനായില്ലെങ്കിൽ മനോരോഗ വിദഗ്ധന്റെ സേവനവും മരുന്നും വേണ്ടിവരും.
അഡ്‌ജസ്റ്റ്മെന്റ് ഡിസോർഡർ
കുറച്ചുനാളത്തേക്കു പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനാകാതെ വരും. ഉറക്കക്കുറവും ഭക്ഷണത്തോടുള്ള താൽപര്യക്കുറവുമുണ്ടാകാം. സാധാരണയായി മരുന്ന് വേണ്ടിവരില്ല.
എങ്ങനെ മറികടക്കാം?
സമാനമായ പ്രശ്നങ്ങളുള്ളവരെ ഒരുമിച്ചുകൂട്ടുക (ദുരിതാശ്വാസ ക്യാംപ് തന്നെ നല്ലൊരു വേദിയാണ്). അനുഭവങ്ങൾ പങ്കുവയ്ക്കാൻ അനുവദിക്കുക. എല്ലാവരും ഇങ്ങനെയാണല്ലോ എന്ന തോന്നൽ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ സഹായിക്കും.
കൂടുതൽ പ്രശ്നങ്ങൾ
മുകളിൽ പറഞ്ഞ രണ്ടു പ്രശ്നങ്ങളും മൂന്നാഴ്ചയ്ക്കുള്ളിൽ മാറിയില്ലെങ്കിൽ കൂടുതൽ അപകടകരമായ അവസ്ഥകളിലേക്കു വഴിമാറാം. ഇവരിൽ മൂന്നിലൊന്നു വിഭാഗമെങ്കിലും വിഷാദരോഗത്തിലേക്കു പോകാനുള്ള സാധ്യതയുണ്ട്.
പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്
ഡിസോർഡർ ഗുരുതരമായ ഒരു അവസ്ഥ. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞാലും അതേ തീവ്രതയിൽ ദുരന്തത്തിന്റെ ആഘാതം അനുഭവിക്കും. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും സംഭവം കൺമുന്നിൽക്കണ്ട് ഞെട്ടി വിറയ്ക്കും, ഭയപ്പെടും. ഒറ്റയ്ക്കിരിക്കാൻ ഭയം.
എങ്ങനെ മറികടക്കാം
ഈ രണ്ട് അവസ്ഥകളിലും പരിശീലനം നേടിയ മനശാസ്ത്രജ്ഞന്റെയും മനോരോഗ വിദഗ്ധന്റെയും സേവനം വേണ്ടിവരും. ആവശ്യമെങ്കിൽ മരുന്നും കഴിക്കേണ്ടി വരും. മെഡിറ്റേഷൻ, യോഗ തുടങ്ങിയവ അഭ്യസിപ്പിക്കാം.