തുരത്താം, പകർച്ചവ്യാധി ഭീതിയെ

പ്രളയജലമിറങ്ങി. ഇനി ആശങ്ക പകർച്ചവ്യാധികളെക്കുറിച്ചാണ്. അവയെ എങ്ങനെ ചെറുക്കാം? ദുരന്തമേഖലകളിൽ പ്രവർത്തിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ അടിയന്തര വൈദ്യസഹായ, പൊതുജനാരോഗ്യ വിദഗ്ധരുടെ വിലയിരുത്തലും നിർദേശങ്ങളും ഇങ്ങനെ:

∙ മൂന്നുതരത്തിൽ രോഗങ്ങൾ പകരാം: വെള്ളത്തിൽനിന്ന്, കൊതുകിൽനിന്നും മറ്റും, മൃഗങ്ങളിൽനിന്ന്.

∙ മലിനമായ വെള്ളത്തിൽനിന്ന് – അഞ്ചു മുതൽ 15 ദിവസത്തിനുള്ളിൽ വരാവുന്നത്: അതിസാരം, കോളറ തുടങ്ങിയവ. 15 – 45 ദിവസത്തിനുള്ളിൽ വരാവുന്നത്: വൈറൽ‍ ഹെപ്പറ്റൈറ്റിസ് (ഹെപ്പറ്റൈറ്റിസ് എ) ഉൾപ്പെടെയുള്ള രോഗങ്ങൾ.

∙ കെട്ടിനിൽക്കുന്ന വെള്ളത്തിൽ വളരുന്ന കൊതുകിൽനിന്നും മറ്റും: ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ.

∙ എലി, പശു തുടങ്ങിയവയിൽനിന്നു പകരുന്ന രോഗങ്ങൾ. എലിപ്പനിയുൾപ്പെടെയുള്ളവ തീരദേശ ജില്ലകളിലുള്ളവരെ കൂടുതലായി ബാധിച്ചേക്കാം.

∙ പ്രളയബാധിത മേഖലയിലെ 10% പേർക്കെങ്കിലും വൈറൽപനി പോലുള്ള സാധാരണ രോഗങ്ങളുണ്ടാവാൻ സാധ്യത.

പ്രതിരോധിക്കാം

∙ പൊതുജനാരോഗ്യ പ്രവർത്തകരുടെ ഊർജിത ഇടപെടലും ജനത്തിന്റെ ജാഗ്രതയും മുഖ്യഘടകങ്ങൾ.

∙ രോഗസാധ്യത സംബന്ധിച്ച നിരീക്ഷണ സംവിധാനം ശക്തമാക്കണം.

∙ ലക്ഷണം അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിന് ഊന്നൽ.

∙ നിരീക്ഷണ ഫലങ്ങൾ ദിവസംതോറും മേൽത്തട്ടുകളിലേക്കു ലഭ്യമാക്കുക. ഫലപ്രദമായ നടപടികൾ സാധ്യമാക്കുന്ന മുന്നറിയിപ്പുകൾ ഉറപ്പാക്കുക.

പ്രളയബാധിത മേഖലയിലുള്ളവർ ചെയ്യേണ്ടത്

∙ ക്ലോറിൻ ഗുളിക ഉപയോഗിച്ചു രോഗാണുമുക്തമാക്കിയ വെള്ളം ഉപയോഗിക്കുക. ശുദ്ധീകരിക്കേണ്ട രീതി: 20 ലീറ്റർ വെള്ളത്തിന് ഒരു ക്ലോറിൻ ഗുളിക മതിയാവും. തുണിയിലൂടെ അരിച്ച വെള്ളം ക്ലോറിൻ ഗുളികയിട്ട് അരമണിക്കൂർ വയ്ക്കുക. തുടർന്ന്, ഈ വെള്ളം തിളപ്പിക്കാതെതന്നെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റും ഉപയോഗിക്കാം.

കിണറ്റിലെ വെള്ളം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു രോഗാണുമുക്തമാക്കുക. നാലായിരം ലീറ്റർ വെള്ളത്തിന്, ഒരു തീപ്പെട്ടിയിൽ കൊള്ളുന്ന അളവിലാണു ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കേണ്ടത്. ഇതു ദിവസവും ചെയ്യണം; മൂന്നു മാസംവരെ. (ബ്ലീച്ചിങ് പൗഡറും ക്ലോറിൻ ഗുളികകളും ഈർപ്പമില്ലാത്തതും ഇരുട്ടുള്ളതുമായ സ്ഥലത്തു സൂക്ഷിക്കുക)

∙ കൊതുകിന്റെ ലാർവ വെള്ളത്തിൽ വളരുന്നുണ്ടോയെന്നു മനസ്സിലാക്കാൻ കുട്ടികളെയുൾപ്പെടെ പരിശീലിപ്പിക്കുക. പൊതുജനാരോഗ്യ പ്രവർത്തകരുടെ ഫോൺ നമ്പർ പരസ്യപ്പെടുത്തുക. കൊതുകുവളർച്ച ശ്രദ്ധയിൽപെട്ടാൽ ഉടൻ അവരെ അറിയിക്കുക.

∙ കാലിലും മറ്റും മുറിവുള്ളവർ കഴിവതും മലിനജലത്തിൽ തൊടാതെ സൂക്ഷിക്കുക. വെള്ളത്തിൽ തൊട്ടാൽ മുറിവുള്ള ഭാഗം സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുക. പകർച്ചവ്യാധികൾക്കുള്ള സാധ്യത മുന്നിൽക്കണ്ട് പൊതുജനാരോഗ്യ പ്രവർത്തകരുടെ ഊർജിത പ്രവർത്തനം വേണം. ക്ലോറിൻ ഗുളികകളുടെ വിതരണത്തിനും കിണറുകൾ രോഗാണുമുക്തമാക്കാനും മറ്റും സന്നദ്ധപ്രവർത്തകരുടെയും ആശ, അങ്കണവാടി ജീവനക്കാരുടെയും മറ്റും സേവനം പ്രയോജനപ്പെടുത്തുക.

കേന്ദ്രസർക്കാർ‍ ചെയ്തത്

ആവശ്യമായ മരുന്നുകളുടെ പട്ടിക കേരളം ലഭ്യമാക്കിയിരുന്നു. 65 ടൺ മരുന്ന് കേരളത്തിൽ എത്തിച്ചിട്ടുണ്ട്. മൊത്തം നാലു കോടി ക്ലോറിൻ ഗുളികകൾ ലഭ്യമാക്കുന്നു – ഒരു കോടി ഗുളിക എത്തിച്ചു, ഒരു കോടി ഇന്നെത്തും; ബാക്കി രണ്ടു കോടി പിന്നാലെ. 20 ടൺ ബ്ലീച്ചിങ് പൗഡർ ഇന്ന് എത്തിക്കും. വിദഗ്ധ വൈദ്യസംഘം കേരളത്തിലെത്താൻ തയാർ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ബെംഗളൂരു നിംഹാൻസിൽനിന്നുള്ള സംഘവും തയാർ. സംസ്ഥാനത്തുനിന്ന് ആവശ്യപ്പെടുന്ന മുറയ്ക്കു സംഘങ്ങൾ എത്തും.