ജീവിതശൈലി ക്രമീകരണത്തിലൂടെ രക്തസമ്മർദം കുറയ്ക്കാം

രക്തസമ്മർദം ഒരു നിശബ്ദ കൊലയാളിയാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആജീവനാന്തം മരുന്നുകൾ കഴിക്കണം. എന്നാൽ ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ മരുന്നുകൾ കുറയ്ക്കാൻ കഴിയുമെന്ന് ഒരുകൂട്ടം ഗവേഷകർ പറയുയുന്നു.

ഉയർന്ന രക്തസമ്മർദമുള്ളവർ ജീവിതശൈലി ക്രമീകരിച്ചാൽ 16 ആഴ്ചയ്ക്കുള്ളിൽ മരുന്നുകൾ കുറയ്ക്കാൻ കഴിയുമെന്നു അമേരിക്കൻ ഹാർട്ട് അസോസിയേഷൻസ് ജോയിന്റ് ഹൈപ്പർടെൻഷൻ 2018 സയന്റിഫിക് സെക്‌ഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 99mmHg നിരക്കിൽ രക്തസമ്മർദമുള്ളവർക്കാണ് ഇത് ഫലപ്രദമാകുകയെന്ന് ഗവേഷകരിലൊരാളായ അലൻ ഹിൻ ഡർലെയ്റ്റർ പറയുന്നു.

40നും 80നും ഇടയിൽ പ്രായമുള്ള, പൊണ്ണത്തടിയുള്ള 129 സ്ത്രീകളെയും പുരുഷൻമാരെയും മൂന്നു ഗ്രൂപ്പായി തിരിച്ചായിരുന്നു പഠനം. ഇവരുടെയെല്ലാം രക്തസമ്മർദം 130–160/80-99mmHg ആയിരുന്നു. നിരീക്ഷണ കാലയളവിൽ ഇവർ രക്തസമ്മർദത്തിനുള്ള മരുന്ന് ഉപയോഗിച്ചിരുന്നില്ല. 

ഒരു ഗ്രൂപ്പിൽ പെട്ടവർക്ക് ഭക്ഷണനിയന്ത്രണം ഏർപ്പെടുത്തുകയും വ്യായാമം പരിശീലിപ്പിക്കുകയും ചെയ്തു. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പില്ലാത്ത പാലുൽപന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി ഡാഷ് ഡയറ്റായിരുന്നു ഇവർക്കു നൽകിയത്. ഇതിനൊപ്പം റെഡ്മീറ്റ്, മധുരം, ഉപ്പ് ഇവയുടെ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

രണ്ടാമത്തെ ഗ്രൂപ്പിൽ പെട്ടവർക്ക് ഭക്ഷണക്രമീകരണം മാത്രം നൽകി. മൂന്നാമത്തെ ഗ്രൂപ്പിനു വ്യായാമവും ഭക്ഷണനിയന്ത്രണവും ഇല്ലായിരുന്നു. 

ഡാഷ് ഡയറ്റും വ്യായാമവും നൽകിയ ആദ്യഗ്രൂപ്പുകാരിൽ ഫലപ്രദമായ മാറ്റം കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെടുന്നു. ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ മരുന്നിന്റെ അളവ് കുറച്ചു കൊണ്ടുവരാമെന്ന് ഈ പഠനം പറയുന്നു.

Read More : Health News